കൊച്ചി: കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ അടുത്ത ഒരു വര്‍ഷം നിര്‍ണായകമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. 5.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 387 കിടക്കകളോടു കൂടിയ പുതിയ ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. 395 കോടി രൂപയാണ് ആശുപത്രി ബ്ലോക്കിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ചെലവ് കണക്കാക്കിയിരിക്കുന്നത്.
88 ലക്ഷം രൂപ ചെലവു വരുന്ന ലിംഫോഡെമ ക്ലിനിക്ക്, കേരളത്തില്‍ പൊതുമേഖലയില്‍ ആദ്യത്തേതും ഒരു കോടി രൂപ ചെലവു വരുന്നതുമായ ശബ്ദനാളി – അന്നനാളം രോഗികള്‍ക്കുള്ള പുനരധിവാസ ക്ലിനിക്ക് എന്നിവ ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും. 88 ലക്ഷം രൂപയുടെ അമേരിക്കന്‍ നിര്‍മിത സ്കാനിങ് മെഷീനും ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും.
40 ലക്ഷം രൂപയുടെ ഇമ്യൂണോഅനലൈസര് സ്ഥാപിക്കുന്ന ജോലികള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. 78 ലക്ഷം രൂപ ചെലവില്‍ ഓപ്പറേഷന് തീയേറ്ററിന്റെ നിര്‍മാണം മാര്‍ച്ചിലും തുടങ്ങും. ഒന്നരക്കോടി രൂപ ചെലവു വരുന്ന മാമോഗ്രാമും മൈക്രോടോമും മാര്‍ച്ചില്‍ പ്രവര്‍ത്തനസജ്ജമാകും. എല്ലാ മാസവും കാന്‍സര്‍ ബോധവത്കരണ ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും സെന്ററിന് പദ്ധതിയുണ്ട്. സാറ്റലൈറ്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതാപഠനം അടുത്ത വര്‍ഷം ജൂണില്‍ നടക്കും.
കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒപി വിഭാഗത്തില്‍ ചികിത്സ തേടിയത് 3900 രോഗികള്‍. സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോപതോളജി എന്നീ വിഭാഗങ്ങളിലാണ് രോഗികള്‍ ചികിത്സ തേടിയെത്തിയത്.
മെഡിക്കല്‍ ക്യാമ്പുകളില്‍ ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പാപ്സ്മിയര്‍ ടെസ്റ്റിന്റെ പ്രയോജനം 500 വനിതകള്‍ക്ക് ലഭിച്ചു. സ്തനാര്‍ബുദം കണ്ടെത്തുന്നതിന് 600 വനിതകളിലും പരിശോധന നടത്തി. തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ അര്ബുദമുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്ക് 1500 പേരുമെത്തി.
കാന്‍സര്‍ സെന്ററിലെ ആറു കിടക്കളുള്ള കിമോ വാര്‍ഡില്‍ ഒരു വര്‍ഷം കൊണ്ട് നടത്തിയത് 650 കീമോതെറാപ്പികള്‍ ഹെഡ് ആന്റ് നെക്ക് എന്‍ഡോസ്കോപ്പി, പതോളജി – ലാബറട്ടറി സേവനങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യവും കാന്‍സര്‍ സെന്ററിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: