കുറ്റിപ്പുറം: ഭാരതപ്പുഴയോരത്തെ മല്ലൂര്‍ ശിവപാര്‍വ്വതി ക്ഷേത്രവും പരിസരവും മിനിപമ്പ എന്നാണ് അറിയപ്പെടുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമാണെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ.ടി.ജലീലിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ മിനിപമ്പ ടൂറിസ്റ്റ് കേന്ദ്രമാണെന്ന് തോന്നും.
കോടികള്‍ ചിലവിട്ട് മിനിപമ്പ നവീകരിച്ച മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫാന്‍സ് അസോസിയേഷന്റെ വക കൂറ്റന്‍ ഫഌക്സ് ബോര്‍ഡുകളൊക്കെ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ഇവിടെ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ദിവസം ഇവിടെ എത്താറുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പകരം ക്ഷേത്രത്തിന് നേരെ മുന്നില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാകട്ടെ വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്കും. ഇത് ക്ഷേത്രത്തെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണം ശക്തമാകുകയാണ്.
പാര്‍ക്കിംങിന് സൗകര്യങ്ങള്‍ പരിമിതമാണ്. വിരവെക്കാന്‍ ഒരു സ്ഥിര സംവിധാനമില്ല, നിളാ സ്നാനം കഴിഞ്ഞ് അയ്യപ്പന്മാര്ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും സൗകര്യമില്ല. റോഡരികുകളിലെ പൊടിമണ്ണിലിരുന്നാണ് പലരും ഭക്ഷണം കഴിക്കുന്നത്. അതും സദാസമയം വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാതയുടെ അരികില്‍.
ഭക്തിസാന്ദ്രമായ അന്തരീക്ഷം നിലനില്‍ക്കുന്ന മിനിപമ്പയില്‍ പുതിയൊരു പരിപാടിയും തുടങ്ങിയിട്ടുണ്ട്. കലാസാംസ്കാരിക സന്ധ്യയെന്നാണ് അതിന്റെ പേര്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ചെറിയ സ്ഥലത്താണ് ഇതിനായി വേദി ഒരുക്കിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പാട്ടും കൂത്തുമായി അരങ്ങ് തകര്‍ക്കുന്നു. മതേതരമുഖം വീണ്ടെടുക്കാനുള്ള മന്ത്രിയുടെ ഇത്തരം വിലകുറഞ്ഞ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: