അകലെ ഒരു തോറ്റം പാട്ടിന്റെ താളം കേള്‍ക്കുന്നുണ്ടോ?പതിഞ്ഞ താളത്തില്‍ കൊട്ടുയരുകയാണ്. തുലാം പത്തോടുകൂടി വടക്കന്റെ മണ്ണും മനസ്സും ഉണരുന്നു. രൗദ്രതാളം കൊണ്ട് മനസുകളെ മയക്കി ഇരുണ്ട വെളിച്ചത്തില്‍ തിരശീലയ്ക്ക് പിറകില്‍ ഒരു വലിയ പുറപ്പാടിന് ഒരുക്കം തുടങ്ങുകയായി.
പുറത്തു ചെണ്ട മേളങ്ങള്‍ കൊഴുക്കുമ്പോള്‍ അണിയറയില്‍ കെട്ടുപന്തത്തിന്റെ വെളിച്ചത്തില്‍ ചുവപ്പില്‍ കുളിച്ച് ഒരു കോലധാരി ഒരുങ്ങുന്നു. മഞ്ഞളും വിളക്കിന് കരിയും അരി പൊടിച്ചതും ചുട്ടെടുത്ത നൂറും ചേര്‍ത്ത് മേല്ചമയമൊരുക്കി തെച്ചിപ്പൂക്കളും കുരുത്തോലയും മയില്പ്പീലിയുമൊക്ക ചേര്‍ന്ന് കാല്‍ച്ചിലമ്പുമണിഞ്ഞ് തിരുമുറ്റത്തേയ്ക്ക് അദ്ദേഹം ഇറങ്ങുന്നു.ഓരോ കോലധാരിയും സമര്‍പ്പണബോധത്തിന്റെ ആള്‍രൂപമായി മാറി ”തെയ്യമായി”ഒരു നാടിന്റെ താളലയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ കുടിയിരുത്തിയ ദൈവികത നാട്ടാര്‍ക്ക് അനുഗ്രഹാശിസ്സായി മാറുന്നു.
അരൂപിയായ ദൈവം വടക്കന്റെ മണ്ണിലേക്ക് ഇറങ്ങുന്നത് തെയ്യമായി, ദൈവികതയുടെ ഉദാത്തമായ സങ്കല്പമായിട്ടാണ് തെയ്യത്തെ വടക്കന്മാര് കണ്ടുവരുന്നത്. അതിനാല്‍ തന്നെ സാമൂഹ്യ സാംസ്കാരിക ജീവിതവുമായി ഇഴപിരിയാത്ത ബന്ധമുണ്ട് തെയ്യത്തിന്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട കീഴാളന്റെതാണ് തെയ്യം. വരേണ്യവര്‍ഗത്തിന്റെ യാതൊരുവിധ അലുക്കുകളുമില്ലാതെ അവര്‍ണന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായി തെയ്യം മാറുന്നു.
കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോടു കൂടിയാണ് വടക്കേ മലബാറില്‍ കഥപറച്ചിലുകളുടെ രാവുകള്‍ക്ക് തുടക്കമാവുന്നത്.വര്‍ഷത്തില്‍ ഒരു തവണയാണ് കളിയാട്ടം കൊണ്ടാടുന്നത്.രണ്ടോ,മൂന്നോ,നാലോ,അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന കളിയാട്ടങ്ങളുമുണ്ട്.പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന പെരുങ്കളിയാട്ടവുമുണ്ട്. ഒരു നാടിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ആകെത്തുകയാണ് ഓരോ കളിയാട്ടകാലവും പ്രതിനിധീകരിക്കുന്നത്.
കാവ്, കോട്ട, പള്ളിയറ,അറ ഇവ തെയ്യം കെട്ടിയാടുന്ന സ്ഥാനങ്ങളില്‍ ചിലതാണ് . പാല, ചെമ്പകം,അരയാല്‍, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങളെ തെയ്യത്തിന്റെ സങ്കേതങ്ങളായും വിശ്വസിച്ചു പോരുന്നു.മലയര്‍, വേലര്‍,അഞ്ഞൂറ്റാന്‍,മുന്നൂറ്റാന്‍,മാവിലര്‍, പുലയര്‍ ,കോപ്പാളര്‍, ചീങ്കത്താന്മാര് എന്നീ വിഭാഗങ്ങളാണ് തെയ്യം കെട്ടിയാടാറുള്ളത്.
വടക്കരുടെ പേരിനു പെരുമ കൂട്ടുന്ന തെയ്യകഥകളിലേക്ക് നമ്മുക്കൊന്നിറങ്ങിചെല്ലാം. കാതുകൂര്പ്പിക്കേണ്ടതുണ്ട് മനസ്സിരുത്തേണ്ടതുമുണ്ട്.
മുച്ചിലോട്ടമ്മ
നമ്പ്രം മുച്ചിലോട്ട് കാവിലെ ഭഗവതി ക്ഷേത്രത്തില്‍ തിരുമുടി ഉയരുന്നതോടെയാണ് മുച്ചിലോട്ട് കാവുകളിലെ കളിയാട്ടത്തിനു തുടക്കം കുറിക്കുന്നത്. വാണിയ സമുദായത്തിന്റെ ആരാധനാമൂര്‍ത്തിയാണ് മുച്ചിലോട്ട് ഭഗവതി. പെരിഞ്ചല്ലൂര്‍ ഗ്രാമത്തിലെ രായമംഗലത്ത് മനയിലെ കന്യക. സകലകലാവല്ലഭ. വേളിക്ക് പ്രായമെത്തിയപ്പോള്‍ തര്‍ക്കത്തില്‍ തന്നെ പരാജയപ്പെടുത്തുന്നയാളെ മാത്രമേ ഭര്‍ത്താവായി സ്വീകരിക്കുള്ളുവെന്ന് വാശിപിടിച്ചു.
അസൂയാലുക്കളായ മറ്റു പണ്ഡിതര്‍ ഒരുക്കിയ ചതിയായി ആ മല്‍സരം. രസങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതേതെന്നും, ഏറ്റവും വലിയ നോവേതെന്നുമുള്ള ചോദ്യത്തിനു ഏറ്റവും വലിയ രസം കാമരസം അതായിരുന്നു അവളുടെ മറുപടി.പേറ്റുനോവറിയാത്ത ഇവള്‍ക്കിതെങ്ങനെ അറിയാമെന്നും അതിനാല്‍ ഇവള് കന്യകയല്ലെന്നും പടിയടച്ചു പിണ്ഡം വെക്കണമെന്നും അവര്‍ വാദിച്ചു. അപമാനിതയായി നാടുവിട്ട അവര്‍ ആത്മഹത്യ ചെയ്യാനുറച്ചു. വഴിവക്കില്‍ അഗ്നികുണ്ഡമൊരുക്കി അതുവഴി വന്ന വാണിയനോട് എണ്ണ തീയില്‍ ഒഴിക്കാന്‍ പറഞ്ഞു. ശേഷം അഗ്നിപ്രവേശം ചെയ്തു. അപമാന ഭാരത്താല്‍ ആത്മാഹുതി ചെയ്ത ഈ കന്യകയെയാണ് മുച്ചിലോട്ടമ്മയായ് ആരാധിച്ചുപോരുന്നത്.
വയനാട്ടുകുലവന്‍
തീയ്യ സമുദായത്തിന്റെ പ്രധാന ആരാധനാമൂര്‍ത്തിയാണ് തൊണ്ടച്ചന് എന്നറിയപ്പെടുന്ന വയനാട് കുലവന്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുമെന്ന് വിശ്വസിക്കുന്ന വൃദ്ധരൂപിയായ ഈ തെയ്യം അന്ധനാണ്. ശിവന് വേടവേഷം പൂണ്ട് നായാടി നടക്കവെ തെങ്ങിന് മുകളില്‍ മധു കാണാതെ ദേഷ്യപ്പെട്ട് ശിവന് തന്റെ വലതുതുടയില്‍ അടിച്ചപ്പോള്‍ ഒരു പുത്രന് ജനിച്ചു പിന്നീട് നായാടിനടന്ന പുത്രനോട് കദളി എന്ന മധുവനത്തില്‍ നായാടരുതെന്ന് ശിവന് പറഞ്ഞു. ഇതോര്‍ക്കാതെ ഒരിക്കല്‍ കദളിവനത്തില്‍ പ്രവേശിച്ച് പുത്രന്, അബദ്ധത്തില്‍ ശിവനായി തയാറാക്കിവെച്ച നൂറ്റെട്ടു കുംഭങ്ങളിലൊന്ന് കുടിക്കുകയും ശേഷം കാഴ്ച നഷ്ടപ്പെട്ട പുത്രനു ശിവന് പൊയ്കണ്ണ് നല്കി. യാത്ര തുടര്‍ന്ന പുത്രന് എത്തിച്ചേര്‍ന്നത് വയനാട്ടിലാണ്. അങ്ങനെ അദ്ദേഹത്തിന് വയനാട്ടുകുലവെനെന്ന പേര് ലഭിച്ചു.വടക്കെ മലബാറിലെ പ്രധാന ആരാധനാമൂര്ത്തികളിലൊന്നായ് വയനാട്ടുകുലവനെ ആരാധിച്ചുപോരുന്നു.
മാക്കവും മക്കളും
നിന്ദിതന്റെയും,പീഡിതന്റെയും, പോരാളികളുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പാണ് തെയ്യം. അതില്‍ അമ്മ ദൈവങ്ങള്‍ക്കും കഥകളേറെ പറയാനുണ്ട്. സംഹാരരുദ്രയായ മാക്കത്തിന്റെ പ്രതികാരമാണ് മാക്കതെയ്യത്തിനു പിന്നില്‍ .പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ കടാങ്കോട് തറവാട്ടിലെ 12 സഹോദരന്മാര്ക്കുള്ള ഏക സഹോദരിയാണ് മാക്കം.
അതേ ഏട്ടന്മാര് തന്നെ ഭാര്യമാരുടെ ഏഷണികേട്ട് മാക്കത്തെയും മക്കളെയും ചതിച്ചു കിണറ്റില്‍ തള്ളിയിട്ടുകൊന്നു.ദൈവക്കരുവായിതീര്ന്ന മാക്കത്തിന്റെ പ്രതികാരാഗ്നിയില്‍ പിന്നീട് സഹോദരന്മാരും ഭാര്യമാരും ദുര്‍മരണപ്പെടുകയും തറവാടു നശിക്കുകയും ചെയ്തു. കാലക്രമേണ മാക്കത്തിനും മക്കള്‍ക്കും കോലരൂപം നല്കി കെട്ടിയാടാന്‍ തുടങ്ങി. കുംഭം 10 നും 11 നും കുഞ്ഞിമംഗലം കടാങ്കോട് ആരൂഡ തറവാട് ക്ഷേത്രത്തിലെ മാക്കതെയ്യവും മക്കളും ഇന്നും വിശ്വാസികളുടെ ഹൃദയം കവരുന്നു..
അണ്ടലൂര്‍ ദൈവത്താര്‍
ജനപങ്കാളിത്തം കൊണ്ടും ആചാരാനുഷ്ഠാനങ്ങളിലെ വൈവിധ്യം കൊണ്ടും അണ്ടലൂര്‍ ക്ഷേത്രോല്‍സവം ഏറെ പ്രശസ്തമാണ്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ഒരുമയും നന്മയുമെന്തെന്ന്് കുംഭം1 മുതല്‍ 7 വരെയുള്ള ആണ്ടുതിറയോടുകൂടി അന്യദേശക്കാര്‍ക്ക് മനസ്സിലാകും. രാമായണകഥ മുന്‍നിര്‍ത്തി അണ്ടലൂര്‍ ദൈവത്താറീശ്വരന്‍ ശ്രീരാമനായും ,അങ്കക്കാരന്‍ ലക്ഷ്മണനായും, ബപ്പൂരന്‍ ഹനുമാനായും അതിരാളന്‍ സീതാദേവിയായും ഇവിടെ കെട്ടിയാടുന്നു. പണ്ട് ധര്‍മ്മപട്ടണം എന്നറിയപ്പെട്ട ധര്‍മടം പഞ്ചായത്തിലെ മേലൂര്‍, പാലയാട്, അണ്ടലൂര്‍, ധര്‍മടം എന്നീ നാലു ദേശവാസികള്‍ ചേര്‍ന്നാണീ ഉല്‍സവം കൊണ്ടാടുന്നത്.
വ്രതനിഷ്ടരായ പുരുഷന്മാര് ബനിയനും ,തോര്‍ത്തുമുടുത്ത് ദൈവത്താറീശ്വരനൊപ്പം മെയ്യാല്കൂടല് ചടങ്ങിനു പങ്കാളികളാകുന്നു.ശ്രീരാമന്റെ വാനരപ്പടയായി വിശ്വസിച്ചുപോരുന്ന ഈ പുരുഷാരം ദൈവത്താറീശ്വരന്റെ കൂടെ നാലുവട്ടവും ,തിരുമുടിവെപ്പിനുശേഷം ബപ്പൂരന്തെയ്യത്തിന്റെ കൂടെ മൂന്നുവട്ടവും ക്ഷേത്രം വലംവെക്കുന്ന കാഴ്ച അത്യപൂര്‍വ്വമായ ഒരു ദൃശ്യവിരുന്നാണ്.ആ ഏഴു ദിവസങ്ങളില്‍ മല്സ്യമാംമാസാദികള് വെടിഞ്ഞ് ദേശവാസികള്‍ അവിലും പൊരിയുമായി അതിഥികളെ വരവേല്‍ക്കുന്നു.പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് ഒരാഴ്ച അവധിയും .പുറംനാടുകളില്‍ ജോലി ചെയ്യുന്നവര്‍ അവധി കൂട്ടിവെച്ച്് ഉല്‍സവനാളില്‍ നാട്ടിലെത്തുന്നു. ഇങ്ങനെ ജാതിമതഭേദമന്യേന ഒരു നാടു മുഴുവന്‍ ഒന്നാകുന്ന കാഴ്ച ധര്‍മടത്തിനു സ്വന്തം.
പറശ്ശിനിയിലെ ‘പൊന്നുമുത്തപ്പന്‍’
ശൈവരൂപിയായ പറശ്ശിനിമുത്തപ്പനും വടക്കേമലബാറുകാരുടെ വിളി കേള്‍ക്കാന്‍ വിളിപ്പുറത്തുണ്ട്. ‘ന്റെ മുത്തപ്പാ’ ആ നീട്ടിവിളി ഒരു ശീലമായി കാലങ്ങളായി തുടരുന്നുണ്ടുതാനും. മറ്റു തെയ്യക്കോലങ്ങളില്‍ നിന്നു ഇത്തിരി മാറി ദിവസവും െൈവകിട്ട് വെള്ളാട്ടവും ,പുലര്‍ച്ചെ തിരുവപ്പനയും ആയി പറശ്ശിനിമുത്തപ്പന്‍ കെട്ടിയാടി നിത്യേന ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമേകുന്നു.
തികഞ്ഞ ശിവഭക്തയായ അയ്യങ്കര ഇല്ലത്തെ പാടികുട്ടി അന്തര്‍ജനത്തിനു കുളക്കടവില്‍ നിന്നു ലഭിച്ച പൊന്നോമനയാണ് മുത്തപ്പന് .കുസൃതിയായ മുത്തപ്പനു പ്രിയമാകട്ടെ നായാട്ടും ,മല്സ്യമാംമാസാദികളും താഴ്ന്ന ജാതിയില്‍പെട്ട സാധാരണക്കാരോടുള്ള കൂട്ടും.ബ്രാഹ്മണ ശൈലിയില്‍ നിന്നുള്ള ഈ വേറിട്ട നടപ്പ് ഇല്ലത്ത് അപ്രിയമാവുകയും ശാസന കേള്‍ക്കുകയും ചെയ്യ്തു.മുത്തപ്പന്റെ കണ്ണില്‍ നിന്നു വന്ന അതിപ്രഭ കണ്ടു പേടിച്ച പാടിക്കുട്ടി അമ്മ മകനോടു പൊയ്ക്കണ്ണു വെക്കാന്‍ ഉപദേശിക്കുകയും തന്റെ അവതാരോദ്യേശം പൂര്ത്തിയാക്കുന്നതിനായ് മുത്തപ്പന് വീടുവിട്ടിറങ്ങുകയും കുന്നത്തൂര്‍പ്പാടിയില്‍ ആദ്യസ്ഥാനമുറപ്പിക്കുകയും ചെയ്തു. പിന്നീട് പറശ്ശിനിക്കടവിലെത്തുകയും മുത്തപ്പന്റെ വിശിഷ്ടമായ ആരൂഢമായി പറശ്ശിനി മാറുകയും ചെയ്യ്തു. നിത്യേനയുള്ള അന്നദാനവും,വെളളാട്ടവും ഇവിടത്തെ പ്രത്യേകതയാണ്. മുത്തപ്പന്വാഹനമായ നായയും ഇവിടെ ധാരാളമായിക്കാണുന്നു. യാതൊരു ഭയപ്പാടും, ദ്രോഹവുമുണ്ടാക്കാതെ.
തുലാവര്‍ഷമഴയില്‍ മടിപിടിച്ചിരിക്കുന്ന കുഞ്ഞുമനസ്സുകളില്‍ കുഞ്ഞുകൗതുകത്തിന്റെയും ഭാവനയുടെയും വിത്തുപാകാന്‍ വടക്കെ മലബാറിലെ മുത്തശ്ശിമാര്‍ ഇങ്ങനെ എത്രയെത്ര കഥകളോതിക്കൊടുത്തിരിക്കുന്നു. വിഷ്ണുമൂര്ത്തിയും, കതിവന്നൂര്‍ വീരനും, കണ്ടനാര്‍ കേളനും, കണ്ണങ്ങാട്ടു ഭഗവതിയും, കുണ്ടോറ ചാമുണ്ടിയും എന്തിനു പറയുന്നു അരൂപിയായ ദൈവങ്ങളൊക്കെയും തെയ്യക്കോലങ്ങളായി കെട്ടിയാടുന്ന നാട്ടിലെ നാട്ടാര്‍ക്ക് കഥകള്‍ക്ക് എന്തിനുക്ഷാമം! അവ ഇന്നും പുതുതലമുറയില്‍ കൗതുകമുണര്‍ത്തി നിറഞ്ഞാടുകയാണ്. മഴ മണ്ണിനെ ചുംബിക്കുന്ന എല്ലാ തുലാമാസരാവുകളെയും അവര്‍ ഇനിയും കാത്തിരിക്കും. ആ ‘കളിയാട്ടരാവുകള്ക്കായി’…
പ്രതികരിക്കാൻ ഇവിടെ എഴുതുക: