കാക്കനാട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കണക്കുകള്‍ സമര്‍പ്പിക്കാത്ത 2083 സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്. കഴിഞ്ഞ കോര്പ്പറേഷന്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍, ബോക്ക്, പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുകയും തെരഞ്ഞെടുപ്പ് വരവ് ചെലവുകള്‍ ബോധിപ്പിക്കാത്തവര്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
നിശ്ചിത സമയത്തിനകം കണക്ക് ബോധിപ്പിക്കാത്തവരെ ആറ് വര്‍ഷത്തേക്ക് കമ്മീഷന് അയോഗ്യരാക്കും. ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിച്ച 7,361 സ്ഥാനാര്‍ഥികളില്‍ 5,278 പേര് മാത്രമാണ് നിശ്ചിത സമയ പരിധിക്കകം കണക്കുകള്‍ സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകള്‍ ബോധിപ്പിക്കാത്തവര്‍ക്ക് വരുന്ന രണ്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല. അസാധാരണ ഗസറ്റില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ അയോഗ്യത നിലവില്‍ വരും. നോട്ടീസ് അയച്ച സ്ഥാനാര്‍ഥികളോട് നിശ്ചിത സമയത്തിനകം കണക്കുകള്‍ ബോധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുകയാണ്.
കമ്മീഷന് നിശ്ചയിച്ചിരിക്കുന്ന സമയത്തിനകം തെരഞ്ഞെടുപ്പ് ചെലവുകള്‍ ബോധിച്ചില്ലെങ്കില്‍ ഇവരെ അയോഗ്യരാക്കി ഗസ്റ്റില്‍ വിഞ്ജാപനം ചെയ്യും. അതെസമയം പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളാരും കമ്മീഷന് നോട്ടീസയച്ചവരുടെ പട്ടികയില്‍ ഇല്ലെന്നാണ് സൂചന. കമ്മീഷന് നോട്ടീസയച്ചിട്ടും യാതൊരു വിധ പ്രതികരണവും ഇല്ലാത്ത 980 പേരെ അയോഗ്യരാക്കിയേക്കുമെന്നാണ് സൂചന. കണക്കുകള്‍ സൂക്ഷമ പരിശോധന നടത്തി പ്രചാരണ ചെലവുകളുടെ കണക്കുകള്‍ സമര്ക്കാത്തവരുടെ പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലായി 620 സ്ഥാനാര്‍ഥികള്‍ കണക്കുകള്‍ സമര്‍പ്പിച്ചിരുന്നില്ല. കൊച്ചി കോര്‍പ്പറേഷനിലേക്ക് മത്സരിച്ച 63 സ്ഥാനര്‍ഥികളും ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച 19 സ്ഥാനാര്‍ഥികളും മുനിസിപ്പാലിറ്റികളിലേക്ക് മത്സരിച്ച 192 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച 86 സ്ഥാനാര്‍ഥികളും അയോഗ്യരായേക്കുമെന്നാണ് സൂചന.
കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പേര് നേരിട്ടെത്തി വിശദീകരണം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാല്‍ 30 ദിവസത്തനികം പ്രചാരണ ചെലവിന്റെ കണക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം. 13 മുനിസിപ്പലാറ്റികളിലേക്ക് മത്സരിച്ച 1,455 സ്ഥാനാര്‍ഥികളില്‍ 1,115 പേരും കൊച്ചി കോര്‍പ്പറേഷനിലേക്ക് 403 സ്ഥാനാര്‍ഥികളില്‍ 340 പേരും കണക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: