കളമശ്ശേരി: പാതാളം ഇഎസ്ഐ ആശുപത്രി വികസനത്തിനായി ലഭിച്ച കോടിക്കണക്കിന് രൂപ അധികൃതര്‍ വിനിയോഗിക്കുന്നില്ലെന്ന് ആരോപണം. രോഗികളും ഡോക്ടര്‍മാരും ജീവനക്കാരും അസൗകര്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുമ്പോഴാണ് അധികൃതര്‍ അനാസ്ഥ തുടരുന്നത്.
ഗേറ്റ് മുതല്‍ ശസ്ത്രക്രിയാ മുറി വരെയും അപാകങ്ങളുടെ നീണ്ടനിരയാണ്. ആശുപത്രിയിലേയ്ക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കിട്ടില്ല. കെട്ടിടത്തിന്റെ മുന്‍വശത്തെ കോണ്‍ക്രീറ്റ് പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. ആകെയുള്ള ഒരു ലിഫ്റ്റ് വല്ലപ്പോഴും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കാനകള്‍ മാലിന്യം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. കക്കൂസ് ടാങ്കുകള്‍ പലതും പൊട്ടിയൊലിച്ച നിലയിലും. ഡോക്ടര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ ഇരിപ്പിടമോ മേശയോയില്ല. ഒരു മേശയ്ക്ക് ചുറ്റും നാല് ഡോക്ടര്‍മാരാണ് ഇരിക്കുന്നത്. വാര്‍ഡുകളില്‍ രോഗികള്‍ക്ക് കട്ടിലുകളുമില്ല.
ജീവനക്കാരുടെ കുറവാണ് മറ്റൊരു ബുദ്ധിമുട്ട്. പല ഓപിയിലും അറ്റന്റര്മാരില്ല. മറ്റൊരു ആശുപത്രിയിലേക്ക് റഫറന്‍സ് ഒപ്പിട്ടു കിട്ടിയാലും മണിക്കൂറുകളോളും കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. കൂടാതെ, പലപ്പോഴും ഫാര്‍മസിയില്‍ മരുന്നും ഉണ്ടാകാറില്ല. നിരവധിതവണ മന്ത്രി, എംപി, എംഎല്‍എ, നഗരസഭ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ഐസിയു തുടങ്ങുമെന്ന വാഗ്ദാനം പോലും പാലിക്കപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: