കഴിഞ്ഞ ദിവസം അന്തരിച്ച മടിക്കൈ കമ്മാരന് ഭാരതചരിത്രത്തിലെ പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. ഇന്നത്തെ കാസര്‍കോടു ജില്ലയുടെയും പഴയ കണ്ണൂര്‍ ജില്ലയുടെയും വടക്കന്‍ താലൂക്കുകളുടെയും രാഷ്ട്രീയ ചരിത്രത്തില്‍ ഒരു സുപ്രധാന പങ്കുവഹിച്ചയാളായിരുന്നു കമ്മാരേട്ടന് എന്ന് കേരളത്തിലെയും തെക്കന്‍ കര്‍ണാടകത്തിലെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സ്നേഹാദര പാത്രമായിരുന്ന മടിക്കൈകമ്മാരന്‍. സദാ ഊര്‍ജ്വസ്വലനും, കര്ത്തവ്യനിരതനുമായി മാത്രമേ അദ്ദേഹത്തെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. താന്‍ സ്വയം കാണിക്കുന്ന കാര്‍ക്കശ്യം മറ്റു പ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിച്ചതുമൂലം പലര്‍ക്കും അലോസരമുണ്ടാക്കിയിരിക്കാം. എന്നാല്‍ പ്രസ്ഥാനത്തിനുവേണ്ടി അതില്‍ അയവു ചെയ്യാന്‍ കമ്മാരേട്ടന് തയ്യാറായില്ല.
ഉത്തരകേരളത്തിലെ സാധാരണ യുവാക്കളെപ്പോലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹവും പൊതുരംഗത്ത് പ്രവേശിച്ചത്. ആദ്യം കമ്യൂണിസമാണെങ്കില്‍ പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലായിരുന്നു. ഡോ. രാം മനോഹര്‍ ലോഹ്യയും ദീനദയാല്‍ ഉപാധ്യായയുമായി വളര്‍ന്നുവന്ന അടുപ്പവും സഹകരണവും കേരളത്തിലും ചലനമുണ്ടാക്കാതിരുന്നില്ല. ഭാരതവും പാക്കിസ്ഥാനും ചേര്‍ന്ന് ഒരു കോണ്‍ഫെഡറേഷനായി പ്രവര്‍ത്തിക്കണമെന്ന് അവര്‍ നടത്തിയ സംയുക്ത പ്രസ്താവന വിവിധതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭാരത സമൂഹം നേരിടുന്ന മൗലിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഇരുവരുടെയും പഠനവും ചിന്തനവും സമാനരീതിയിലുള്ളവയുമായിരുന്നു.
ഇവയെല്ലാം മടിക്കൈ കമ്മാരന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ സ്വാധീനിക്കപ്പെട്ടിരുന്നോ എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. ദേശീയരംഗത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജനസംഘവും സഹകരിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അതവസരമൊരുക്കിയെന്നതു സത്യമാണ്. ആചാര്യ കൃപലാനിയും ലോഹിയായും ദീനദയാല്ജിയുമായിരുന്ന സ്ഥാനാര്‍ത്ഥികള്‍ ദീനദയാല്‍ജിക്കു വിജയിക്കാനായില്ലെങ്കിലും മറ്റു രണ്ടുപേരും ലോക്സഭയിലെത്തി. കൃപലാനിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനുള്ള യാത്രയില്‍ പിണഞ്ഞ കാര്‍ അപകടത്തിലായിരുന്നു അന്നത്തെ ജനസംഘാധ്യക്ഷന്‍ ഡോ. രഘുവീര മരണപ്പെട്ടത്.
1967 ലെ തെരഞ്ഞെടുപ്പ് ദീനദയാല്‍ജിയുടെ വാക്കുകളില്‍ പരിവര്‍ത്തനത്തിന്റെ തുടക്കമായിരുന്നു. കോണ്‍ഗ്രസ് എട്ടു സംസ്ഥാനങ്ങളില്‍ ഭരണകക്ഷിയല്ലാതായി. നാലിടങ്ങളില്‍ സംയുക്ത വിധായക ദളിന്റെ ഭാഗമായും ദല്‍ഹിയില്‍ ഒറ്റയ്ക്കും ജനസംഘം ഭരണത്തില്‍ വന്നു. ദക്ഷിണഭാരതത്തില്‍ ജനസംഘത്തിന്റെ ശ്രമത്തിന്റെ തുടക്കമായി കോഴിക്കോട് 1967 അവസാനം അഖിലഭാരതീയ സമ്മേളനം നടത്തപ്പെട്ടു. അക്കാലത്തു കേരളത്തില്‍ ജനസംഘത്തോട് അതുവരെ അകലം പുലര്‍ത്തി വന്ന ഇടത് കക്ഷികളിലെ പ്രവര്‍ത്തകര്‍ക്ക് ആഭിമുഖ്യം വര്‍ധിച്ചുവന്നു.
അന്നത്തെ കണ്ണൂര്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികളില്‍നിന്നും വന്‍തോതില്‍ ജനസംഘത്തിലേക്കും സംഘത്തിലേക്കും യുവജനങ്ങളുടെ പ്രവാഹം തന്നെ ഉണ്ടായി. പിഎസ്പി നേതാവായിരുന്ന പി.ആര്. കുറുപ്പിന്റെയും പി.എം. കുഞ്ഞിരാമന് നമ്പ്യാരുടെയും ഉറ്റ സഹപ്രവര്‍ത്തകനും തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന കുഞ്ഞികൃഷ്ണ പൊതുവാള് ജനസംഘത്തില്‍ വന്നത് വമ്പിച്ച രാഷ്ട്രീയ സംഭവം തന്നെയായിരുന്നു. പൊതുവാളോടൊപ്പം തലശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ഹോസ്ദുര്‍ഗ് തുടങ്ങിയ ഭാഗങ്ങളില്‍ ധാരാളം പേര് ജനസംഘത്തിലേക്ക് വരാന്‍ തുടങ്ങി. 1960 കളുടെ തുടക്കത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായിരിക്കെ പയ്യന്നൂരിലും തൃക്കരിപ്പൂരിലും മറ്റും പോയപ്പോള്‍ സംഘത്തിനെതിര് നിന്ന എത്രയോ പേര് പിന്നീട് 1967 ആയപ്പോഴേക്കും ജനസംഘപ്രവര്ത്തകരായി മാറി.
തൃക്കരിപ്പൂരിലെ കമ്മാരപ്പൊതുവാളും കാഞ്ഞങ്ങാട്ടെ കമ്മാരനും എ. വി. രാമകൃഷ്ണനും അവരില്‍ എടുത്തു പരാമര്ശിക്കപ്പെടേണ്ടവരാകുന്നു. കമ്മാരപ്പൊതുവാള്‍ തന്റെ സഹപ്രവര്‍ത്തകരുടെ ആക്രമണത്തിനിരയാകുകയും ചെയ്തു. അദ്ദേഹം പരമേശ്വര്‍ജിക്കും രാജേട്ടനും ആതിഥേയനാകുകയുണ്ടായി. തലശ്ശേരിയില്‍ അടല്ജിയടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് അഡ്വ. പൊതുവാള് ആതിഥ്യം നല്കി.
മടിക്കൈ കമ്മാരനെ ആദ്യം പരിചയപ്പെട്ടത് ഓര്‍മയില്‍ വരുന്നു. ഏച്ചിക്കാനം എന്ന സ്ഥലത്തെ കല്യാണം എന്ന വീട്ടില്‍ മുതിര്‍ന്ന പ്രചാരകന്മാരുടെ രണ്ടുദിവസത്തെ ബൈഠക്കിനുപോയപ്പോള് പരമേശ്വര്‍ജിയെയും എന്നെയും മാവുങ്കാല്‍ കാത്തുനിന്നതും സ്ഥലത്തെത്തിച്ചതും കമ്മാരനായിരുന്നു. കൈലിമുണ്ടും കൈയുള്ള ബനിയനുമായിരുന്നു വേഷം. കല്യാണത്തിലേക്ക് തിരിയുന്ന സ്ഥലത്ത് ഒരു ചെറിയ കടയില്‍ കയറി ഒരുമിച്ച് ഇരുന്നു. ചെറൂളി കലക്കിയ (ചെറുനാരങ്ങാ) വെള്ളം നല്കി സല്ക്കരിച്ചു. പറമ്പിലും വയലിലും അധ്വാനിച്ചു ദൃഢമായ ശരീരവും സ്വച്ഛവും വൃത്തിയിലുമുള്ള വസ്ത്രധാരണവുമാണ് മനസ്സില്‍ തങ്ങി നിന്നത്. ബൈഠക് കഴിയുന്നതുവരെ എന്നും പ്രബന്ധകനായി അദ്ദേഹത്തെ ആ വീട്ടില്‍ കണ്ടിരുന്നു.
1970 സപ്തംബറില്‍ കേരള നിയമസഭയിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍ കെ.ജി. മാരാര്‍ ജനസംഘ സ്ഥാനാര്‍ത്ഥി ആയിരുന്നു. അഖിലേന്ത്യാ സമ്മേളനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ അത്യാവേശപൂര്‍വം നേരിട്ട ആദ്യത്തെ തെരഞ്ഞടുപ്പായിരുന്നതിനാല് വമ്പിച്ച പ്രതീക്ഷയുമുണ്ടായിരുന്നു. കമ്മാരന്, അപ്പായി കുഞ്ഞിരാമന്, എ.വി. രാമകൃഷ്ണന് മുതലായവര്‍ പഴയ പരമ്പരാഗത സംഘപരിവാര്‍ പ്രവര്‍ത്തകരുമായി ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ പ്രചണ്ഡമായ പ്രവര്‍ത്തനം തന്നെ നടത്തിയിരുന്നു.
പുതിയ കോട്ട, കാഞ്ഞങ്ങാട്, കോട്ടച്ചേരി, മാവുങ്കാല്‍ മുതലായ നഗര സമാനമായ പ്രദേശങ്ങളിലൊതുങ്ങിയിരുന്നു ആ ആവേശങ്ങള്‍ എന്ന കാര്യം ഒരു പ്രവര്‍ത്തക യോഗത്തില്‍ കമ്മാരന് ചൂണ്ടിക്കാട്ടി. മാര്‍ക്സിസ്റ്റ് നേതൃത്വമുന്നണിയെ തോല്‍പ്പിക്കുക എന്നതായിരുന്നു അന്ന് ജനങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്ന പ്രധാന വിഷയം എന്നതുമൂലം മാരാര്‍ജിക്ക് പതിനായിരത്തില്‍ താഴെ വോട്ടുകള്‍കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. പക്ഷേ കമ്മാരനോടൊപ്പമുള്ളവര്ക്ക് ഒട്ടും നിരാശ ഉണ്ടായില്ലെന്നു മാത്രമല്ല കൂടുതല്‍ ചുമതലയേറ്റെടുത്തു മുന്നേറാന്‍ പ്രചോദനമുണ്ടാകുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്തെ ഒരനുഭവം കൂടിയുണ്ട് മാവുങ്കാലില്‍നിന്ന് ഏകദേശം നാലു കി.മീ. ഉള്ളിലേക്ക് മാറി ഒരു വീട്ടില്‍ ഏതാനും പ്രവര്‍ത്തകരുടെ ഒരു യോഗം ഏര്‍പ്പാടു ചെയ്യപ്പെട്ടിരുന്നു. കമ്മാരന് മുന്‍ നിശ്ചയപ്രകാരം ആശ്രമത്തിനടുത്തു കാത്തുനിന്നു. ഒരുമിച്ച് നടന്ന് സ്ഥലത്തെത്തി. വരാനിരിക്കുന്ന സത്യഗ്രഹത്തെ സംബന്ധിച്ച കാര്യങ്ങളാണ് അറിയിക്കേണ്ടിയിരുന്നത്. അക്കാര്യത്തിന് സംഘവും ജനസംഘവും ഒരൊറ്റ വ്യവസ്ഥയിലായിരുന്നതിനാല്‍, ജില്ലാ പ്രചാരകനായിരുന്ന സനല്‍കുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ കൈവശം വച്ചിരുന്നു. ബൈഠക് ഭംഗിയായി കഴിഞ്ഞ് മറ്റൊരു വീട്ടില്‍ താമസിച്ചശേഷം രാവിലെ മൂന്നാമതൊരാളോടൊപ്പം നടന്ന് മടങ്ങിയെത്തി.
ജനതാപാര്‍ട്ടിയുടെ രൂപീകരണവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും ബിജെപിയുടെ പിറവിയുമൊക്കെ അത്യന്തം ഗൗരവത്തോടെ തന്നെ ഉള്‍ക്കൊണ്ട് മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. തികച്ചും സാധാരണക്കാരില്‍ ഒരുവനായി ജനിച്ച്, കഷ്ടപ്പെട്ടു വളര്‍ന്ന്, ബഹുശതം ആളുകള്‍ക്ക് നേതാവായിത്തീര്‍ന്ന വ്യക്തിത്വമായിരുന്നു കമ്മാരന്റേത്. തന്നിലര്‍പ്പിതമായ കാര്യം ഏറ്റവും ശുഷ്കാന്തിയോടെയും ചിട്ടയായും വിജയിപ്പിക്കുമെന്നതുറപ്പായിരുന്നു. കാസര്‍കോട് ജില്ലാ രൂപീകരണം യഥാര്‍ത്ഥമായതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.
സംസ്ഥാന പുനഃസംഘടനയ്ക്ക് മുന്‍പുവരെ തെക്കന്‍ കര്‍ണാടക ജില്ലയിലായിരുന്ന ആ പ്രദേശം നൂറ്റാണ്ടുകളായി മലബാറില്‍ നിന്നു വ്യത്യസ്തമായ അന്തരീക്ഷമുള്ക്കൊള്ളുന്നതാണ് എന്നതുകൊണ്ടുതന്നെ ജില്ലയ്ക്കര്ഹതയുണ്ടെന്ന് സ്ഥാപിക്കാന്‍ മാരാര്‍ജിക്ക് വിജയപൂര്‍വം കഴിഞ്ഞു. അതിന്റെ പോരാട്ടത്തില്‍ കമ്മാരന്റെ നേതൃത്വം അവിസ്മരണീയമായിരുന്നു. 1967ല്‍ ഇടതുചേരിയില്നിന്നും ഹിന്ദുത്വഭാഗത്തേക്ക് വന്ന ഊര്‍ജസ്വലതയുടെ കാലഘട്ടത്തെയാണ് കമ്മാരന് പ്രതിനിധാനം ചെയ്തത്.അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: