കാക്കനാട്: തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ അഞ്ചുലക്ഷം രൂപ മുടക്കി നിരീക്ഷണ കാമറകള്‍ സഥാപിക്കാന്‍ തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ തീരുമാനം. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയിരുന്ന രാത്രികാല നിരീക്ഷണം ഇല്ലാതായതോടെ കാക്കനാട്ടെ പാതയോരങ്ങളില്‍ മാലിന്യം കുന്നുകൂടി. ഇതോടെയാണ് പുതിയ പരീക്ഷണത്തിന് നഗരസഭ നടപടി സ്വീകരിക്കുന്നത്.
മാലിന്യങ്ങളുമായി എത്തുന്ന വാഹനങ്ങള്‍ പിടികൂടാന്‍ നഗരസഭ കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ രാത്രികാല പരിശോധനകള്‍ക്ക് ഇറങ്ങിയിരുന്നു. പരിശോധനയ്ക്കിറങ്ങിയ വൈസ് ചെയര്മാന് സാബുഫ്രാന്സിനെ അപായപ്പെടുത്താന്‍ വരെ മാലിന്യ മാഫിയ സംഘം ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് നിരീക്ഷണം നിര്‍ത്തിയത്.
നഗരസഭക്ക് പുറത്തുള്ള കാറ്ററിങ് ഏജന്‍സികള്‍ പോലും ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി കാക്കനാട്ടെ പാതയോരങ്ങളില്‍ തള്ളിത്തുടങ്ങിയതോടെ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ ദുരിതത്തിലാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് അടിയന്തിരമ തീരുമാനമുണ്ടായത്.
വികേന്ദ്രീകൃതാസൂത്രണ പദ്ധതിപ്രകാരം ഇരുപത് പട്ടികജാതി യുവതികള്‍ക്ക് വിവാഹ ധനസഹായം നല്കാന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വിവാഹ ധനസഹായ പദ്ധതിപ്രകാരം 15 ലക്ഷം രൂപ നീക്കിവെച്ചതായി നഗരസഭാ അധ്യക്ഷ കെ.കെ നീനു അറിയിച്ചു. നഗരസഭയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ നിയമിച്ച 15 ബില്‍ കളക്ടര്‍മാരുടെ സേവന കാലാവധി നീട്ടാന്‍ തീരുമാനിച്ചു. നഗര സഭ ലൈബ്രറിക്ക് പുറത്തെ ശുചിമുറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നാലുലക്ഷം രൂപ അനുവദിച്ചു. നഗരസഭ എല്‍.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറി സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: