മണ്ണാര്‍ക്കാട്: തച്ചമ്പാറയില്‍ മോഷ്ടാവാണെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയ യുവാവ് പോലീസിനെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ ഹെഡ് കോണ്‍സ്റ്റബിളിന് ഗുരുതര പരിക്ക്.
തിരൂരങ്ങാടി സ്വദേശി ബിയാസ് ഫറൂക്കാണ് (32) രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. മണ്ണാര്‍ക്കാട് എസ്ഐ ബിപിന്‍ കെ വേണുഗോപാലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. തച്ചമ്പാറയില്‍ നിന്നും മൊബൈലുകള്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് ബിയാസ് ഫറൂക്കിനെ നാട്ടുകാര്‍ പിടികൂടുന്നത്. ഇയാളെ പിന്നീട് കല്ലടിക്കോട് പോലീസിന് കൈമാറി.
ഹെഡ് കോണ്‍സ്റ്റബിള്‍ അന്‍വര്‍ സാദത്തും സംഘവുമാണ് ഫറൂഖിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞപ്പോഴാണ് തന്നെ യുവാവ് അക്രമിച്ചതെന്ന് ഹെഡ്കോണ്‍സ്റ്റബിള്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.
താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതി ബിയാസ് ഫാറൂഖിനെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനെതിരെയും അക്രമിച്ചതിനെതിരെയും മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതിയെ കോടതി റിമാന്റ് ചെയ്തു. ഇയാള്‍ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: