കൊല്ലങ്കോട്: കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ചുള്ളിയാര്‍ ഡാമിലെ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് വാലറ്റ പ്രദേശമായ പനങ്ങാട്ടി വാക്കോട് ഒടിഞ്ഞല്‍ തേവര് മണി പ്രദേശങ്ങള്‍ ഉണക്ക് ഭീഷണിയില്‍.
ഇതോടെ കടം വാങ്ങിയും കൃഷിസ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും നെല്‍കൃഷിചെയ്യുന്നവരാണ് ദുരിതത്തിലായത്. അമ്പത് ദിവസത്തിലധികം പ്രായമായ നാറ്റടികള് നടാന്‍ വെള്ളമില്ലാതിനാല് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ചേകോല്‍ പ്രഭാകരന്റെ പതിനഞ്ച് ഏക്കറോളം വക്കോടുള്ള കൃഷി സ്ഥലം ഉണക്ക ഭീഷണി നേരിടുകയാണ്.
കനാലുകള്‍ വൃത്തിയാക്കാത്തതും ഡാമിലെ വെള്ളം തുറന്നാലും പല സ്ഥലങ്ങളില്‍ വെള്ളം പാഴായി പോകുന്നതിനാല്‍ വാലറ്റ പ്രദേശത്ത് വെള്ളം എത്താതെ പോകുന്നതും ഈ പ്രദേശത്തിലെ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ഉണങ്ങി പോയാല്‍ ഇരട്ടി നഷ്ടമാണ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവര്ക്കുണ്ടാകുന്നത്. കനാലുകളുടെ
പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ നന്നാക്കാന്‍ ബന്ധപ്പെട്ടവകുപ്പുകള്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. ഇതിനാലാണ് കാര്‍ഷികാവശ്യത്തിന് ലഭിക്കേണ്ട വെള്ളം ലഭിക്കാതെ പോകുന്നത്. മീങ്കര ചുള്ളിയാര്‍ ഡാമുകള്‍ നിറഞ്ഞാല്‍ മാത്രമേ ഡാമിലെ വെള്ളത്തെ അശ്രയിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് ഉപകാരമാകൂ.
മഴയുടെ കുറവും പലകപ്പാണ്ടി പദ്ധതിയിലൂടെയുള്ള വെള്ളത്തിന്റെ കുറവും ചുള്ളിയാര്‍ ഡാമില്‍ മണ്ണടിഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞതും പ്രധാന കാരണമാകുന്നു. മൂലത്തറയില്‍ നിന്നോ കമ്പാലത്തറയില്‍ നിന്നോ അടിയന്തിരമായി വെള്ളം മീങ്കരയിലും ചുള്ളിയാര്‍ ഡാമിലും എത്തിച്ചാല്‍ മാത്രമേ നെല്‍കൃഷിക്ക് മതിയായ അളവില്‍ വെള്ളം ലഭ്യമാകുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: