മണ്ണാര്‍ക്കാട്: ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ തരിശായി കിടക്കുന്ന ഭൂമികളില്‍ കശുമാവ് കൃഷി തുടങ്ങാന്‍ കേന്ദ്രപദ്ധതി കൊണ്ടുവരുമെന്ന് സുരേഷ്ഗോപി എംപി പറഞ്ഞു.
ഇതിനായി മണ്ണ് പരിശോധനയടക്കമുള്ള പഠനരീതികള്‍ പരീക്ഷിച്ച് നടപ്പിലാക്കും. അട്ടപ്പാടിയിലെ കൊല്ലംകടവ് ഊര് സന്ദര്‍ശിക്കവെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി എം.പി.അട്ടപ്പാടിയില്‍ ആരോഗ്യമുള്ള കുട്ടികള്‍ ജനിക്കാന്‍ വേണ്ടതായ ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയെ മൊട്ടക്കുന്നാക്കി മാറ്റിയത് ഇടത് വലത് മുന്നണികളാണെന്ന് ഗോത്രമഹാസസഭ നേതാവ് സി.കെ.ജാനു പറഞ്ഞു. ശിശുമരണം മൂലം ഇരുള, മുടുക, കുറുബര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജാനു പറഞ്ഞു.
ഗൂളിക്കടവില്‍ ബിജെപി നടത്തിയ കള്ളപ്പണ വിരുദ്ധ ദിനാചരണവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കൊല്ലംകടവ് ഊരിലെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് എംപിയുടെ സ്വന്തം ചിലവില്‍ രണ്ടുലക്ഷം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
നരേന്ദ്രമോദി ഗോത്രവര്‍ഗ്ഗത്തെ സ്നേഹിക്കുന്ന പ്രധാനമന്ത്രിയെണെന്നും അദ്ദേഹം രാജ്യത്തെ കള്ളപ്പണത്തെയും തീവ്രവാദത്തെയും ശുദ്ധീകരിക്കുയാണെന്നും എം.പി ഓര്‍മപ്പെടുത്തി. അട്ടപ്പാടിയില്‍ മൊബൈല്‍ മാമ്മോഗ്രാം യുണിറ്റ് ആരംഭിക്കാന്‍ എംപി ഫണ്ട് വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.എം.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ഇ.കൃഷ്ണദാസ്, എ.സുകുമാരന്‍ മാസ്റ്റര്‍, ബി.മനോജ്, രവി അടിയത്ത്, സി.ഹരിദാസ്, പി.വേണുഗോപാല്‍, ടി.വി.സജി, സുധ, പി.ജി.ഗോപകുമാര്‍, സുഷ, സി.ഡി.പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: