വടക്കഞ്ചേരി: സമരം തുടരുന്നതിനാല്‍ വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതാ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദേശീയപാതാ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന മുന്നൂറോളം തൊഴിലാളികള്‍ സമര രംഗത്തിറങ്ങിയത്.
ബുധനാഴ്ച മുതലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ നാല് മാസത്തെ ശബളമാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. സമരം നടത്തിയ തൊഴിലാളികളുമായി കരാര്‍ കമ്പനി അധികൃതര്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകുന്നേരം ഒരു മാസത്തെ ശമ്പളം നല്കി.
എന്നിട്ടും തൊഴിലാളികള്‍ സമരത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒക്ടോബര്‍ മാസം വരെയുള്ള ശബളമെങ്കിലും നല്കിയാല് മാത്രമേ പണിക്കിറങ്ങുകയുള്ളൂ എന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ ചൊവാഴ്ചക്കുള്ളില് ഒരു മാസത്തെ കൂടി ശബളം നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ദേശീയപാതാ നിര്മ്മാണത്തിലേര്പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ശബളം ലഭിക്കാത്തതിനെ തുടര്‍ന്ന് ലേബര്‍ കമ്മീഷന് ഇടപെടുകയും ഡിസംബര്‍ 12 നുള്ളില്‍ ശബളം കൊടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഈ തീരുമാനവും ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് തൊഴിലാളികള്‍ ശക്തമായ സമരവുമായി രംഗതെത്തിയിരിക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന സമരത്തെ തുടര്‍ന്ന് ദേശീയപാതാ നിര്‍മ്മാണം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: