പാലക്കാട്: ഓഖി ചുഴലിക്കാറ്റ് പോലുള്ള ദേശീയ ദുരന്തം ഉണ്ടാകുമ്പോള്‍ ഒരുമിച്ച് നില്‍ക്കേണ്ട പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഗുരുപ്രതിഷ്ഠയുടെ കനക ജൂബിലിയോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് പാലക്കാട് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുര കത്തുമ്പോള്‍ ബീഡി കത്തിച്ച് സുഖിക്കുന്ന രീതിയിലാണ് പ്രതിപക്ഷം പെരുമാറുന്നത്.
ഓഖി ചുഴലിക്കാറ്റില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്കാന് തയാറായിട്ടും തൃപ്തരല്ലാത്ത ലത്തീന്‍ സമുദായം തലസ്ഥാനത്തെ പ്രക്ഷോഭ ഭൂമിയാക്കി. വോട്ട് ബാങ്കുകളെ പേടിച്ച് കൂടുതല്‍ ധനസഹായത്തിനായി മുഖ്യമന്ത്രി ഡല്‍ഹിക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.
അധികാര പങ്കാളിത്തം ഉറപ്പ് വരുത്താനാണ് എസ്എന്‍ഡിപി യോഗം സംവരണം ആവശ്യപ്പെട്ട് പോരാട്ടം നടത്തിയിരുന്നത്. സാമൂഹ്യ നീതി എല്ലാവര്ക്കും ലഭിക്കണം. ജാതി പറയാന്‍ പാടില്ലെന്ന് പറയുന്നവര്‍ ഈഴവ സമുദായത്തെ ഭയക്കുന്നു. ജനസംഖ്യാനുപാതമായി സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ നീതി നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയാറായാല്‍ ജാതിയില്ലാ സമൂഹമുണ്ടാകും.
ഈഴവ സമൂഹത്തെ ഒറ്റപ്പെടുത്തി പരസ്പരം തമ്മില്‍ തല്ലിച്ച് തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ച രാഷ്ട്രീയക്കാര്‍ക്കും വിഘടനവാദികള്ക്കുമെതിരെയുള്ള ശ്കതി പ്രകടനമാണ് ഈ ദിവ്യജ്യോതി പ്രയാണമെന്നും അദ്ദേഹം പറഞ്ഞു. സാമൂദായിക ശക്തിസമാഹരണം നേടി മുന്നോട്ട് പോകാന്‍ ശ്രീനാരായണീയര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജാഥാക്യാപ്ടന്‍ തുഷാര്‍ വെള്ളാപ്പള്ളി, സ്വാഗത സംഘം ചെയര്മാന് കെ.ആര്.ഗോപിനാഥ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ.എന്‍.അനുരാഗ്, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ കെ.ഡി.രമേഷ്, പ്രഭാഷകന്‍ പി.ടി.മന്മഥന് എന്നിവര്‍ സംസാരിച്ചു. സ്വാമി ബ്രഹ്മശ്രീ പ്രേമാനന്ദ, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സന്ദീപ് പച്ചയില്‍, എം.ബി.ശ്രീകുമാര്‍, അനില്‍ തറനിലം, രാജേഷ്, നെടുമങ്ങാട്, അഡ്വ. സംഗീത വിശ്വാനാഥ്, ഷാജി ബത്തേരി, കിരണ്‍ ചന്ദ്രന്, സുധീര്‍ ചോറ്റാനിക്കര, അഡ്വ. കെ.രഘു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: