മരട്: ഒന്നര വയസ്സുള്ള കുട്ടിയുള്‍പ്പെടെ മൂന്നുപേരെ തെരുവുനായ ആക്രമിച്ചു. വീട്ടു പടിക്കല്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാലില്‍ കടിച്ച് മുറ്റത്തേക്ക് ഇട്ടു. കുഞ്ഞിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ അമ്മൂമ്മ നായയെ ഓടിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ അച്ഛനെത്തിയപ്പോഴേക്കും ഓടിപ്പോയ നായ റോഡിലൂടെ പോകുകയായിരുന്ന മറ്റു രണ്ടു പേരെയും കടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.45ന് മരട് കാട്ടിത്തറ റോഡില്‍ ആയിരുന്നു സംഭവം. കാട്ടിത്തറ റോഡില്‍ കൊളുത്തുള്ളില് വീട്ടില്‍ വിനുവിന്റെ മകള്‍ ഹെലിയ (ഒന്നര വയസ്), കാട്ടിത്തറ റോഡ് സ്വദേശി ജ്യോതിസ് (32), ബൈക്ക് യാത്രികനായ മറ്റൊരു യുവാവ് എന്നിവര്‍ക്കാണ് കടിയേറ്റത്. ബൈക്ക് യാത്രികന് വണ്ടി നിര്‍ത്താതെ പോയി. മാരകമായി മുറിവേറ്റ കുട്ടിയെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണ്ടത്ര ചികിത്സാ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോള്‍ വീട്ടില്‍ സുഖം പ്രാപിച്ചു വരുന്നു. ആക്രമിച്ച നായയെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: