പാലക്കാട്: ഭാവി തലമുറയ്ക്ക് കൈമാറുന്ന സന്ദേശമാണ് പുസ്തകങ്ങളെന്ന് എന്‍എസ്എസ് എഞ്ചി.കോളേജ് റിട്ട.പ്രിന്‍സിപ്പാള്‍ ഡോ.ടി.വി.ബാബു രാജേന്ദ്രന് പറഞ്ഞു.
ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണന് രചിച്ച ”സംഘപഥ”ത്തിലൂടെ പുസ്തകപ്രകാശനവും ഗോ സേവ വിഭാഗ് പ്രസിദ്ധീകരിക്കുന്ന മടങ്ങാം ഗ്രാമത്തിലേക്ക് എന്ന പുസ്തകവും പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിച്ച ശേഷം ആശയ വിനിമയം നടത്തുമ്പോളാണ് പുസ്തകങ്ങള്‍ക്ക് വിലയുണ്ടാകുന്നത്. അതിനാല്‍ പുസ്തക രചനയെന്നത് ചെറിയൊരു കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോ.ടി.വി.ബാബു രാജേന്ദ്രന് പാലക്കാട് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന് പുസ്തകം കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹകും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. സംഘപഥത്തിലൂടെ എന്ന പുസ്തകം മറ്റ് പുസ്തകങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തില്‍ വായിച്ചിട്ടുള്ളതും എഴുതപ്പെട്ടിട്ടുള്ളതുമായ ചരിത്രമല്ല ഈ പുസ്തകത്തില്‍. മറ്റൊരു കേരളത്തെയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. വിഭാഗ് സദസ്യന്‍ പി.സുബ്രഹ്മണ്യന്, ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍, സഹകാര്‍ ഭരതി ദക്ഷിണ ക്ഷത്രിയ സംഘടനാ സെക്രട്ടറി യു.കൈലാസ് മണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: