വൈദ്യനും വൈദ്യശാസ്ത്രവും സാമൂഹ്യമാറ്റത്തിന്റെ അടിസ്ഥാന കണ്ണിയാകണമെന്ന് പൗരാണിക വൈദ്യശാസ്ത്രം അനുശാസിക്കുന്നു. ഈ ആശയസംഹിത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് വര്‍ഷങ്ങളായി ആയുര്‍വ്വേദ ആതുര ശുശ്രൂഷാരംഗത്ത് സേവനനിരതമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് കണ്ണൂര്‍ മയ്യില്‍ ഇടൂഴി ഇല്ലക്കാര്. ഔഷധദാനം, ഭൂദാനം, വിദ്യാദാനം, അന്നദാനം എന്ന ഭാരതീയതത്ത്വസംഹിതയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന ഇടൂഴിയുടെ ആയുര്‍വ്വേദ പെരുമ കടല്‍ കടന്ന് അന്യരാജ്യങ്ങളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നു. ആയുര്‍വ്വേദത്തിന്റെ നവോത്ഥാനത്തില്‍ ഇടൂഴി വൈദ്യന്മാര് വഹിച്ച പങ്ക് ചരിത്ര ഗ്രന്ഥങ്ങളിലും പൗരാണിക രചനകളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ആയുര്‍വ്വേദ പാരമ്പര്യം കെടാവിളക്കു കൊളുത്തിയ ഇടൂഴി ഇല്ലത്തിന് പറയാനുള്ളത് നാട്ടുനന്മയുടെ കഥയാണ്. വടക്കേ മലബാറിലെ പ്രശസ്തമായ ഇല്ലങ്ങളിലൊന്നാണ് ഇടൂഴി. ഏതാണ്ട് 11-ാം നൂറ്റാണ്ടു മുതല്‍ പ്രഗത്ഭരായ പാരമ്പര്യ ആയുര്‍വ്വേദ വൈദ്യന്മാര് ഇല്ലത്ത് പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂരിലെ മയ്യില്‍ പ്രദേശത്തിന്റെ ചരിത്രവും ഇടൂഴി ഇല്ലത്തിന്റെ ചരിത്രവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അഗ്നിയെ സൂക്ഷിക്കുന്നവരെന്നും, ദേവിയുടെ ഉപാസകരെന്നുമാണ് ഇടൂഴി അറിയപ്പെടുന്നത്.
യാഗാഗ്നി സൂക്ഷിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇവര്‍ യാഗശാല വൈദ്യന്മാരായി അറിയപ്പെടുന്നു. വേദകാലഘട്ടങ്ങളിലെ യാഗങ്ങളില്‍ യാഗശാല വൈദ്യന്മാര് എന്നൊരു വിഭാഗം ഉണ്ടായിരുന്നതായി പുരാണങ്ങളില്‍ പറയുന്നുണ്ട്. യാഗാഗ്നി സംരക്ഷിക്കുന്നതോടൊപ്പം ആരോഗ്യ സംരക്ഷണവും ഇവരുടെ കടമയായിരുന്നു. രാജരാജേശ്വരി ഉപാസകരായ ഇടൂഴി വൈദ്യന്മാര്ക്ക് യാഗശാല പ്രാതിനിധ്യം ഉണ്ടായിരുന്നതായി ഐതിഹ്യങ്ങളും പറയുന്നു. പ്രാചീനകാലം തൊട്ട് നേത്രചികിത്സയ്ക്ക് പേരുകേട്ട ഇടൂഴി വൈദ്യം ഇന്ന് അന്ധതയ്ക്കും വന്ധ്യതയ്ക്കുമുളള ചികിത്സയ്ക്ക് പേരുകേട്ട പാരമ്പര്യ വൈദ്യപരിശോധനാകേന്ദ്രമായി നിലകൊള്ളുന്നു.
ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. പ്രതിരോധ സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഇവിടെയെത്തി രോഗശാന്തി നേടി മടങ്ങുന്നവരില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ-സാംസ്കാരിക ഭരണ, രാഷ്ട്രീയ തലങ്ങളിലേയും വിദേശ രാജ്യങ്ങളിലേയും പല പ്രമുഖരും ഇടൂഴി വൈദ്യത്തിന്റെ ചികിത്സാപുണ്യം അനുഭവിക്കുകയും രോഗശാന്തി നേടുകയും ചെയ്തിട്ടുണ്ട്. വള്ളത്തോള്‍, ഇഎംഎസ്, ജസ്റ്റിസ് രാമയ്യര്, മുന്‍ കരസേന മേധാവി ജനറല്‍ കരിയപ്പ തുടങ്ങിയവര്‍ ഇടൂഴിയില്‍ ചികിത്സ തേടിയെത്തുകയുണ്ടായി.
സ്വാമി നാരായണ്‍ജി മഹാരാജ് ഇല്ലത്ത് താമസിച്ച് ചികിത്സ തേടുകയും മറ്റുള്ളവരെ ചികിത്സിക്കുകയും ചെയ്തിരുന്നു. കര്‍ണ്ണാടക, ഉഡുപ്പി, കൃഷ്ണമഠം, കുടക്, ബെംഗളൂരൂ, ഹൈദരാബാദ്, മദ്രാസ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇടൂഴി വൈദ്യന്മാര് ‘മടക്ക്പാത്തി’ യുമായി ആയുര്‍വ്വേദ ചികിത്സ നടത്തിയതായും പ്രാചീന രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
ഇടൂഴി ഇല്ലത്തിന്റെ പാരമ്പര്യ ആയുര്‍വ്വേദ ചികിത്സ ആധുനിക കാലത്ത് അറിയപ്പെട്ടു തുടങ്ങിയത് 1907ല്‍ ഇടൂഴി വലിയ മാധവന് നമ്പൂതിരിയെന്ന പ്രശസ്ത പാരമ്പര്യ വൈദ്യന്റെ കാലഘട്ടത്തിലാണ്. തുടര്‍ന്ന് മകന് ഇടൂഴി മാധവന് നമ്പൂതിരിയും ഇദ്ദേഹത്തിന്റെ മകന് ഇടൂഴി മഹന്‍ മാധവന് നമ്പൂതിരിയും ഇടൂഴി ഇല്ലത്തെ ആയുര്‍വ്വേദ പാരമ്പര്യത്തെ മുന്നോട്ട് നയിച്ചു.
ഇടൂഴി മഹന്‍ മാധവന് നമ്പൂതിരിയുടെ അനുജന് 76 കാരനായ ഇടൂഴി ഭവദാസന്‍ നമ്പൂതിരിയും മക്കളും മരുമക്കളുമാണ് ഇല്ലത്തെ ആയുര്‍വ്വേദ പാരമ്പര്യത്തെ അതിന്റെ പൗരാണികമായ എല്ലാ മഹത്വത്തോടുകൂടി ഇപ്പോള്‍ സംരക്ഷിച്ചു പോരുന്നത്. ‘ഇടൂഴി നമ്പൂതിരീസ് ആയുര്‍വ്വേദ നഴ്സിങ് ഹോം ആന്‍ഡ് ഇടൂഴി നേത്ര ചികിത്സാലയം’ എന്ന പേരില്‍ ഭവദാസന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മയ്യില്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തായി ആയുര്‍വ്വേദ വൈദ്യപരിശോധന കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നു. 2008 ല്‍ വിപുലമായ പരിപാടികളോടെ ഇടൂഴിയുടെ ആയുര്‍വ്വേദ പെരുമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. ഭവദാസന്‍ നമ്പൂതിരിയും മക്കളും ഉള്‍പ്പെടെ ഒമ്പതുപേര്‍ അംഗങ്ങളായ ‘ഇടൂഴി ആയുര്‍വ്വേദ ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റാണ്’ ഇടൂഴി ആയുര്‍വ്വേദ ചികിത്സാലത്തിനും അനുബന്ധ സ്ഥാപനങ്ങളും ട്രസ്റ്റിന്റെ മറ്റ് സാമൂഹ്യ-പരിസ്ഥിതി, സാംസ്കാരിക ക്ഷേമ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും നേതൃത്വം നല്‍കുന്നത്.
ആയുര്‍വ്വേദ രംഗത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിയോട്ടെന്ന സ്ഥലത്ത് 60 സെന്റ് ഭൂമിയില്‍ സൗജന്യ-ഭക്ഷണ താമസ സൗകര്യങ്ങളോടു കൂടിയ ധര്‍മ്മാശുപത്രി ഏതാനും മാസങ്ങള്‍ക്കുളളില്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് ട്രസ്റ്റ് ഭാരവാഹികള്‍. ചികിത്സയിലൂടെ ലഭിക്കുന്ന ധന്വന്തരി ഭാഗം കഴിച്ച് ബാക്കി സമൂഹത്തിന് നല്‍കണമെന്ന പുരാണ പൂര്‍വ്വിക മതമനുസരിച്ചാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതെന്ന് ഭവദാസന്‍ നമ്പൂതിരി പറഞ്ഞു.
തിരുവനന്തപുരം, കണ്ണൂര്‍, ചെക്കിക്കുളം എന്നിവിടങ്ങളില്‍ ശാഖകളുള്ള ഇടൂഴി ആയുര്‍വ്വേദ നഴ്സിങ് ഹോമിന് സ്വന്തമായി ആയുര്‍വ്വേദ മരുന്നു നിര്‍മ്മാണ യൂണിറ്റും ആസ്ഥാനമായ മയ്യിലില്‍ പ്രവര്‍ത്തിക്കുന്നു.
പ്രതിരോധ സേനയുടെ ഭാഗമായ ഏഴിമല നാവിക അക്കാദമിയില്‍ 2011 മുതല്‍ സേനാംഗങ്ങള്‍ക്കായി ഇടൂഴി ഫൗണ്ടേഷന്റെ ആയുര്‍വ്വേദ ക്യാമ്പ് ഓഫീസും പ്രവര്‍ത്തിക്കുന്നു. ഓഫീസ് നാവിക അക്കാദമി അധികൃതരുടെ ആവശ്യപ്രകാരം പുതിയ ബ്ലോക്കിലേക്ക് എല്ലാവിധ സൗകര്യങ്ങളോടെയും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. നേവല്‍ കേഡറ്റുകളുടെ ആരോഗ്യ പരിചരണത്തില്‍ ഇടൂഴി ആയുര്‍വ്വേദ ക്ലിനിക്ക് മഹത്തായ സേവനമാണ് നടത്തി വരുന്നതെന്ന് അക്കാദമിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. 520 ലേറെ മരുന്നുകള്‍ ഇടൂഴിയുടെ മരുന്നു നിര്‍മ്മാണ യൂണിറ്റില്‍ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. മരുന്നു നിര്‍മ്മാണ ശാലയ്ക്ക് ഗുഡ് മാനുഫാക്ച്ചറിംഗ് പ്രാക്ടീസ് (ജിഎംപി) സര്‍ട്ടിഫിക്കേഷനും ലഭിച്ചു. അഞ്ച് ഡോക്ടര്‍മാരുള്‍പ്പെടെ നാല്പത്തഞ്ചോളം തൊഴിലാളികള്‍ ആശുപത്രിയിലും മരുന്നു നിര്‍മ്മാണശാലയിലും മറ്റുമായി ജോലി ചെയ്യുന്നു.
ഏകദേശം 980 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായിരുന്നു ഇടൂഴി ഇല്ലക്കാര്. ഇതില്‍ ഏറെയും വിവിധ ആവശ്യങ്ങള്‍ക്ക് ദാനമായി നല്കി. ഇപ്പോള്‍ മൂന്ന് ഏക്കറോളം മാത്രമേയുളളൂ. മയ്യില്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഹയര്‍സെക്കന്‍ഡറി സ്കൂളിനായി 12 ഏക്കറോളം ഭൂമിയാണ് ഇല്ലത്തെ പഴമക്കാര്‍ സര്‍ക്കാരിലേക്ക് ദാനം ചെയ്തത്. 1954ല്‍ അയിത്താചരണത്തിനെതിരായ സാമൂഹ്യ പ്രക്ഷോഭം എന്ന നിലയില്‍ എല്ലാ ജാതി മതസ്ഥരേയും ഒരുമിച്ചിരുത്തി ഒരു വേദിയില്‍ ഭക്ഷണം കഴിച്ചു കൊണ്ട് നടത്തിയ മിശ്രഭോജനം അഥവാ സാമൂഹ്യഭോജനം എന്ന നിര്‍ണ്ണായക സംഭവം നടന്നത് ഇടൂഴി ഇല്ലത്തെ മാധവന് നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു.
ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ‘ആയുഷ്യം’ എന്ന പേരില്‍ ദ്വൈമാസികയും പ്രസിദ്ധീകരിച്ചു വരുന്നു. ആയുര്‍വ്വേദ ചരിത്രം വിവരിക്കുന്ന അറുനൂറും എഴുനൂറും വര്‍ഷം പഴക്കമുളള താളിയോലകളുടെ വലിയൊരു ശേഖരംതന്നെ ആയുര്‍വ്വേദ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അഷ്ടാംഗ ഹൃദയം, ജ്യോതിഷ പ്രശ്ന മാര്‍ഗ്ഗങ്ങള്‍, മന്ത്രചികിത്സ,അഗ്നിഹോത്ര യാഗ ചടങ്ങ് പരാമര്‍ശിക്കുന്ന വിഷ നാരായണീയം എന്നിവയുടെ ഗ്രന്ഥലിപിയില്‍ എഴുതപ്പെട്ട താളിയോലകളും ഇക്കൂട്ടത്തിലുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് വകുപ്പിന് കീഴിലുള്ള നാഷണല്‍ ആയുര്‍വ്വേദ അക്കാദമിയുടെ കീഴില്‍ 35,000 രൂപ സ്റ്റൈപ്പെന്റോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് രാഷ്ട്രീയ ആയുര്‍വ്വേദ വിദ്യാപീഠ് (സിആര്‍എവി) കോഴ്സില്‍ രണ്ട് പേര്‍ക്ക് വര്‍ഷംതോറും ആശുപത്രിയില്‍ പരിശീലനം നല്കിവരുന്നു.
അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച ബിഎഎംഎസ് ബിരുദധാരികളാണ് ഉപരിപഠനമെന്ന രീതിയില്‍ ഈ കോഴ്സ് പരിശീലിക്കുന്നത്. നേത്ര രോഗ ചികിത്സാ രംഗത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്ന് ഗവേഷണ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. പരമ്പരാഗത ആയുര്‍വ്വേദ അറിവുകളെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇടൂഴി അക്കാദമി ഓഫ് ആയുര്‍വ്വേദ കഴിഞ്ഞ ജനുവരി മുതല്‍ ഗവേഷണ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഔഷധസസ്യ കൃഷി പരിപാലനവും പ്രോത്സാഹനവും ബോധവല്‍ക്കരണവും നല്കുന്ന നാഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുകയാണ് പാഠശാല.
രാഷ്ട്രീയ ആയുര്‍വ്വേദ വിദ്യാപീഠിന്റെ 2010ലെ ദേശീയ ഫെലോഷിപ്പ് ഡിഎഎം ബിരുദധാരിയായ ഭവദാസന്‍ നമ്പൂതിരിക്ക് ലഭിക്കുകയുണ്ടായി. 2011ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ഭടാനന്ദ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. മകന് ഡോ. ഉണ്ണികൃഷ്ണന് ഔഷധസസ്യ പരിപാലനത്തിന് വനമിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2016ല്‍ കൊല്‍ക്കത്തയില്‍ നടന്ന ലോക ആയുര്‍വ്വേദ കോണ്‍ഗ്രസില്‍ ഔഷധക്കഞ്ഞിയെ ക്കുറിച്ച് അവതരിപ്പിച്ച പ്രബന്ധം ഒന്നാം സ്ഥാനം നേടുകയുണ്ടായി. മയ്യില്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തായി ആശുപത്രിയോടനുബന്ധിച്ച് ഒന്നേകാല്‍ ഏക്കറില്‍ പരന്നു കിടക്കുന്ന വലിയൊരു ഔഷധസസ്യ തോട്ടവും ട്രസ്റ്റിന്റെ കീഴില്‍ പരിപാലിച്ചു വരുന്നു. വര്‍ഷങ്ങളായി ആഴ്ചയില്‍ ഒരു ദിവസം (ബുധന്‍) സൗജന്യ ചികിത്സയും മരുന്നും ആശുപത്രിയിലെ പ്രത്യേകം സജ്ജീകരിച്ച ഒപി വഴി നല്കുന്നു.
സാവിത്രി അന്തര്‍ജ്ജനമാണ് ഭവദാസന്‍ നമ്പൂതിരിയുടെ ഭാര്യ. മക്കളായ ഡോ.ഐ.ഉണ്ണികൃഷ്ണനും ഡോ.ഐ.ഉമേഷും ഒപ്പം ഉണ്ണികൃഷ്ണന്റെ ഭാര്യ ഡോ. ധന്യ, ഉമേഷിന്റെ ഭാര്യ ഡോ. അപര്‍ണ്ണ എന്നിവരും ഏക മനസ്സോടെ രാപ്പകല്‍ ഭേദമന്യേ ഇടൂഴിയുടെ ആയുര്‍വ്വേദ മഹത്വം ഊട്ടിഉറപ്പിക്കുന്നതിന് ആഹോരാത്രം പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: