പള്ളുരുത്തി: ദുരിതാശ്വാസ ക്യാമ്പുകള്‍ പെട്ടെന്ന് പിരിച്ചുവിട്ട് ഓഖിയുടെ ആഘാതം കുറഞ്ഞെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. പക്ഷേ, തീരവാസികളുടെ അവസ്ഥ ദയനീയമാണ്. വീടുകളില്‍ അടിഞ്ഞുകൂടിയ കടല്‍ മണ്ണ് ഇനിയും പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ആഹാരം പാകം ചെയ്യാനും കിടന്നുറങ്ങാനുമൊന്നും ഇവര്‍ ഇപ്പോഴും പാടുപെടുകയാണ്. ഓഖി ആഞ്ഞടിച്ചചെല്ലാനം തീരമേഖലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച ബസ്സാര്‍ മേഖലയിലെ വീടുകളില്‍ അടിഞ്ഞു കൂടിയ മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടില്ല. തീരത്തെ 260 വീടുകള്‍ക്ക് നേരിട്ട് ഓഖിയുടെ ആഘാതം ഏറ്റു. അതിലേറെപ്പേര്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക് വിധേയരായി. ദുരന്തത്തില്‍ മരിച്ച റെക്സന്റെ വീടും ബസ്സാര്‍ ഭാഗത്താണ്. മരണത്തെ മുഖാമുഖം കണ്ട് തീരം വിട്ടവര്‍ തിരിച്ചെത്തിയപ്പോള്‍ മരിച്ചാല്‍ മതിയെന്നുപോലും ചിന്തിച്ചു. കാരണം, കക്കൂസില്‍ പോകാന്‍ പോലും ഇടമില്ല. കക്കൂസുകളിലും മണ്ണടിഞ്ഞിരിക്കുകയാണ്. സെപ്ടിക് ടാങ്കുകള്‍ പൊട്ടിപ്പൊളിഞ്ഞു. മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പടരുന്ന അവസ്ഥ. ഒരാഴ്ചയ്ക്കുള്ളില്‍ മണ്ണ് നീക്കം ചെയ്യുമെന്നും കക്കൂസുകള്‍ ഉപയോഗ യോഗ്യമാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍, 75 ശതമാനം ജോലികളും ഇനിയും ബാക്കിയാണെന്ന് തീരവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: