1. പുനത്തില്‍ കുഞ്ഞബ്ദുള്ളക്കഥകള്, നിങ്ങള്‍ പെട്ടെന്ന വായിച്ചുതീര്‍ക്കും. ചടുലതയോടെ ആ രക്തപ്രഭാവലയത്തില് സ്വയമറിയാതെ നിങ്ങള്‍ വീണുപോകുന്നു. അംഗീകരിക്കപ്പെട്ട സദാചാരമൂല്യങ്ങളെ ഈ ബോഹീമിയന്‍ ഒട്ടുംതന്നെ പരിഗണിക്കുന്നില്ല. രാഷ്ട്രീയത്തിന്റെ കോച്ചിപ്പിടുത്തവും നുരയും പതയും കുഞ്ഞബ്ദുള്ളയുടെ കഥകളില്‍ ഒട്ടും തന്നെയില്ല. കഥയില്‍ നിങ്ങള്‍ക്ക് രസിക്കാത്ത ഒരുപാട് ന്യായക്കേടുകള്‍ ഈ മനുഷ്യന് അവതരിപ്പിക്കും. കഥ പറഞ്ഞപോകുമ്പോള് ഈ ന്യായക്കേടുകളുടെ ഒരുപാട് ദുര്‍ദൈവങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കും. പരിസരങ്ങളിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പടച്ചട്ടയെ തുളയ്ക്കുന്ന നോട്ടം തന്നെ കാഴ്ചവയ്ക്കുന്നു. എന്നാല്‍ ഇത് സമുദായത്തെ പൊക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനമല്ല. എല്ലാമൊരു തമാശയ്ക്കുവേണ്ടി എന്ന മട്ടില്‍ എഴുതുന്നു. ഗംഭീരമായൊരു താല്പ്പര്യരാഹിത്യത്തില്നിന്നാണ് ഈ തമാശയുണ്ടാവുന്നത്.
കെ.പി. അപ്പന്
2. കുഞ്ഞബ്ദുള്ള അത്രവേഗം വായനക്കാര്‍ക്കു പിടികൊടുക്കുന്ന ഒരെഴുത്തുകാരനല്ല. ഒരു തമാശ പൊട്ടിക്കുന്ന ലാഘവത്തോടെ അദ്ദേഹം ദുഃഖസത്യങ്ങളെ ചൂണ്ടയില്‍ കൊളുത്തിയെന്നുവരും. മറ്റു ചില അവസരങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതാനുഭവങ്ങളെ ചുണ്ടുകോട്ടിയ ചിരിയിലൂടെ നിസ്സാരമാക്കിത്തള്ളിയെന്നിരിക്കും. ഭൂമിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുഞ്ഞിക്കരച്ചില്‍ അവസാനത്തെ രോദനവുമായി ഇടകലര്‍ന്നുയര്‍ന്നു ആശുപത്രിമുറിയില്‍ കഴിച്ചുകൂട്ടിയ നീണ്ട വര്‍ഷങ്ങള്‍ ഈ എഴുത്തുകാരന്റെ മനസ്സില്‍നിന്ന് അതിര്‍വരമ്പുകള്‍ പലതും മായ്ച്ചുകളഞ്ഞിരിക്കുന്നു; സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യാവസ്ഥയെ നിസ്സംഗത വഹിക്കുന്ന ദാര്‍ശനിക യുക്തിയോടെ നോക്കിക്കാണാന്‍ അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുന്നു.
ഡോ.വി. രാജകൃഷ്ണന്
3. വിശാലമായ പള്ളിക്കു ചുറ്റും പള്ളിപ്പറമ്പാണ്. പറമ്പു നിറയെ ശ്മശാനം. കെട്ടുകഥകള്‍ പറയാന്‍ കഴിയുന്ന അത്രയുംപേര്‍ ആ ശ്മശാനത്തില്‍ കുടികൊള്ളുന്നു.
ഇങ്ങനെയാണ് ‘സ്മാരകശിലകള്‍’ ആരംഭിക്കുന്നത്.
ശ്മശാനത്തില്‍ കുടികൊള്ളുന്ന അസംഖ്യം കഥാപാത്രങ്ങള്‍ നോവലിന്റെ രസതന്ത്രശാലയില്‍ ഉയിര്‍ത്തെണീക്കുകയും അവരവരുടെ ജീവിതം ഒരിക്കല്‍ക്കൂടെ ആടിത്തീര്‍ക്കുകയും ചെയ്യുന്നു. ഇവിടെ നോവലിസ്റ്റിന് ശില്‍പ്പശാല ഇല്ല, രസതന്ത്രശാലയേ ഉള്ളൂ. രാസപരിണാമത്തില്‍ ജീവിതകഥകള്‍ കെട്ടുകഥകളായി രൂപാന്തരപ്പെടുന്നു. ഈ പരിണാമത്തിലേക്കുള്ള ജീവിതത്തിന്റെയും നോവലിന്റെയും പ്രയാണമത്രെ ‘സ്മാരകശിലകളി’ല്‍ കണ്ടെത്താവുന്ന സവിശേഷ ദൃശ്യം.
കോവിലന്
4. കുഞ്ഞബ്ദുള്ളേ, നിന്റെ പെണ്ണുങ്ങളെപ്പോലെ ഹൃദയദ്രവീകരണശക്തിയും ആസക്തിപൂര്ത്തീകരണവൈഭവവുമുള്ള, പെണ്ണ് എന്ന ജീവാംശം മറയേതുമില്ലാതെ മന്ദഹസിച്ചുനില്‍ക്കുന്ന, കഥാപാത്രങ്ങളെ ഞാന്‍ അധികം അറിഞ്ഞിട്ടില്ല. എവിടെനിന്നാണ് നീ അവരുടെ മാതൃകകളെ കണ്ടെത്തുന്നത്? അതോ നിന്റെയുള്ളിലുള്ള ഒരു ഗര്‍ഭപാത്രത്തിലോ, മൂശയിലോ ഒരു പെണ്‍കുലം ഒളിച്ചിരിപ്പുണ്ടോ? എനിക്കു തോന്നുന്നത്, സ്നേഹിക്കുന്ന ഹൃദയമുള്ളിടത്ത് നല്ലവരായ പെണ്ണുങ്ങളും വന്നുചേരുമെന്നാണ്. നിന്റെ കഥകളിലേക്ക് അവര്‍ ഹൃദയപൂര്‍വം വന്നുചേരുന്നതു കാണുമ്പോള്‍ ഞാന്‍ അസൂയകൊണ്ട് വിഷമിക്കുന്നു. എനിക്കാരുമില്ലല്ലൊ.
സക്കറിയ
5. രചനയിലൂടെ, മിത്തുകളുടെ കരുത്തും സൗന്ദര്യവും വര്‍ത്തമാന ജീവിത പ്രതിസന്ധിയിലേക്ക് പരിവര്‍ത്തനം ചെയ്ത എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. വടക്കെ മലബാറിലെ മുസ്ലിം ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന ഐതിഹ്യങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും വായനക്കാര്‍ക്ക് കുഞ്ഞബ്ദുള്ളയുടെ കഥകളുടെ വാതായനങ്ങളിലൂടെ പ്രവേശനം ലഭിക്കുന്നു. അറബിക്കഥകളുടെ വര്‍ണശബളമായ അദ്ഭുതലോകം കണ്മുന്നില് തുറക്കുന്ന അനുഭൂതിയാണ് ‘സ്മാരകശിലകളി’ലെ പൂക്കുഞ്ഞിബീയുടെ ലോകം പകര്‍ന്നുതരുന്നത്. ആഭരണങ്ങളുടെ കിലുക്കവും അത്തറിന്റെ സുഗന്ധവും പട്ടിന്റെ മാര്‍ദ്ദവവും അനുഭവിപ്പിക്കുന്ന വാക്കുകളാണ് ‘സ്മാരകശിലകളു’ടെ മായികലോകം തുറക്കാനുള്ള താക്കോല്‍.
സാറാ ജോസഫ്
6. മലയാളകഥയിലും നോവലിലും മുഖ്യമായി പാശ്ചാത്യവും കുറച്ചൊക്കെ ഭാരതീയവുമായ ദാര്‍ശനിക സമസ്യകള്‍ പ്രബലധാരയായി വര്‍ത്തിച്ച കാലത്ത് അതിനോടൊന്നും വലിയ കമ്പം കാണിക്കാതെ തനതായ മാര്‍ഗത്തില്‍ സഞ്ചരിച്ച് സാഹിത്യരംഗത്ത് ഒരു കസേര നേടിയെടുത്ത കഥാകൃത്തും നോവലിസ്റ്റുമാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള. നാഗരികമുഖം കൂടി ഉള്‍ക്കൊണ്ട ഒരു നാടോടിയുടെ മനസ്സും, ഗ്രാമീണ സൗന്ദര്യമുള്ള ഒരു ഭാഷയും അതിനെ ഭാസുരമാക്കുന്ന നര്‍മവും സമകാലീനരില്‍ കാണാത്ത സാധാരണ മനുഷ്യന്റെ സ്വന്തമായ ദര്‍ശനവുമാണ് കുഞ്ഞബ്ദുള്ളയെ വ്യത്യസ്തനാക്കുന്നത്.
അക്ബര്‍ കക്കട്ടില്‍
7. വിശപ്പിന്റെ, കാമത്തിന്റെ ഭക്തിയുടെ സംയോഗസ്വരൂപമെന്ന് കുഞ്ഞബ്ദുള്ളക്കഥകളെ പേരിട്ടുവിളിക്കുക. ‘ഭഗവാനി’ല്‍ മൂര്‍ത്തമായി അത് അഭിവീക്ഷിക്കാം. കഥകളിലുടനീളം നീളുന്ന നാവും, വികസിക്കുന്ന മൂക്കും കാണുമ്പോള്‍ അറിയുന്നു; വലിയ വായ തുറന്നുപിടിച്ച് നാവു നീട്ടി മൂക്കുകൊണ്ടാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള കഥയെഴുതുന്നതെന്ന്.
വി.ആര്. സുധീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: