കറുത്ത മരണം മടങ്ങിവരുന്നുവെന്ന ഭയപ്പാടില്‍ ലോകം. മാരകമായ മരണം വിതച്ച് ലോകമാകെ വിറപ്പിച്ച പ്ളേഗ് ആണ് കറുത്തമരണമെന്ന് ഭീതിയോടെ വിളിക്കപ്പെട്ടത്. ചരിത്രത്തിലും സാഹിത്യത്തിലും ആഴത്തില്‍ വേരോടിയ പ്ളേഗിനെക്കുറിച്ചുള്ള പേടിപ്പിക്കുന്ന വിശേഷണങ്ങളും വിശദീകരണങ്ങളും ഇന്നും സജീവമാണ്.
പ്ളേഗ് എന്നത് ഒരു ശൈലിപോലെയും ആയിത്തീര്‍ന്നിരുന്നു പണ്ടേ. അപൂര്‍വമായി വല്ലപ്പോഴും മാത്രം പിടിപെടുന്ന രോഗം എന്ന നിലയില്‍ മനുഷ്യന് മറന്നു തുടങ്ങിയ പ്ളേഗ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മഡഗാസ്ക്കര് ദ്വീപില്‍ മനുഷ്യനെ കൊന്നു തുടങ്ങിയിരിക്കുന്നുവെന്നുള്ള വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നു. 124 പേര് ഇതിനോടകം മരണപ്പെട്ടു. 1300 ലധികംപേര്‍ രോഗത്തിനടിമയായി.
പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് പടര്‍ന്നു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. സൗത്ത് ആഫ്രിക്ക, മൊസാംബിക്, താന്‍സാനിയ, കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പടര്‍ച്ച. മുന്‍പേ ദരിദ്രവും രോഗാതുരവും ആഭ്യന്തര കലാപവുംകൊണ്ടു പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന ഈ രാജ്യങ്ങളില്‍ പ്ളേഗിന്റെ കടന്നു കയറ്റം വന്‍ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ന്യൂമോണിക് പ്ളേഗ് എന്നപേരില്‍ അറിയപ്പെടുന്ന ഈ രോഗത്തിന്റെ പടര്‍ച്ച അതിവേഗമാകാമെന്നാണ് പറയുന്നത്. യാത്രയിലൂടെ പടരാം. രോഗമുള്ള രാജ്യങ്ങളില്‍നിന്നും കടല്‍, ആകാശ യാത്ര ചെയ്യുന്നവരില്‍ നിന്നും രോഗം പടരാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള പനി, ശരീര ഭാഗങ്ങളിലെ വേദന, തലവേദന, ഓക്കാനം, ഛര്‍ദി എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍. പ്രതിരോധത്തിലുള്ള കാലതാമസം പെട്ടെന്നുള്ള മരണത്തിനു കാരണമാകാം.
എന്നാല്‍ മഡഗാസ്ക്കറില്‍ ഇത് പുതിയ വാര്‍ത്തയല്ലെന്നും വര്‍ഷംതോറും അഞ്ഞൂറും അറുന്നൂറുമൊക്കെ മരണം ഈ രോഗംമൂലം ഉണ്ടാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നു. പക്ഷേ ഇതിന്റെ വ്യാപന വേഗത പെട്ടെന്നായതുകൊണ്ട് ലോകം ഭയാശങ്കയിലാണ്. ആധുനിക വൈദ്യശാസ്ത്രം പുരോഗതി നേടിയിട്ടും മണ്മറഞ്ഞ രോഗങ്ങള്‍ പലതും തിരിച്ചുവരുന്നതിന്റെ പ്രശ്നം ആരോഗ്യരംഗത്തുള്ളവരെ വിഷമിപ്പിക്കുകയാണ്.
വിവിധ കാരണങ്ങള്‍ ഈ രോഗത്തിനു പറയാമെങ്കിലും പരിസര ശുദ്ധിയില്ലായ്മ പ്രധാന കാരണം തന്നെയാണ്. മലിനീകരണം വലിയ തോതില്‍ വേട്ടയാടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈ രോഗത്തിനു വേഗം കടന്നുവരാനുള്ള ആതിഥേയ ഗൃഹങ്ങളാണ്. 13,14 നൂറ്റാണ്ടുകളില്‍ ലോകത്ത് മരണം വാരിയെറിഞ്ഞ് പ്ളേഗ് കടന്നാക്രമിക്കുകയുണ്ടായി. ആദ്യം അറിയപ്പെട്ടത് എ.ഡി.541 ലാണ്. പിന്നീട് അതിന്റെ യഥാര്‍ഥ ദേശം ചൈനയാണെന്നു ലോകം മനസിലാക്കി. തുടര്‍ന്ന് ഇന്നത്തെപ്പോലെ ആഫ്രിക്കയിലേക്കും പടരുകയായിരുന്നു. പിന്നീട് എല്ലായിടത്തേക്കുമായി. കോണ്സ്റ്റാന്റി്നേപ്പിളില് മാത്രം അന്നു ദിവസവും പതിനായിരത്തിലധികംപേര്‍ മരിച്ചുകൊണ്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.
എലികളിലൂടെ കടന്നുവന്നതാണ് ഈ രോഗം. വിവിധ രാജ്യങ്ങളില്‍നിന്നും കപ്പല്‍ വഴി വന്നിരുന്ന അനേകം ധാന്യക്കൂമ്പാരങ്ങളില് ഈ എലികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അന്നു പ്ളേഗ് ലോകത്തൊകെ കൊന്നു കൂട്ടിയത് കോടിക്കണക്കിനു മനുഷ്യരെയാണ്. വിഖ്യാത എഴുത്തുകാരന് ആല്‍ബേര്‍ കാമുവിന്റെ പ്ളേഗ് എന്ന നോവലില്‍ ഈ രോത്തിന്റെ അത്യന്തം ഭീതിതമായ വരവ് അതിന്റെ എല്ലാത്തരം ആശങ്കയോടെയും പരാമര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: