മഞ്ചേരി: കാരക്കുന്ന് പുലത്ത് അബ്ദുല്‍ നാസര്‍ വധക്കേസിലെ പ്രതിയെ മടവാള് കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.വി.നാരായണന് കണ്ടെത്തി.
കാരക്കുന്ന് പുലത്ത് പാറേങ്ങല്‍ ഖാലിദ്(38) ആണ് പ്രതി. ശിക്ഷ ഇന്ന് വിധിക്കും. കേസിലെ മറ്റു പ്രതികളും ഒന്നാം പ്രതിയുടെ സഹോദരന്മാരുമായ ഉമ്മര്‍ (58), സിറാജുദ്ദീന് (27), സുനീര്‍ബാബു (32) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണന് ഹാജരായി.2012 ഡിസംബര്‍ 16ന് രാവിലെ 10 മണിക്ക് കാരക്കുന്ന പഴയിടം ആലിന്‍ചുവടിലാണ് സംഭവം. തിരുവാലി തായങ്കോട് പുലത്ത് പുലിക്കോട്ടില്‍ മുഹമ്മദ് മകന് ഫയാസ്(36)നാണ് വെട്ടേറ്റത്. തിരുവാലി താഴംകോട് ഗ്രൗണ്ടില്‍ നടന്ന സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പുലത്ത് അബ്ദുല്‍ നാസര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണ് ഫസാസ്.
കൊലപാതക കേസിന്റെ വിചാരണക്കായി മഞ്ചേരി ഒന്നാം അതിവേഗ കോടതിയിലേക്ക് പോകുന്ന സമയം വണ്ടൂര്‍ ഭാഗത്തു നിന്ന് ജീപ്പിലും ബൈക്കിലുമായി എത്തിയ അക്രമി സംഘം കാരക്കുന്ന് പഴയിടം എന്ന സ്ഥലത്തു വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി വടി വാള് കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. അക്രമത്തില്‍ ഫയാസിന്റെ ഇടതു കൈ മുട്ടിനു താഴെയും വലതുകൈ വിരലുകളും വെട്ടിമാറ്റിയിരുന്നു.
അബ്ദുല്‍ നാസറിന്റെ കൊലപാതകത്തില്‍ പ്രതികാരമായാണ് അക്രമം. അബ്ദുല്‍ നാസറിന്റെ സഹോദരനാണ് പ്രതി ഖാലിദ്.
അബ്ദുല്‍ നാസര്‍ വധക്കേസില്‍ പ്രതി ഫയാസിനെയും മറ്റു ഏഴ് പ്രതികളെയും ഇക്കഴിഞ്ഞ ജനുവരി 25ന് മഞ്ചേരി എസ്സി/എസ് ടി സ്പെഷ്യല്‍ കോടതി ഇരട്ട ജീവപര്യന്തം തടവിനും ഇരുപതിനായിരം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: