കൊല്ലത്ത് ഏറെക്കാലം പത്രപ്രവര്‍ത്തകനായിരുന്ന അനിരുദ്ധ ശര്‍മ അന്തരിച്ച വിവരം വാര്‍ത്താചാനലുകളിലും ജന്മഭൂമിയിലും നിന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹവുമായി ആറുപതിറ്റാണ്ടുകള്‍ മുന്‍പ് മുതല്‍ നിലനിന്ന പരിചയവും അടുപ്പവും ഓര്‍ത്തു. 1957 ല്‍ ഞങ്ങള്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ പ്രചാരകന്മാരായിരുന്നു. ഞാന്‍ ഗുരുവായൂരിലും ശര്‍മ കൊടുങ്ങല്ലൂരിലും. അക്കാലത്തു സംസ്ഥാന പുനര്‍വിഭജനം കഴിഞ്ഞ് കേരളം നിലവില്‍ വന്നുവെങ്കിലും ഗുരുവായൂരിന്റെ മലബാര്‍ സ്വഭാവവും കൊടുങ്ങല്ലൂരിന്റെ കൊച്ചി സ്വഭാവവും മാറിയിരുന്നില്ല. ഇന്നും ഇല്ല, അത് ഇനിയും തികച്ചും മാറുമെന്നും വിചാരിക്കുന്നില്ല.
ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുത്തത് മലബാര്‍ ദേവസ്വം ബോര്‍ഡാണ്, തൃശ്ശിവപേരൂര്‍ ആസ്ഥാനമായ കൊച്ചി ബോര്‍ഡല്ല എന്നത് അതിന് തെളിവാണ്. അന്ന് ഗുരുവായൂരുനിന്ന് കൊടുങ്ങല്ലൂരിലേക്കു നേരിട്ടു ബസ്സില്ല. പഴയ സ്റ്റേറ്റ് അതിര്‍ത്തിയായ ആലയില്‍ ഇറങ്ങി 200 മീറ്റര്‍ നടന്ന് വേറെ ബസ്സില്‍ കയറണമായിരുന്നു
അനിരുദ്ധ ശര്‍മ്മ കൊടുങ്ങല്ലൂര്‍ പ്രചാരകനാണെന്നും സൗകര്യപ്പെട്ട ഒരു ദിവസം തമ്മില്‍ കാണുന്നത് പഴയ സ്മരണകള്‍ പുതുക്കാന്‍ ഉപകരിക്കുമെന്നും കാട്ടി മാധവജി തിരുവനന്തപുരത്തുനിന്നും അയച്ച കത്തില്‍ ശര്‍മയുടെ അഡ്രസ് ഉണ്ടായിരുന്നു. എന്റെ ഒപ്പം പ്രഥമ വര്‍ഷ ശിക്ഷണം മദിരാശിയിലെ വിവേകാനന്ദ കോളജിലെ സംഘശിക്ഷാവര്‍ഗില്‍ നേടിയ രാമചന്ദ്ര പ്രഭുവിന്റെ വീടിന്റെ ഒരു ഭാഗമാണ് കാര്യാലയമാക്കി അനിരുദ്ധ ശര്‍മ താമസിച്ചിരുന്നത്.
രാമചന്ദ്ര പ്രഭു പിന്നീട് പ്രചാരകനും വിവേകാനന്ദ ശിലാസ്മാരക നിര്മാണക്കാലങ്ങളില് ഏകനാഥ് റാനഡേയുടെ പിഎയായും ചെന്നൈയിലെ അതിന്റെ ആസ്ഥാനത്ത് പ്രമുഖ ചുമതല വഹിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ഈ പംക്തികളില്‍ പലതവണ പരാമര്‍ശിച്ചിട്ടുള്ളതാണ്. ഒരു ദിവസം അങ്ങനെ കൊടുങ്ങല്ലൂരിനടുത്ത് ശൃംഗപുരത്തെ കാര്യാലയത്തില്‍ പോയി ശര്‍മാജിയും പ്രഭുവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു.
നേരത്തെ തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കാര്യാലയത്തില്‍ മാധവജിയോടൊപ്പം താമസിച്ചിരുന്ന കാലത്ത്, അദ്ദേഹത്തെ കാണാന്‍ കൊല്ലത്തുനിന്ന് എത്തിയപ്പോഴാണ് ശര്‍മയെ ആദ്യം പരിചയപ്പെട്ടത്. വളരെ ആകര്‍ഷകമായ വ്യക്തിത്വവും സംസാരരീതിയുമാണദ്ദേഹത്തിന്റെതെന്ന് അപ്പോള്‍ തോന്നി.
മലയാള ഭാഷ, മലയാളിത്തത്തോടെ സംസാരിക്കുന്ന അല്പം ചില സാരസ്വതന്മാരില് അദ്ദേഹമുണ്ടായിരുന്നു. ഞങ്ങള്‍, നമ്മള് എന്നീ വാക്കുകള്‍ പ്രയോഗിക്കുന്ന സ്വഭാവമാണ് തനി മലയാളിത്തമുള്ളത് എന്നാണെന്റെ വിചാരം. മറ്റു ഭാഷകളില്‍ ‘ഹം’ എന്നാണല്ലൊ ഉപയോഗിക്കുന്നത്. ഹമാരാ എന്നും അപ്നാ എന്നും ഹിന്ദിയില്‍ പ്രയോഗിക്കുന്നതിലെ വ്യത്യാസമാണവിടെ ധ്വനിക്കുന്നത്. സംഘത്തില്‍ അപ്നാ എന്നുപയോഗിക്കുന്നതാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. നമ്മള് എന്ന് പ്രയോഗിക്കുന്ന ആളായിരുന്നു അനിരുദ്ധശര്മ. തിരുവനന്തപുരം ശാഖയുടെ ചുമതല പ്രചാരകനില്ലാതിരുന്ന അതി വിഷമം പിടിച്ച പ്രതിസന്ധിഘട്ടത്തില്‍ എഞ്ചിനീയറിങ് പഠനംപോലും അവഗണിച്ച് നിര്‍വ്വഹിച്ച ചേര്ത്തലക്കാരന് ദിവാകര്‍ കമ്മത്തും ഞങ്ങള്‍, നമ്മള് വാക്കുകളെ വിവേകപൂര്‍വം ഉപയോഗിച്ചുവന്നു.
1950 കളും അറുപതുകളും സംഘം അതിന്റെ ചരിത്രത്തിലെ അതീവ ദുര്‍ഘട പരിതസ്ഥിതികളിലൂടെ കടന്നുപോയ കാലമായിരുന്നു. ജീവിതത്തിന്റെ സകല മേഖലകളിലും നിന്ന് അതികഠിനമായ എതിര്‍പ്പും അതിക്രമങ്ങളും സംഘത്തിനു നേരിടേണ്ടിവന്നിരുന്നു. ഇന്നും അതില്‍ വലിയമാറ്റമില്ല. അന്നത്തേക്കാള്‍ ഇന്നും മാധ്യമവിചാരണ രൂക്ഷമാണെന്നതില്‍ തര്‍ക്കമില്ല. ഒറ്റ ഉദാഹരണം ഈയിടത്തേത് ചൂണ്ടിക്കാട്ടാം. ഗുരുവായൂരിനടുത്ത് നെന്മിനിയില് സംഘ സ്വയംസേവകന് ആനന്ദനെ അതിപൈശാചികമാം വിധം ചിത്രവധം ചെയ്ത വാര്‍ത്തയും രാജസ്ഥാനിലെവിടെയോ പശു പ്രശ്നത്തില്‍ ഒരാളെ ചിലര്‍ ആക്രമിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയും ‘ഇന്ത്യാസ് നാഷണല്‍ ന്യൂസ് പേപ്പര്‍’ ഹിന്ദു പ്രസിദ്ധീകരിച്ചതു നോക്കിയാല്‍ മതി.
നെന്മിനിയിലെ കൊല ഒന്നാം കോളത്തിലെ ഒരിഞ്ചു നീളമുള്ള സാദാ വാര്‍ത്തയാണെങ്കില്‍ രാജസ്ഥാന് ഗ്രാമത്തിലെ പശു സംഭവം 7-8 കോളങ്ങളില്‍ പേജിന്റെ പകുതിയോളമെത്തുന്ന വിധത്തില്‍ ചിത്രസഹിതം പ്രകോപനപരമായ വാക്കുകളിലാണ് നല്‍കിയത്.
50 വര്‍ഷം മുന്‍പത്തെ അവസ്ഥയില്‍ യാഥാര്‍ത്ഥ്യബോധത്തോടെ വാര്‍ത്തകള്‍ പ്രസരിപ്പിക്കുന്ന ഒരു ഏജന്‍സി ആരംഭിക്കാനും ദേശീയ ദൃഷ്ടി പത്രപ്രവര്‍ത്തനത്തില്‍ കൊണ്ടുവരാനും ലക്ഷ്യംവച്ച് ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന സ്ഥാപനം സഹകരണസംഘമായി ആരംഭിച്ചിരുന്നു. എല്ലാ ഭാഷകളിലും വാര്‍ത്തകളും ഫീച്ചറുകളും നല്‍കുകയെന്ന ലക്ഷ്യം അതിനുണ്ടായിരുന്നു.
അതിലേക്ക് ഇംഗ്ലീഷും ഹിന്ദിയും പ്രാദേശിക ഭാഷയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരെ നിയോഗിക്കാനുള്ള തിരച്ചിലില്‍ കേരളത്തില്‍നിന്ന് രണ്ടുപേരെയാണ് കിട്ടിയത്. ഒരാള്‍ അനിരുദ്ധ ശര്‍മ്മയായിരുന്നു. മറ്റെയാള്‍ കോഴിക്കോടുകാരന് പി.സി.സി. രാജാ. രാജാ വിവേകാനന്ദ കോളജ് ഒടിസിക്കാരന് എന്നനിലയ്ക്ക് എനിക്ക് പരിചയമുള്ള ആളായിരുന്നു. ദല്‍ഹിയില്‍ വിദഗ്ദ്ധ പരിശീലനത്തിനുശേഷം ഇരുവരും ഹിന്ദുസ്ഥാന്‍ സമാചാറിന്റെ ലേഖകരായി നിയുക്തരായി. സാമ്പത്തികമായി ആ സ്ഥാപനത്തിന്റെ നില വളരെ ദയനീയമായിരുന്നതിനാല്‍ അവര്‍ പിടിച്ചുനില്ക്കാന് പ്രയാസപ്പെട്ടു. പി.സി.സി. രാജാ പാട്നയിലെ ഒരു പത്രത്തില്‍ ചേരുകയും അവിടെനിന്ന് മെല്ലെ ആകാശവാണിയിലെത്തുകയും ചെയ്തു.
കേരള നിലയങ്ങളില്‍ വാര്‍ത്ത വായിച്ചിരുന്നു. തന്റെ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം അയച്ച കത്ത് പരമേശ്വര്‍ജി എന്നെ കാണിച്ചിരുന്നു. പരമേശ്വര്‍ജിയുടെ അഭിപ്രായത്തിലാണ് രാജയെ ഹിന്ദുസ്ഥാന്‍ സമാചാറില്‍ എടുത്തത്. മറ്റുള്ള സ്ഥാപനങ്ങളിലെ സംഘത്തോടുള്ള വിപരീത മനോഭാവം കുറയ്ക്കാന്‍ തനിക്കു കഴിയുമെന്നായിരുന്നു രാജയുടെ ന്യായീകരണം.
അനിരുദ്ധ ശര്‍മ ദല്‍ഹിയിലാണ് സേവനമനുഷ്ഠിച്ചത്. ദല്‍ഹിയില്‍ സംഘവും ജനസംഘവും അതികഠിനമായ പ്രതിസന്ധി നേരിട്ട സമയമായിരുന്നു അത്.
ഡോക്ടര്‍ജിയുടെ കാലത്തു മുതല്‍ ദല്‍ഹിയില്‍ സംഘപ്രവര്‍ത്തന ചുമതല വഹിച്ചുവന്ന വസന്തറാവു ഓക്ക് സംഘം വിട്ടതായിരുന്നു പ്രശ്നം. ഭാരത വിഭജനകാലത്തുതന്നെ അതീവഗുരുതരമായ പരിതസ്ഥിതികളെ അത്യന്തം സാമര്‍ഥ്യത്തോടെ വിജയപൂര്‍വം കൈകാര്യം ചെയ്ത് സര്‍വാദരണീയനായിത്തീര്‍ന്ന ആളായിരുന്നു വസന്തറാവു ഓക്ക്. ദല്‍ഹിയിലെ കിരീടം വയ്ക്കാത്ത രാജാവായി അദ്ദേഹത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കരുതി വന്നു. സംഘനിരോധവും സര്‍ക്കാരുമായുള്ള ചര്‍ച്ചകളും മറ്റും നടന്നപ്പോള്‍ അവയുടെ സൂത്രധാരത്വം അദ്ദേഹത്തിനായിരുന്നത്രെ.
ഗുരുജിയും സര്‍ദാര്‍ പട്ടേല്‍, പ്രധാനമന്ത്രി നെഹ്റു തുടങ്ങിയവരുമായി നടന്ന കൂടിക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ സമര്‍ത്ഥമായ നീക്കങ്ങള്കൊണ്ടാണത്രേ സാധ്യമായത്. ദല്‍ഹിയിലെ സംഘത്തില്‍ തന്റെ അപ്രമാദിത്തം തലയ്ക്കുപിടിച്ചത് അദ്ദേഹത്തിന് വിനയായി. ഭാരതീയ ജനസംഘ രൂപീകരണത്തെ തുടര്‍ന്നുണ്ടായ ചില നടപടികളില്‍ തന്നെക്കാള്‍ പ്രാധാന്യം ദീനദയാല്‍ജിക്കു ലഭിച്ചുവോ എന്ന സംശയം വര്‍ധിച്ചു. വിശേഷിച്ചും ഡോ. മുഖര്‍ജിയുടെ മരണശേഷം വസന്തറാവുജി ദല്‍ഹിയില്‍ തന്റെ കണ്വെന്ഷന് വിളിച്ചുകൂട്ടി സമാന്തര പ്രസ്ഥാനം പ്രഖ്യാപിച്ചു.
അതിനു മുന്‍പുതന്നെ അദ്ദേഹത്തെ സംഘചുമതലകളില്നിന്നൊഴിവാക്കിയിരുന്നു. ദല്‍ഹിയിലെ സംഘപ്രവര്ത്തകരെയാകെ ആശയക്കുഴപ്പത്തിലാക്കിയ ആ സന്ദര്‍ഭത്തില്‍ ഏകനാഥ് റാനഡെയെയാണ് ശ്രീഗുരുജി ദല്‍ഹിയുടെ ചുമതല നല്കി അയച്ചത്. ഇക്കാലത്താണ് അനിരുദ്ധ ശര്‍മ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ പരിശീലനവും ഇന്റേണ്‍ഷിപ്പുമായി ദല്‍ഹിയില്‍ ഉണ്ടായിരുന്നത്. അതിനുശേഷം ശര്‍മ കേരളത്തില്‍ വന്നപ്പോള്‍ ദല്‍ഹിയിലെ ആ പ്രതിസന്ധിയെയും അതുതരണം ചെയ്ത് സംഘത്തെ പൂര്‍വാധികം കരുത്തുറ്റതാക്കാന്‍ ഏകനാഥ്ജി ചെയ്ത അമാനുഷികമായ ഭഗീരഥ പ്രയത്നത്തെയും വിവരിച്ചു കേള്‍പ്പിച്ചു. ഏകനാഥ്ജിയുടെ പല ബൈഠക്കുകളിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചതും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം വസന്തറാവു ഓക്ക് ശ്രീഗുരുജിയെ സന്ദര്‍ശിച്ച് സംഘത്തിന്റെ ഏതു ചുമതലയും വഹിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും അത് നല്കപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ എക്സ്പ്രസിന്റെ കൊല്ലം ലേഖകനായി പ്രവര്‍ത്തിച്ച അനിരുദ്ധ ശര്‍മ പിന്നീട് ഒരു ഹോട്ടല്‍ നടത്തിവന്നു. എറണാകുളത്ത്, 70കളുടെ ആദ്യ പകുതിയില്‍ അനുയോജ്യമായ ഒരു കാര്യാലയമില്ലാതെ കഴിയുകയായിരുന്നു. ടിഡി റോഡില്‍ ശര്‍മയുടെ പത്നിയുടെ കുടുംബം വക സാമാന്യം വലിയ ഒരു വീട് കാര്യാലയത്തിന് ലഭ്യമാക്കി. അവിടം ആസ്ഥാനമാക്കിയാണ് എളമക്കരയിലെ ഇന്നത്തെ മാധവ നിവാസ് സാകല്യത്തിന്റെ സമ്പാദനവും നിര്‍മാണ ശ്രമങ്ങളും നടന്നത്. അടിയന്തരാവസ്ഥയ്ക്കുശേഷമേ ആ വീട് ഉടമസ്ഥര്‍ക്കു കിട്ടിയുള്ളൂ.
അനിരുദ്ധ ശര്‍മയെ അവസാനമായി കണ്ടത് ഒരു പ്രത്യേകസാഹചര്യത്തിലായിരുന്നു. തിരുവനന്തപുരത്ത് തൈക്കാട്ടെ മാരാര്‍ജി ഭവന്റെ ഗൃഹപ്രവേശവും തുടര്‍ന്നുവന്ന സംസ്ഥാന സമിതിയോഗവും കഴിഞ്ഞ് ബിജെപി നേതാവ് ജനാകൃഷ്ണമൂര്ത്തിക്ക് എറണാകുളത്തെ അമൃതാ ആസ്പത്രിയില്‍ ഡോ. ഹരിദാസിനെ കാണാന്‍ പോകേണ്ടിയിരുന്നു. ജന്മഭൂമി പബ്ലിഷര്‍ ടി.എം.വി. ഷേണായിയുടെ കാറില്‍ പോകുംവഴി കൊല്ലത്ത് അദ്ദേഹത്തിന്റെ ഹോട്ടലില്‍ കയറി കണ്ട് കുശലം പറഞ്ഞു യാത്രതുടര്‍ന്നു. പഴയ പ്രസരിപ്പു തുളുമ്പിനിന്ന ഊര്‍ജസ്വല യുവാവായിരുന്നില്ല അദ്ദേഹം. അത് സ്വാഭാവികം മാത്രമാണല്ലൊ. അപ്രതീക്ഷിതമായി കാണാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് വിസ്മയവും സന്തോഷവുമായി.
കൊല്ലത്ത് സുദര്‍ശന്‍ജി പങ്കെടുത്ത വളരെ വലിയ പ്രാന്തീയ ശിബിരവും മോഹന്‍ജി ഭാഗവത് പങ്കെടുത്ത ലക്ഷംപേരുടെ മഹാസാംഘിക്കും നടന്നപ്പോള്‍ അനിരുദ്ധശര്മ അവിടെയെങ്ങാനുമുണ്ടോ എന്നു തിരക്കിയിരുന്നു. ഇപ്പോള്‍ ചുമതലയിലില്ല എന്ന് ഞങ്ങളുടെ വസതിയിലെ ഒരു പ്രബന്ധകന്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: