കൊച്ചി: എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ അധികാര പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ കോടതികളില്‍ നിന്നുള്ള സമന്‍സും വാറന്റും സമയ ബന്ധിതമായി നടപ്പാക്കാനും നിരീക്ഷിക്കാനും ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിച്ചു. ഓരോ സ്റ്റേഷനിലും ഒരാളെ ലെയ്സണ്‍ ഓഫീസറായി ചുമതലപ്പെടുത്തിയെന്നും ലെയ്സണ്‍ ഓഫീസര്‍മാര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ ക്രമസമാധാന ചുമതല നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ്മെന്റില്‍ പറയുന്നു. കോടതികളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ബെഞ്ച് ക്ലാര്‍ക്ക് തുടങ്ങിയവരുമായി ആശയവിനിയമം നടത്തണം. കോടതികളില്‍ നിന്നുള്ള സമന്സടക്കമുള്ള നിര്‍ദേശങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണം. കേസിന്റെ തുടര്‍ നടപടികളിലും വിചാരണയിലും കോടതിയും സര്‍ക്കാര്‍ അഭിഭാഷകരും നല്കുന്ന നിര്‍ദേശങ്ങള്‍ അറിയിക്കണം. കോടതി നല്കുന്ന സമന്‍സും വാറന്റും തുടര്‍ നടപടികളും സ്റ്റേഷന് രജിസ്റ്ററില്‍ രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കണം. വിവിധ കേസുകളിലെ പ്രതികളെ ഹാജരാക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അതത് സ്റ്റേഷന് ഓഫീസര്‍മാരെ അറിയിക്കണം. സ്റ്റേഷനിലെ തൊണ്ടി രജിസ്റ്റര്‍ പരിശോധിക്കുകയും കോടതിയിലേക്ക് നല്‍കേണ്ട തൊണ്ടിയുടെ വിവരങ്ങള്‍ അറിയിക്കുകയും വേണം. തൊണ്ടി സാധനങ്ങളുടെ വിശദീകരണം മേലുദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിക്കേണ്ടതുണ്ടെങ്കില് അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കണം. കൊലപാതകം, കവര്‍ച്ച, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍, മയക്കുമരുന്ന് കേസുകള്‍ തുടങ്ങിയവയില്‍ സാക്ഷികളെ ഹാജരാക്കുന്ന കാര്യം ഉറപ്പാക്കണം. കുറ്റകൃത്യം നടന്ന സ്ഥലം പബ്ലിക് പ്രോസിക്യൂട്ടര്‍ സന്ദര്‍ശിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കണം തുടങ്ങിയ ചുമതലകളാണ് നല്‍കിയിട്ടുള്ളത്. തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രോസിക്യൂഷന് സാക്ഷികള്‍ ഹാജരാകാത്തതിനാല്‍ വിചാരണ അനന്തമായി നീളുന്നെന്നും വിചാരണക്കോടതിയില്‍ സാക്ഷികളെ ഹാജരാക്കാന്‍ പോലീസിനോടു നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് ആലുവ സ്വദേശി ഹംസ നല്കിയ ഹര്‍ജിയിലാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എംപി ദിനേശ് സ്റ്റേറ്റ്മെന്റ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: