കൊച്ചി: ഇന്ത്യയിലെ കാര്‍ഷിക ഗവേഷണ രംഗത്ത് വിവര-വിനിമയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം നടത്തിയ ശില്പശാല ആവശ്യപ്പെട്ടു. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) കണ്‍സോര്‍ഷ്യം ഓഫ് ഇ-റിസോഴ്സസ് ഇന്‍ അഗ്രികള്‍ച്ചര്‍ (സെറ) എന്ന ഓണ്‍ലൈന്‍ ലൈബ്രറി സംവിധാനത്തെ കുറിച്ച് ബോധവത്കരണം നല്‍കാനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്(സിഎംഎഫ്ആര്‍ഐ) ശില്പശാല സംഘടിപ്പിച്ചത്.
ഐസിഎആറിന് കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളും കാര്‍ഷിക സര്‍വകലാശാലകളും പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന സംവിധാനമാണ് സെറ. ഇത്തരം ഓണ്‍ലൈന്‍ ഗവേഷണ ലൈബ്രറികള്‍ ഉപയോഗപ്പെടുത്താന്‍ പുതുതലമുറയിലെ ഗവേഷകര്‍ തയ്യാറാകണം. വിവരങ്ങളുടെ കൈമാറ്റം വേഗത്തിലാകുന്നതോടെ ഗവേഷണ രംഗം കൂടുതല്‍ ഫലപ്രദമാകും. കാര്‍ഷിക പഠനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഏറ്റവും പുതിയ വിവര സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു.
ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്നാട്, എന്നിവിടങ്ങളിലെ ഐസിഎആര്‍ ഗവേഷണ സ്ഥാപനങ്ങളിലെയും കാര്‍ഷിക സര്‍വകലാശാലകളിലെയും ലൈബ്രേറിയന്മാര് ശില്പശാലയില് പങ്കെടുത്തു.
ഐസിഎആറിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് നോളജ് മാനേജ്മെന്റ് ഇന്‍ അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ ഡോ.എസ്.കെ. സിംഗ് ശില്പശാല ഉദ്ഘാടനം ചെയ്തു. എസ്.കെ ജോഷി, സിഎംഎഫ്ആര്‍ഐ ക്രസ്റ്റേഷ്യന്‍ ഡിവിഷന് മേധാവി ഡോ.ജി. മഹേശ്വരുഡു, സിഎംഎഫ്ആര്‍ഐ ലൈബ്രറി സയന്റിസ്റ്റ് ഇന്‍ചാര്‍ജ്ജ് ഡോ.കെ.എസ് ശോഭന, ലൈബ്രറി ഓഫീസ് ഇന്‍ചാര്‍ജ്ജ് പി. ഗീത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: