പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്… ഒരു വിതുമ്പലോടെ. അവള്‍ക്ക് ദുഃഖമുണ്ട്. അവളുടെ അമ്മ മരിച്ചിരിക്കുന്നു. ” എന്നെക്കുറിച്ചല്ല, പുഴയെക്കുറിച്ചെഴുതൂ… അഭിമുഖത്തിനായി വിളിച്ചാല്‍ ഡോ. ലതയുടെ മറുപടി ഇതായിരിക്കും. ഞാന്‍ കേവലം ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രം. എന്റെ വ്യക്തി ജീവിതമല്ല വാര്‍ത്തകളാകേണ്ടത്. പുഴയുടെ കണ്ണീരാണ്. അതേക്കുറിച്ച് മാത്രം ചോദിക്കൂ.” പുഴകള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഡോ.എ. ലതയുടെ വാക്കുകളാണിത്. ഒരു രൂപ ദാനം ചെയ്യുമ്പോള്‍ പടവും വാര്‍ത്തയും കൊടുക്കുന്നവരില്‍ നിന്ന് വ്യത്യസ്തയാകുന്നതും ഇതുകൊണ്ടു തന്നെ. പരിസ്ഥിതി പ്രവര്‍ത്തനമെന്നത് കെട്ടിയാടാനുള്ളതല്ലെന്ന് തെളിയിക്കുകയായിരുന്നു അവര്‍.
ഒഴുകുന്ന പുഴകള്‍; അതായിരുന്നു ഡോ. ലതയുടെ സ്വപ്നം. പുഴകളുടെ തേങ്ങല്‍ എന്നും ലതയുടെ കാതുകളെ അലോസരപ്പെടുത്തി. ഒടുവില്‍ പുഴകളുടെ കണ്ണീരൊപ്പാനായി ജീവിതം തന്നെ മാറ്റി വച്ചു. അതിനായി തടസ്സമാകുമെന്ന് തോന്നിയതെല്ലാം ഉപേക്ഷിച്ചു. ആദ്യം ഉപേക്ഷിച്ചത് സര്‍ക്കാര്‍ ഉദ്യോഗം തന്നെയായിരുന്നു. ഉന്നത വിജയത്തോടെ കരസ്ഥമാക്കിയ കാര്‍ഷിക സര്‍വകലാശാല ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമൊന്നും ലതയ്ക്ക് പുഴയേക്കാള്‍ വലുതായിരുന്നില്ല.
എല്ലാ പുഴകളും ഒഴുകണം. അവയുടെ കളകള നാദം മുഴങ്ങണം. അതിനൊത്ത് മനസ്സ് താളം പിടിക്കണം. രാവും പകലും അതിനായി ചെലവഴിച്ചു. പക്ഷേ, ലക്ഷ്യമെത്തും മുന്നേ അകാലത്തില്‍ പൊലിഞ്ഞു ആ ജീവിതം. സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ച് പുഴകള്‍ കാണാനിറങ്ങിയ ലതയ്ക്ക് ‘വട്ടെ’ ന്ന് പറഞ്ഞവരായിരുന്നു അധികവും. 2000 ത്തിലാണ് ഫയല്‍ കുമ്പാരങ്ങളോട് ലത ഗുഡ്ബൈ പറയുന്നത്. പിന്നീടങ്ങോട്ട് പുഴകള്‍ക്ക് വേണ്ടി മാത്രമായിരുന്നു ജീവിച്ചതത്രയും. ഇതേ ‘വട്ടു’കാരനായ ഒരാള്‍ ജീവിതയാത്രയില്‍ ലതയ്ക്ക് തുണയായി. ഉണ്ണികൃഷ്ണന്. മെക്കാനിക്കല്‍ എന്‍ജിനീയറായ ഉണ്ണികൃഷ്ണന് 1991 ല്‍ത്തന്നെ ജോലി രാജിവച്ച് പുഴയിലേക്കിറങ്ങിയിരുന്നു. അങ്ങനെ ഓരേ മനസ്സും ചിന്തകളുമായി അവരൊന്നിച്ചു. ഒപ്പം മറ്റൊരു വിചിത്രമായ തീരുമാനവും. ഞങ്ങള്‍ക്ക് മക്കള്‍ പുഴ തന്നെ!
പുഴകളെ പ്രണയിച്ച ദമ്പതികളുടെ പോരാട്ട കാലഘട്ടമായിരുന്നു പിന്നീടങ്ങോട്ട്. പുഴയുടെ തേങ്ങലുയര്‍ന്നിടത്തെല്ലാം കണ്ണീരൊപ്പാന്‍ അവരെത്തി. പുഴകളുടെ സ്വതന്ത്രമായ ഒഴുക്കിനായി അവര്‍ ശബ്ദിച്ചു.
മാറി മാറി ഭരിച്ച സര്‍ക്കാരുകളും കെഎസ്ഇബിയും എത്ര ശ്രമിച്ചിട്ടും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണക്കാര്‍ ഇവര്‍ തന്നെ. പുഴ ഒഴുകിക്കൊണ്ടേയിരിക്കണം. കെട്ടിനിന്നാല്‍ അത് വെള്ളം മാത്രം. ഡാമുകളില്‍ നിന്നുയരുന്നത് ഒഴുകാന്‍ വെമ്പുന്ന പുഴയുടെ തേങ്ങലാണ്. പുഴകളുടെ ഉത്ഭവ സ്ഥാനമായ കാടു വെട്ടിത്തെളിക്കുന്നു. പിന്നെ അവസരം കിട്ടിയിടത്തെല്ലാം ഡാമുകള്‍. മണല്‍ വാരല്‍, അശാസ്ത്രീയമായി വെള്ളം പമ്പു ചെയ്യല്‍. മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കല്‍. ഒരു പുഴയുടെ മരണം ഇവിടെ പൂര്‍ണമാകുന്നു. ഓരോ പുഴയും ഓരോ സംസ്കാരമാണെന്ന് പറയുന്ന നമ്മള് തന്നെയാണ് ഇതെല്ലാം ചെയ്യുന്നതും.
പുഴയെ എങ്ങനെ കാണണമെന്ന് കെഎസ്ഇബിക്കോ വനം വകുപ്പിനോ ജലസേചന വകുപ്പിനോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കോ എന്തിനേറെ, സര്‍ക്കാരിനോ അറിയില്ല. പുഴയുടെ ഉറവിടം, ഒഴുക്കിന്റെ ഗതി, അത് നിലച്ചാലുള്ള വിപത്ത്…. ഒന്നും. സമീപത്തുകൂടി പുഴയൊഴുകിയിട്ടും തങ്ങളുടെ കിണറുകളില്‍ വെള്ളമില്ലാത്തതിന് കാരണവും മറ്റൊന്നല്ല.
ചാലക്കുടിപ്പുഴയും, അതിന്റെ ഉറവിടമായ ആനമലയും ഉള്‍പ്പെടെയുള്ള പശ്ചിമഘട്ട പ്രദേശങ്ങളും സന്ദര്‍ശിച്ചുകൊണ്ടാണ് പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് ലത കാലെടുത്ത് വച്ചത്. ഏതാണ്ട് 28 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഡോ.സതീശ് ചന്ദ്രന് നായരില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവുകളും പ്രകൃതിയേയും പരിസ്ഥിതിയേയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകളുമാണ് ലതയെ മുന്നോട്ടു നയിച്ചത്. ചോലയാറിനോടും വാഴച്ചാല്‍ കാടുകളോടും അതിരപ്പിള്ളി വെള്ളച്ചാട്ടത്തോടും കാടര്‍ എന്ന ആദിവാസി വിഭാഗത്തോടുമുള്ള സ്നേഹം അതിന് കരുത്തേകി.
അതിരപ്പിള്ളി പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ പഠിച്ച് ജനങ്ങളിലെത്തിക്കാനും കോടതിയുദ്ധം നയിക്കാനും ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ മുന്നില്‍ നിന്നു. പദ്ധതിയെ കുറിച്ചുള്ള കെഎസ്ഇബിയുടെയും വികസനവാദികളുടേയും അവകാശവാദങ്ങളുടെയെല്ലാം മുനയൊടിയുന്നത് സമിതിയുടെ പഠനങ്ങളില്‍ തട്ടിയായിരുന്നു. ഇപ്പോള്‍ത്തന്നെ ആറു ഡാമുകളെ ചുമലേറ്റിയാണ് ചാലക്കുടി പുഴ ഒഴുകുന്നത്. ഒന്നുകൂടി താങ്ങാന്‍ അതിനാകില്ല. പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ഭാഗമായി കുറേ വെള്ളം തമിഴ് നാട്ടിലേക്ക്. പിന്നെ ഇടമലയാറിലേക്ക്. ബാക്കി വരുന്നതാണ് താഴേക്ക് ചെല്ലുന്നത്. എത്രയോ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഈ വെള്ളത്തില്‍ ജീവിക്കുന്നു. പുഴയുടെ പ്രധാന വൃഷ്ടിപ്രദേശമായ നെല്ലിയാമ്പതിയിലെ കാടുകളെല്ലാം തോട്ടങ്ങളായി.
പദ്ധതി വന്നാല്‍ വാഴച്ചാല്‍-അതിരപ്പിള്ളി വനങ്ങളും ഇല്ലാതാക്കും. ഒപ്പം അവിടത്തെ ജൈവവ്യവസ്ഥയും. വെള്ളച്ചാട്ടത്തിനു താഴെ തുമ്പൂര്‍മൂഴി ജലസേചന പദ്ധതി. ഇരുപതോളം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍… പുഴയിലെ വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്ത്… ഇതിനൊന്നും പകരം വെയ്ക്കാന്‍ പദ്ധതിയെ കൊണ്ടു കഴിയില്ല. അങ്ങനെപോയി സമിതിയുടെ വാദങ്ങള്‍. 2005ല്‍ പുഴ കടലില്‍ ചേരുന്ന അഴീക്കോട് മുതല്‍ പ്രഭവസ്ഥാനം വരെ നടന്ന നദീയാത്ര… പിന്നീട് സമരങ്ങള്‍… പഠന റിപ്പോര്‍ട്ടുകള്‍… കോടതിമുറികള്‍… ജനകീയ തെളിവെടുപ്പുകളില്‍ പദ്ധതിക്കെതിരായ രോഷത്തിന്റെ വെള്ളച്ചാട്ടമുണ്ടാകാന്‍ പ്രധാന കാരണം ലതയുടെ കണ്ടെത്തലുകള്‍ തന്നെ.
ഇന്ത്യയില്‍ മാത്രമല്ല, ആസ്ട്രേലിയ, മെക്സിക്കോ, നെതര്‍ലാന്‍ഡ്, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലും പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ ലത അവതരിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റിവേഴ്സ് എന്ന സംഘടനയുടെ സൗത്ത് ഏഷ്യന്‍ വിഭാഗത്തിന്റെ അഡൈ്വസറായും പ്രവര്‍ത്തിച്ചു. പുഴയില്‍ നിലവിലുള്ള വെള്ളം വിനിയോഗം ചെയ്യുന്ന കാര്യവുമായി ബന്ധപ്പെട്ട ലതയുടെ പഠനങ്ങള്‍ വളരെ ആഴത്തിലുള്ളതാണ്. വെള്ളത്തിന്റെ ഉപയോഗക്രമത്തിനനുസരിച്ച് കൃഷിയില്‍ വരുത്തേണ്ട മാറ്റങ്ങളും അവര്‍ മുന്നോട്ടുവച്ചു.
കാന്‍സര്‍ രോഗ ബാധിതയായിരുന്നിട്ടുകൂടി അവര്‍ കര്‍ത്തവ്യങ്ങളില്‍ സജീവമായിരുന്നു. രോഗം മൂര്‍ച്ഛിച്ച സമയത്തും ലത മഹാനദിക്കായി പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോയി. തൃശൂര്‍ ഒല്ലൂര്‍ എടക്കുന്നിയിലെ സ്വന്തം വീട് ലതയ്ക്ക് ഒരു ഗവേഷണ കേന്ദ്രം തന്നെയായിരുന്നു. റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും ചാലക്കുടി പുഴ സംരക്ഷണസമിതി അംഗവുമായിരുന്നു ഡോ.ലത. കേരളത്തിലെ മുഴുവന്‍ നദികളേയും ബന്ധപ്പെടുത്തി ‘ട്രാജഡി ഓഫ് കോമ്മണ്‍സ്’ എന്ന പുസ്തകവും പുറത്തിറക്കി.
അശോക ഫെല്ലോഷിപ്പ്, ഇന്ത്യന്‍ റിവേഴ്സ് വീക്ക് എന്ന സംഘടനയുടെ ഭഗീരഥ് പ്രയാസ് പുരസ്കാരം, പ്രകൃതി മിത്ര അവാര്‍ഡ് എന്നിവ ലതയെ തേടിയെത്തി. ഒരു മനുഷ്യായുസ്സ് പുഴയ്ക്കായി സമര്‍പ്പിച്ച ലത ഇനി ഓര്മ. പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്… ഒരു വിതുമ്പലോടെ. അവള്‍ക്ക് ദുഃഖമുണ്ട്. അവളുടെ അമ്മ അവള്‍ക്ക് മുമ്പേ ഒഴുകിപ്പോയിരിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: