കോന്നി: സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരെ സിപിഎം പിന്തുണയോടെ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍. കോന്നി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ പ്ലാന്റിലെ എട്ട് താല്‍ക്കാലിക തൊഴിലാളികളാണ് ശമ്പളക്കുടിശികയും സീനിയോരിറ്റിയും അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ട് ദിവസമായി ഓഫീസ് വരാന്തയില്‍ സമരം നടത്തുന്നത്.
മാലിന്യ സംസ്ക്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തി പദ്ധതികള്‍ രൂപീകരിക്കുവാന്‍ പാടില്ലെന്ന പിണറായി സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ഈ തൊഴിലാളികള്‍ക്ക് ആറ് മാസമായി ശമ്പളം മുടങ്ങാന്‍ ഇടയാക്കിയത്. 2008-2009 മുതല്‍ തനതുഫണ്ടില്‍ നിന്നും തുക വകയിരുത്തിയാണ് പ്ലാന്റിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേതനം നല്‍കിയിരുന്നത്. എന്നാല്‍ 2017-18 ലെ പദ്ധതിയില്‍ ഒന്‍പത് ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചില്ല. തുടര്‍ന്ന് പഞ്ചായത്ത് ജില്ലാ കോഡിനേഷന്‍ കമ്മറ്റിയിലും സംസ്ഥാന സമിതിയിലും അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ നയത്തിന് എതിരായതിനാല്‍ ഫലമുണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനീപ്രദീപ്, സെക്രട്ടറി എസ്.ശാന്തി എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ ഓണക്കാലത്ത് രണ്ട് മാസത്തെ വേതനം പഞ്ചായത്ത് സ്വന്തം ഉത്തരവാദിത്തത്തില്‍ ഇവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ പഞ്ചായത്തിന് ശമ്പളക്കുടിശിക നല്കാന് കഴിയൂ എന്നിരിക്കെ രാഷ്ട്രീയ നേട്ടത്തിനായി സിപിഎം തൊഴിലാളികളെ തെറ്റിധരിപ്പിച്ച് സമരം ചെയ്യിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് ഹരിതകര്‍മ്മസേന രൂപീകരിച്ച് വേണം മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍. ഇതിനായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക യൂസര്‍ഫീ ഇനത്തില്‍ ഈടാക്കാം. ഈതുകയാണ് ശുചീകരണ തൊഴിലാളികള്‍ക്ക് വേതനമായി നല്‍കേണ്ടത്. ജൈവമാലിന്യം സംസ്ക്കരിച്ചുണ്ടാക്കുന്ന വളം വില്‍പ്പനയിലൂടെ ലഭിക്കുന്ന പണവും ഇവര്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇതാണ് അനുവര്‍ത്തിക്കുന്നത്.
കോന്നി പഞ്ചായത്തില്‍ ഹരിതകര്‍മ്മസേന രൂപീകരിക്കുകയും ഇതില്‍ മാലിന്യ സംസ്ക്കരണ പ്ലാന്റിലെ നിലവിലുള്ള എട്ട് തൊഴിലാളികളെയും ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇതുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പലതവണ ചര്‍ച്ച നടത്തിയതായും പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. നിലവിലുള്ള തൊഴിലാളികള്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വേതനത്തിനു പുറമെ മാലിന്യം ശേഖരിക്കുന്നതിന് വ്യാപാരികളില്‍നിന്നും പണം ഈടാക്കുന്നതായ ആക്ഷേപവും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: