തൃപ്പൂണിത്തുറ: പൂത്തോട്ട റോഡിനെയും കണ്ണംകുളങ്ങര റോഡിനെയും ബന്ധിപ്പിക്കുന്ന അന്ധകാരത്തോട് ബണ്ട് റോഡ് അപകടത്തില്‍. ഹില്‍പ്പാലസ് പോലീസ്സ്റ്റേഷന്റെ മുന്‍വശത്ത് നിന്നും അന്ധകാര തോടിന്റെ തെക്കുഭാഗത്ത് പടിഞ്ഞാറോട്ടു പോകുന്ന ബണ്ട് റോഡ് ആണ് നെടുകെ പിളര്‍ന്ന് ഇടിഞ്ഞു താഴുന്നത്. റോഡ് ഏത് നിമിഷവും തകര്‍ന്ന് അപകടമുണ്ടാകാവുന്ന അവസ്ഥയിലായതിനാല്‍ സമീപമുള്ള വീട്ടുകാരും പേടിയിലാണ്.
തോടിന്റെ ഇരുവശങ്ങളിലും മണ്ണിടിച്ചില്‍ തടയാന്‍ പാകിയ കരിങ്കല്ലുകള്‍ ഇളകിപ്പോയി. റോഡരികിലെ സുരക്ഷാ ഭിത്തിയും ഇടിഞ്ഞു. ശക്തമായ മഴയില്‍ വെള്ളം റോഡിലൂടെ കുത്തിയൊലിച്ച് റോഡിലെ കുഴികളിലൂടെ തോടിലേക്കു ഒഴുകി പോകുന്നത് മൂലമുള്ള മണ്ണൊലിപ്പാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണം. ഇത് മൂലം ഈ വഴിയില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത പോസ്റ്റുകള്‍ തോട്ടിലേക്ക് ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.
ദിവസവും ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് അപകടത്തിലായത്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളടക്കം കാല്‍നടയാത്രക്കാരും ഏറെയാണ്. താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി എത്താനുള്ള എളുപ്പ വഴിയും ഇതായിരുന്നു. റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ നഗരസഭ, ഇറിഗേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരുനടപടിയുമുണ്ടായില്ല. ഇടയ്ക്കിടെ പെയ്യുന്ന മഴയും നിരന്തരമുള്ള ഗതാഗതവും കൂടിയാകുമ്പോള്‍ ഏത് സമയവും ദുരന്തമുണ്ടാകാനിടയുണ്ടെന്ന പേടിയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: