ഇക്കോ ടൂറിസം സെന്ററില്സഞ്ചാരികളെ
സ്വീകരിക്കാന്‍ പൂത്തുലഞ്ഞ പൂപ്പന്തല്‍
കോന്നി: പൂത്തുലഞ്ഞ പൂപ്പന്തല്‍ ഇനി ഇക്കോ ടൂറിസം സെന്ററില്‍ സഞ്ചാരികളെ സ്വീകരിക്കും. കോന്നി ആനത്താവളത്തിലെ ടൂറിസം സെന്ററില്‍ ഒരുക്കിയ പന്തലിലെ വള്ളിച്ചെടിയാണ് പൂക്കള്‍ നിറഞ്ഞ് സന്ദര്‍ശകരുടെ മനം കുളിര്‍പ്പിക്കുന്നത്. നാട്ടില്‍ സാധാരണ കാണാത്ത തുമ്പോര്ജ്ജ്യ എന്ന ചെടി കൊണ്ടാണ് പൂപ്പന്തല്‍ ഒരുക്കിയിട്ടുള്ളത്. പ്രസിദ്ധമായ ഗവിയിലെ പൂന്തോട്ടത്തിന്റെ കവാടം മനോഹരമായി അലങ്കരിക്കുന്നത് ഈ വള്ളിച്ചെടിയാണ്. നീളമുള്ള തണ്ടില്‍ കുലകളായി വിടരുന്ന ചുവന്ന പൂക്കള്‍ ആരുടേയും
ശ്രദ്ധ പിടിച്ചുപറ്റും. ഉയരത്തില്‍ പടരുന്ന ചെടിയില്‍ നിന്നും 3 4 മീറ്റര്‍ നീളത്തില്‍ .പൂക്കുലകള്‍ താഴേക്ക് വളര്‍ന്നെത്തും. ഗവിയില്‍ കവാടത്തിലെ തുമ്പോര്ജ്ജ്യ പൂക്കള്‍ക്കിടയില്‍ നിന്നും ഫോട്ടോയെടുക്കാന്‍ സഞ്ചാരികളുടെ തിരക്കാണ്. ചെടിയുടെ സൗന്ദര്യം മനസ്സിലാക്കി ഇക്കോ ടൂറിസത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കോന്നിയിലും ഇത് ആവിഷ്ക്കരിച്ചത്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുമാണ് ഇതിന്റെ തൈകള്‍ എത്തിച്ചത്. ടൂറിസം സെന്ററിന്റെ മദ്ധ്യഭാഗത്തായി നാല് പാതകള്‍ ചേരുന്നിടത്താണ് പൂപ്പന്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നട്ടുവളര്‍ത്തിയ ചെടി പന്തലില്‍ പടര്‍ന്നെങ്കിലും ഈ വര്‍ഷമാണ് കൂടുതലായി പൃഷ്പിച്ചത്. ചുവപ്പും വെള്ളയും പൂക്കള്‍ ഉള്ള ചെടികളാണ് പടര്‍ത്തിയിരിക്കുന്നത്. ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. ഇത് മാസങ്ങളോളം കൊഴിയാതെ നില്‍ക്കുകയും ചെയ്യും. ഗവിയില്‍ ചതുരാകൃതിയിലാണ് പൂപ്പന്തലെങ്കില് കോന്നിയില്‍ വൃത്താകൃതിയിലാണ് ഒരുക്കിയിട്ടുള്ളത്. അര്‍ദ്ധഗോളാകൃതിയില്‍ കമഴ്ത്തി വച്ചിട്ടുള്ള മേലാപ്പില്‍ നിന്നുമാണ് രക്തവര്‍ണ്ണം പൂത്തിറങ്ങിയിരിക്കുന്നത്. പൂക്കുലകള്‍ വളര്‍ന്ന് കുറേക്കൂടി താഴേക്ക് എത്തുന്നതോടെ ആരുടേയും ഹൃദയം കവരുന്നതാകും പൂപ്പന്തല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: