കൊച്ചി: പ്രതിരോധകുത്തിവയ്പും ആരോഗ്യസംരക്ഷണവുമടക്കമുള്ള കാര്യങ്ങളില്‍ കേട്ടുകേള്‍വികള്‍ വിശ്വസിക്കരുതെന്ന് ബോധവത്കരണ ക്ളാസ്.
ശാസ്ത്രീയമാര്ഗങ്ങളിലൂടെയാണ് ആധുനിക വൈദ്യശാസ്ത്രം പ്രതിരോധകുത്തിവയ്പുകളിലേക്കും മറ്റ് ആരോഗ്യസംരക്ഷണമാര്ഗങ്ങളിലേക്കും എത്തിച്ചേര്‍ന്നത്.
ശാസ്ത്രീയാടിത്തറയില്ലാത്ത കേട്ടുകേള്വികള്ക്ക് വിധേയരായി എംആര്‍ വാക്സിനേഷനടക്കമുള്ള പ്രതിരോധകുത്തിവെയ്പുകളില് നിന്ന് ആളുകള്‍ പിന്‍വാങ്ങുന്നത് ആരോഗ്യകരമല്ലെന്നും ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് മുന്‍ സംസ്ഥാനചെയര്‍മാന്‍ ഡോ. പിഎന്‍എന്‍ പിഷാരടി പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എടവനക്കാട് ഹിദായത്തുല്‍ ഇസ്ളാം ഹയര്‍സെക്കന്ററി സ്കൂള്‍ (എച്ച്ഐഎച്ച്എസ്എസ്) നടത്തിയ ബോധവത്കരണ ക്ളാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ പ്രതിരോധകുത്തിവയ്പുകളുടെ പങ്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വാക്സിന് വിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ സത്യവിരുദ്ധവും ശാസ്ത്രീയാടിത്തറയില്ലാത്തതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
പ്രതിരോധകുത്തിവയ്പുകള്‍ വഴിയാണ് വസൂരി, പോളിയോ എന്നിവ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞത്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിലൂടെ സാമൂഹികാരോഗ്യരംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഒരു സമൂഹത്തിന് നടത്താനാവുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധകുത്തിവയ്പിനെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഐ. ആബിദ തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: