വിദ്യാഭ്യാസ മേഖലയില്‍ സ്വന്തം സംഭാവനയും വ്യക്തിമുദ്രകളും പതിച്ച രണ്ട് പ്രതിഭാസമ്പന്നര്‍ കഴിഞ്ഞ ആഴ്ചയില്‍ നമ്മെ വിട്ടുപോയി എ.വി. ഭാസ്കര്‍ ഷേണായി എന്ന ഭാസ്കര്‍ജിയും തുറവൂര്‍ വിശ്വംഭരന് എന്ന ബഹുമുഖ പ്രതിഭയും. അവരില്‍ ഭാസ്കര്‍ജി രാഷ്ട്രസേവനത്തിനായി സ്വജീവിതം സമര്‍പ്പിച്ച് അവ്യഭിചാരീഭാവത്തോടെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിത്തീര്‍ന്നു, വിദ്യാഭ്യാസം പൂര്‍ത്തിയായ ഉടന്‍. അനേകായിരങ്ങളുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രമായ അദ്ദേഹം വളര്‍ത്തിയെടുത്ത ഉത്തമ മനുഷ്യജീവിതങ്ങള്‍ക്ക് കണക്കില്ല. അറുപത്തഞ്ചുവര്ഷക്കാലത്തെ പ്രചാരകജീവിതം എല്ലാ അര്‍ത്ഥത്തിലും ധന്യമായിരുന്നു, തികച്ചും അര്‍ത്ഥവത്തും. സംഘം രാഷ്ട്രത്തിനു നല്കിയതോ രാഷ്ട്രം സംഘത്തിന് നല്കിയതോ എന്ന് വ്യവഛേദിക്കാന്‍ കഴിയാത്ത അത്തരം എണ്ണമറ്റ സ്വയംസേവകരുണ്ടല്ലൊ അവരില്‍ ഒരു രത്നം തന്നെയായിരുന്നു ഭാസ്കര്‍ജി.
1954ല്‍ ഞാന്‍ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അവിടെ പ്രചാരകനായിരുന്ന മാധവജിയുമായി എന്തോ വിവരം ചര്‍ച്ച ചെയ്യാനായി കൊല്ലത്തുനിന്നും എത്തിയതായിരുന്നു ഭാസ്കര്‍ജി. ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു മനപ്പൊരുത്തമുണ്ടായി. പിന്നീടദ്ദേഹം തിരുവനന്തപുരത്ത് പ്രചാരകനായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. അവിടെ ഓവര്‍ബ്രിഡ്ജിനടുത്തു ഒരു പഴയ കെട്ടിടത്തിലായിരുന്നു കാര്യാലയം. ഏറ്റവും ചെലവു ചുരുക്കി എങ്ങനെ ജീവിക്കാമെന്നതില് ഭാസ്കര്‍ജി അന്വേഷണം നടത്തുകയായിരുന്നോ എന്നു തോന്നുമായിരുന്നു അവിടത്തെ അന്തരീക്ഷം കണ്ടാല്‍.
ഒരു ബ്ലേഡ് എത്രതവണ ഷേവ് ചെയ്യാനെടുക്കാമെന്നും അതുകഴിഞ്ഞാല്‍ എന്തൊക്കെ ഉപയോഗത്തിനുതകുമെന്നും കണക്കാക്കി തരംതിരിച്ചുവച്ചിരുന്നു. പേസ്റ്റ് അക്കാലത്ത് അലുമിനിയം ട്യൂബിലാണ് ലഭ്യമായിരുന്നത്. അതിലെ പേസ്റ്റ് ഞെക്കി അവസാനംവരെ പുറത്തെടുത്തുകഴിഞ്ഞാല്‍ അടപ്പുമുറുക്കിയിട്ട് പിന്‍വശത്തിന്റെ മടക്കുകള്‍ ശ്രദ്ധാപൂര്‍വം വിടര്ത്തിത്തുറന്ന് അകത്തുള്ള പേസ്റ്റ്മുഴുവന്‍ ഈര്‍ക്കിലിപോലുള്ള കമ്പുകൊണ്ട് തോണ്ടിയെടുത്തശേഷം ട്യൂബ് വിടര്‍ത്തി പുതിയതുപോലാക്കി സൂക്ഷിച്ചുവക്കുമായിരുന്നു. വ്യക്തികള്‍ക്ക് ചില സവിശേഷ വിചിത്ര സ്വഭാവങ്ങളുണ്ടാവുമല്ലൊ. അത്തരമൊന്നായിരുന്നില്ല ഭാസ്കര്‍ജിയുടേത്. സംഘത്തിന് സമര്‍പ്പിച്ച ജീവിതത്തില്‍ ഒന്നും പാഴാക്കി കളയരുതെന്ന ചിന്തയായിരുന്നു. കൂടെയുള്ളവരുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തി. ഭാസ്കര്‍ജി കോട്ടയം ജില്ലാ പ്രചാരക് സ്ഥാനത്തുനിന്നും പാലക്കാട് വിഭാഗിലേക്ക് നിയുക്തനായപ്പോഴാണ് ഞാന്‍ കോട്ടയത്തു വന്നത്. 1964 ല്‍. കോട്ടയം ജില്ലയിലെ പ്രധാന സ്വയംസേവകരെയും പ്രമുഖ വ്യക്തികളെയും പരിചയപ്പെടുത്തിയതിനു പുറമെ നല്ല ഭക്ഷണം വില കുറച്ചു എവിടെ കിട്ടുമെന്ന് കൂടി അദ്ദേഹം പറഞ്ഞുതന്നു.
പാലക്കാട് ജില്ലാ പ്രചാരകനായിരുന്നപ്പോള്‍ പട്ടാമ്പിക്കടുത്ത് വല്ലപ്പുഴ എന്ന സ്ഥലത്തുവച്ച് അദ്ദേഹത്തിനും പട്ടാമ്പി പ്രചാരകനായിരുന്ന കെ. പെരച്ചനും നേരെ വധശ്രമമുണ്ടായി. അക്രമികള്‍ അവര്‍ മരിച്ചുവെന്നു വിചാരിച്ച് ഉപേക്ഷിച്ചുപോയതായിരുന്നു. വിവരം ലഭിച്ച സ്വയംസേവകര്‍ പാഞ്ഞെത്തി അവരെ യഥാസമയം ആസ്പത്രിയിലെത്തിച്ചു രക്ഷപ്പെടുത്തുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ രണ്ടുപേര്‍ക്കും പുനര്‍ജ്ജന്മം തന്നെയായിരുന്നു തുടര്‍ന്നുള്ള ജീവിതം.
ഭാസ്കര്‍ജിയുടെ സമ്പര്‍ക്കവലയം അതിബൃഹത്തായിരുന്നു. പുതിയ ആളുകളെ പരിചയപ്പെടുത്തുന്നതിനും ആകര്‍ഷിക്കുന്നതിനും സ്വതഃസിദ്ധമായ കഴിവദ്ദേഹത്തിനുണ്ടായിരുന്നു. ഉദ്യോഗാനുദ്യോഗസ്ഥ മേഖലകളിലുണ്ടാക്കിയെടുത്ത ആ പരിചയം ഉപയോഗിച്ച് പൂജനീയ ഗുരുജിയുടെ പൊതുപരിപാടി യൂണിവേഴ്സിറ്റി കോളജ് വളപ്പിനകത്തു നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അവിടം മാര്‍ക്സിസ്റ്റ് ഗുണ്ടായിസത്തിന്റെ കൂത്തരങ്ങായത് പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. അക്കാദമിക മേഖലയിലെ മഹാപ്രതിഭകളുമായുള്ള അടുപ്പവും എടുത്തുപറയത്തക്കതാണ്. വിദ്യാഭാരതിയുടെ കേരളത്തിലെ ചുമതല ലഭിച്ചശേഷം അവരുടെയൊക്കെ കഴിവുകളെ പ്രയോജനപ്പെടുത്തി ശിശു വിദ്യാഭ്യാസത്തിന്റെ മനശ്ശാസ്ത്രവും ഉള്ളടക്കവും രൂപപ്പെടുത്തി, ഭാരതത്തിനു മുഴുവന്‍ മാതൃകയാക്കത്തക്ക പരിപാടി ഒരുക്കിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
വിദ്യാനികേതന്‍ വിജയകരമാക്കാന്‍ പറ്റിയ അധ്യാപക സമൂഹത്തെ ഒരുക്കുന്നതിന് അദ്ദേഹം സജ്ജമാക്കിയ പ്രശിക്ഷണ പരിപാടിയും അന്യാദൃശമായിരുന്നു. അവിടെ പരിശീലനത്തിനുവന്നവരും പരിശീലകരായിവന്നവരും ആ പരിപാടിയുടെ സമഗ്രതയെയും സാകല്യതയെയും പറ്റി അദ്ഭുതാദരങ്ങളോടെയാണ് സമീപിച്ചത്. പല വിദ്യാഭ്യാസ വിചക്ഷണരും അവര്‍ അക്കാദമികതലത്തിലും ഗവേഷണതലത്തിലും മികവുകാട്ടിയവര്‍ തന്നെയായിരുന്നിട്ടും തങ്ങളുടെ അഭിലാഷമനുസരിച്ച രാഷ്രീയാതിപ്രസരമുള്ള ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ വിദ്യാനികേതനില്‍ അനായാസം നടപ്പിലാക്കുന്നതുകണ്ട് സംതൃപ്തരായി.
ശിശുവാടിക മുതല്‍ സര്‍വകലാശാലതലം വരെയുള്ള നാനൂറിലേറെ വിദ്യാമന്ദിരങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞ ഭാസ്കര്‍ജിയുടെ പ്രതിഭയ്ക്കു സമമായി കേരളത്തില്‍ വേറെ കാണാനില്ല. സര്‍ക്കാരിന്റെ സഹായം സ്വീകരിക്കാതെയെന്നു തന്നെയല്ല, സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച കടമ്പകളെയെല്ലാം സംഘപ്രാര്ത്ഥനയില്നിന്ന് ഉള്‍ക്കൊണ്ട് ‘ശ്രുതം’ ഉപയോഗിച്ച് ഫലപ്രദമായി മറികടന്നാണ് വിദ്യാനികേതന്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെ നിലനിര്‍ത്തുന്നത് ദേശപ്രേമപ്രചോദിതരായ ജനങ്ങള്‍ ആണ്. തങ്ങള്‍ക്ക് ലഭിക്കാതെ പോയത് വരുംതലമുറയ്ക്ക് നഷ്ടപ്പെടരുതെന്ന തീവ്രമായ ഇച്ഛാശക്തി പുലര്‍ന്ന ജനങ്ങളാണ് ഈ വിദ്യാനികേതനത്തെ നിലനിര്‍ത്തുന്നത്. തികച്ചും ജനകീയമായ വിദ്യാഭ്യാസ ഉദ്യമവും പ്രസ്ഥാനവുമാണിത്. അതിന്റെ കേരളത്തിലെ സ്രഷ്ടാവ് ഭാസ്കര്‍ജിയും.
മാധവജിയുമായുള്ള അടുപ്പത്തില്‍നിന്ന് പകര്‍ന്നുകിട്ടയ ആദ്ധ്യാതമികതയെയും ഭാസ്കര്‍ജി ഉള്‍ക്കൊണ്ടു. അതിലെ ദേവീഭാവത്തെ സാധന ചെയ്ത് സന്ന്യാസദീക്ഷ സ്വീകരിച്ചു. കല്ലേക്കാട് വിദ്യാനികേതന്‍ സമുച്ചയത്തിന് അനുഗ്രഹം ചൊരിയുന്ന ബാലഭദ്രാ ക്ഷേത്രവും സ്ഥാപിച്ചു. വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ അംഗം എന്ന നിലയ്ക്ക് ലഭിച്ച പൈതൃക സ്വത്തു മുഴുവന്‍ ഭാസ്കര്‍ജി വിദ്യാഭാരതിക്കും സംഘത്തിനും പ്രയോജനപ്പെടത്തക്കവിധം നീക്കിവയ്ക്കുകയായിരുന്നു. അത്തരമൊരു വിഭൂതിയെക്കുറിച്ച് പരമേശ്വര്‍ജി ഡോക്ടര്‍ജിയെ അനുസ്മരിച്ചെഴുതിയവരിയാണ് പറയാനുള്ളത്.
ഭ
വാന്റെയുല്ക്കട തപോവ്രതത്തില്‍
തടസ്സമുണ്ടാക്കാന്‍
ജഗത്തിലുണ്ടോ മായാബന്ധം!
ജീവന് മുക്തന് നീ.
ഭാസ്കര്‍ജി ജീവന്മുക്തി നേടുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് ദിവംഗതനായ തുറവുര്‍ വിശ്വംഭരന് മാസ്റ്ററും ആദ്ധ്യാത്മിക, അക്കാദമിക, സാംസ്കാരിക,സാഹിത്യ വിദ്യാഭ്യാസരംഗത്ത് മഹാസംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു. ഏതൊക്കെ ഭാഷാ വിജ്ഞാനമേഖലകളിലായിരുന്നു അദ്ദേഹത്തിന് അറിവില്ലാതിരുന്നതെന്ന് പറയാന്‍ വയ്യ. 1977 ല്‍ ജന്മഭൂമി എറണാകുളം നോര്‍ത്തില്‍ പുനരാരംഭിച്ചതു മുതല്ക്കാണ് അദ്ദേഹവുമായി അടുപ്പത്തിലായത്. ഞായറാഴ്ചപ്പതിപ്പ് അന്നുണ്ടായിരുന്നില്ല. എന്നാല്‍ സാഹിത്യസംബന്ധമായ ലേഖനങ്ങള്‍ തുടങ്ങണമെന്ന ആലോചന നടക്കുമ്പോള്‍ ഒരു ദിവസം പത്രാധിപര്‍ മന്മഥന് സാറിനെ കാണാന്‍ വന്ന വിശ്വംഭരന്സാറുമായി പരിചയപ്പെട്ടു. അതതാഴ്ചയിലെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചെറുകുറിപ്പുകള്‍ കിട്ടിയാല്‍ കൊള്ളാമെന്ന മന്മഥന് സാറിന്റെ നിര്‍ദ്ദേശത്തോടെ ആ ബന്ധം തുടര്‍ന്നു. കൃഷ്ണന് നായര്‍ സാറിന്റെ സാഹിത്യവാരഫലത്തെക്കാള് നിശിതവും വ്യാപകവുമായിരുന്നു വിശ്വംഭരന് സാറിന്റെ കുറിപ്പുകള്‍. അവ അദ്ദേഹംതന്നെ നേരിട്ടുകൊണ്ടുവന്നേല്പ്പിക്കുകയായിരുന്നു.
ആ ബന്ധം അങ്ങനെ തുടര്‍ന്നു. മൂവാറ്റുപുഴയില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ വാര്‍ഷികത്തിനു മുന്നോടിയായി എ.പി. ഗോപാലകൃഷ്ണന് നായര്‍, പി.ഇ.ബി. മേനോന് (അന്ന് സംഘചുമതല സ്വീകരിച്ചിട്ടില്ല) മാധവജി തുടങ്ങിയവരുമൊത്തു വിശ്വംഭരന് സാറിനെക്കണ്ടു. ക്രമേണ അദ്ദേഹം സംഘവുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളിലൊക്കെ താല്‍പ്പര്യമെടുത്തുവന്നു. ആരെയും പ്രസാദിപ്പിക്കാനോ ആരുടെയെങ്കിലും തൃപ്തിക്കുവേണ്ടിയോ ശരിയല്ലെന്നു തനിക്കുതോന്നുന്ന ഒരു കാര്യത്തിനും തന്നെ കിട്ടില്ലെന്നു കട്ടായം പറയുന്ന ആളായിരുന്നു മാസ്റ്റര്‍. മുന്‍പ് എറണാകുളത്തെ ലോക്കല്‍ ടിവി ചാനലുകളില്‍ സമകാലീന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ വരാറുണ്ടായിരുന്നു. അവയില്‍ മാസ്റ്ററും പലതവണ പങ്കെടുത്തു. മതേതരത്വം, സോഷ്യലിസം, ന്യൂനപക്ഷ പ്രേമം തുടങ്ങിയ പുരോഗമന ഇടതുപക്ഷചിന്തകരുടെ ഇഷ്ടവിഷയങ്ങളെ ചര്‍ച്ചകള്‍ക്കിടയില്‍ പലരും വലിച്ചുകൊണ്ടുവരുമ്പോള്‍ മാസ്റ്ററുടെ തര്‍ക്കശുദ്ധമായ അഭിപ്രായങ്ങള്‍ വെട്ടിമുറിച്ചതുപോലെ വരും. കുറെക്കഴിഞ്ഞു മാസ്റ്റര്‍ ചര്ച്ചയിലുണ്ടെന്നറിഞ്ഞു പലരും വരാതായി. 2000-മാണ്ടില്‍ ഞാന്‍ ജന്മഭൂമിയില് നിന്ന് വിരമിച്ചപ്പോള്‍ മുഖ്യപത്രാധിപത്യം മാസ്റ്ററെയാണ് ഏല്‍പ്പിച്ചത്. തനിക്ക് പരിചയമില്ലാത്ത പണിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ചുമതലയേറ്റത്.
അദ്ദേഹത്തിന് നടക്കാനായിരുന്നു ഇഷ്ടം. പലപ്പോഴും ഓട്ടോയില്‍ പോകാന്‍ ഉദ്ദേശിച്ചുള്ള പുറപ്പാടുകള്‍ നടപ്പില്‍ ആക്കിയ അനുഭവമുണ്ടായി. ബസ്സിലെ തിരക്കും വിയര്പ്പുദുര്ഗന്ധവും അസഹ്യമാണത്രെ. നടക്കാന്‍ എനിക്കുമിഷ്ടമായിരുന്നു. ഒരു വ്യക്തിപരമായ കാര്യംകൂടി സൂചിപ്പിക്കേണ്ടതുണ്ട്. മകന് പ്രസ് അക്കാദമി പഠനം കഴിഞ്ഞ് അമൃത ടിവി ആരംഭിക്കുന്ന വിവരം അറിഞ്ഞ് അതില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്റര്‍വ്യൂ നടത്തിയവരില്‍ പലരും എനിക്കറിയാവുന്നവരുമായിരുന്നു. അര്‍ഹതയുണ്ടെങ്കില്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് തന്നെ അനുവിനോട് പറയുകയും ചെയ്തു. വിശ്വംഭരന് സാറിനെ കാര്യാലയത്തില്‍ വച്ച് കണ്ടപ്പോള്‍ അപേക്ഷ അയച്ച വിവരം ഇങ്ങോട്ടന്വേഷിക്കുകയും തനിക്ക് അടുത്ത ഒരു സുഹൃത്ത് അവിടെയുണ്ടെന്ന് പറയുകയും ചെയ്തു. ആ സുഹൃത്ത് തീവ്ര ഇടതുപക്ഷ കവി പ്രൊഫ. കെ.ജി. ശങ്കരപ്പിള്ളയുടെ സുഹൃത്ത് നീലനായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ് ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. വ്യക്തിപരമായി അടുപ്പമുള്ളവര്‍ക്ക് മുന്‍പ് വിശ്വംഭരന് മാസ്റ്റര്‍ കെ.ജി.എസ്, അനുവിന് സെലക്ഷന് കിട്ടിയതായി അറിയിച്ചവിവരം ഫോണില്‍ വിളിച്ചുപറഞ്ഞു. നീലന് അമൃത ടിവിയുടെ പ്രധാന ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹവും കെജിഎസും തമ്മില്‍ അന്യാദൃശമായ ആത്മബന്ധവും നിലനിന്നു. അനുവിന് യോഗ്യത വേണ്ടുവോളമുണ്ടെന്നും കെജിഎസ് അറിയിച്ചുവത്രെ. മറ്റു സുഹൃത്തുക്കളും വിവരം വിളിച്ചറിയിച്ചു.
പിന്നീട് തൃശ്ശിവപേരൂര്‍ പോയപ്പോള്‍ കെജിഎസിന്റെ ബ്രഹ്മസ്വം മഠത്തിനടത്തുള്ള വീട്ടില്‍ ചെന്നു കണ്ടു. അദ്ദേഹത്തിന്റെ തീവ്ര ഇടതുപക്ഷ പുരോഗമന ചിന്താഗതിയൊന്നും വിശ്വംഭരന് മാസ്റ്ററുടെ മഹിമയെയും ചിന്തയുടെ ഔന്നത്യത്തെയും അറിയാതിരിക്കാന്‍ പോന്നതല്ലായിരുന്നു. അമൃതടിവിയിലെ മഹാഭാരതദര്‍ശനം ഒന്നുംവിടാതെ കാണുന്നുണ്ടെന്നും കെജിഎസ് പറഞ്ഞു. അന്നദ്ദേഹം പറഞ്ഞതത്രയും ആത്മീയവും ധാര്‍മികവുമായ കാര്യങ്ങളായിരുന്നുതാനും.
ഏതു ധിഷണാശാലിയെയും തികഞ്ഞ ധാര്‍മികബോധത്തില്‍ ഉറച്ചുനിന്നുകൊണ്ട് നേരിടാനും വിമര്‍ശിക്കാനും മടിയില്ലാത്ത ആളായിരുന്നു വിശ്വംഭരന് മാസ്റ്റര്‍. രാജാവ് നഗ്നനാണ് എന്നുപറയാന്‍ ആളുകളിലാത്ത ഇക്കാലത്തിന് അപവാദമായ ഒരാള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: