വാക്കുകളുടെ അക്ഷയ ഖനി തന്ന ഒരാളെക്കുറിച്ച് വിശേഷിപ്പിക്കാന്‍ പോന്ന മറുവാക്കു പറയണമെങ്കിലും ആ ഖനിയില്‍ നിന്നുതന്നെ എടുക്കേണ്ടിവരും. അദ്ദേഹത്തിന്റെ തന്നെ കൈയ്യിലൊരു ഇന്ദ്രധനുസുമായി എന്ന വാക്കു കടംകൊണ്ടാല്‍ ഒരു പക്ഷേ അതു ശരീരത്തിനും മനസിനും പ്രതിഭയ്ക്കുമൊക്കെയായി ചേരുമെന്നു തോന്നുന്നു.
കവിതയിലെ സൂര്യനും പാട്ടിലെ ചന്ദ്രനുമൊക്കെയായ വയലാര്‍ രാമവര്മയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതെ, വയലാറൊരു ഇന്ദ്രധനുസായിരുന്നു. വയലാര്‍ ഓര്‍മയായിട്ട് ഇന്ന് 42 വര്‍ഷം. മലയാളി മനസില്‍ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങിയ തീരത്തേയും ചലനം ചലനം എന്ന ജീവിത ഗതിയുടെ താളത്തേയും നല്കിയ പാട്ടെഴുത്തുകാരന്. എനിക്കു മരണമില്ല എന്നു കവിത എഴുതിയ വയലാര്‍ മരണമില്ലാത്ത കവിയാണ്.
കവിതയും സിനിമാപ്പാട്ടും വയലാറിന് കവിത തന്നെയായിരുന്നു.സിനിമയിലേത് പാടുന്ന കവിത ആയെന്നുമാത്രം. യുക്തിയും ശാസ്ത്രവുമൊക്കെ വയലാര്‍ കവിതയിലുള്ളപ്പോഴും തത്വശാസ്ത്രങ്ങള്‍ക്കും മീതെ മനുഷ്യവേദനയെ തന്നെയാണ് അദ്ദേഹം പ്രതിഷ്ഠിച്ചത്. നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും താന്‍ അംഗീകരിക്കില്ലെന്ന് വലിയൊരു വിളംബരംപോലെ കവിതയില്‍ വയലാര്‍ പ്രഖ്യാപിക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിനായുള്ള സ്നേഹ വായ്പില്‍ മനസുരുകുന്ന കവിയെയാണ് വയലാറിന്റെ വൃക്ഷം എന്ന കവിതയില്‍ കാണുക. ആയിഷ,മുളങ്കാട്,സര്‍ഗസംഗീതം,രാവണപുത്രി തുടങ്ങിയ രചനകള്‍ വൈയക്തികവും സാമൂഹ്യവുമായ നെരിപ്പോടുകള്‍ തീര്‍ക്കുന്ന കവിതകളാണ്.
ഇന്ന് സിനിമാ ഗാനം രചിക്കുന്നവര്‍ അനേകരുണ്ടെങ്കിലും പൊട്ടെന്നൊരു പേര് അവരില്‍നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അവിടെയാണ് വയലാറിന്റെ കാലാതീത പ്രസക്തി. പഴയ-പുതിയ തലമുറകള്‍ ഒരുപോലെ തിരിച്ചറിയുന്നതാണ് വയലാര്‍ എന്ന സ്ഥലപ്പേരില്‍ അറിയപ്പെടുന്ന മലയാളത്തിലെ ഏക്കാലത്തേയും പാട്ടുകവിയായ രാമവര്‍മ. വയലാര്‍ എന്ന് ആദരവോടെ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ ചുണ്ടില്‍ വിരിയും. ആ പാട്ടുള്ള സിനിമയും ദൃശ്യവും കൂടെപ്പോരും. ചൊട്ട മുതല്‍ ചുടലവരെ, ദുഖിതരേ പീഡിതരേ, ദേവലോക രഥവുമായ് എന്നിങ്ങനെ കാവ്യ സൗന്ദര്യവും ബിംബ ലാവണ്യവും തികഞ്ഞ അനവധി കവിതാ രുചിയുള്ള പാട്ടുകളാണ് വയലാര്‍ എഴുതിയത്. സിനിമാ ഗാനങ്ങള്‍ കവിത തന്നെയാണെന്ന് സര്‍ഗപരമായ കാര്‍ക്കശ്യം ഉള്ളവരായിരുന്നു വയലാറിന്റെ സമകാലീനരായിരുന്ന പി.ഭാസ്ക്കരനും ഒ.എന്‍.വിയും. പദ സമൃദ്ധിയും ആശയങ്ങളുടെ ശക്തിയും ബിംബ കല്പനകളുംകൊണ്ട് അചുംബിതമായിരുന്നു അവരുടെ വരികള്‍. അവരില്‍ മുമ്പനാണ് വയലാര്‍.
കവിതയില്‍ നിന്നും വേര്പെടാനാവാത്തൊരു ദൃഢബന്ധം വയലാര്‍ എന്തെഴുതിയാലും ഉണ്ടാകും. കവിതയില്‍ സംസാരിച്ചും കവിതാമത്സരം നടത്തിയുമൊക്കെ വിനോദത്തിനായിപ്പോലും കവിതകൊണ്ടുനടന്ന മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലുള്ള മുന്‍ഗാമികളുള്ള കേരളത്തില്‍ ഇതൊന്നും അതിശയമല്ലെന്നിരിക്കിലും വയലാറിന് അങ്ങനേയും ഒരു വാസനാബലം ഉണ്ടായിരുന്നത് ചെറുതല്ല. സ്നേഹവും പ്രണയവും കരുണയും ശാസ്ത്രവും യുക്തിയും തത്വ ചിന്തയും ദൈവവും എന്നുവേണ്ട മനുഷ്യനുമായി ബന്ധപ്പെടുന്നതെല്ലാം ഒഴിവാക്കപ്പെടാനാവാത്ത വികാരമായി അദ്ദേഹത്തിന്റെ വരികളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കാല്‍പ്പനികതയും വിപ്ളവവും ഒരുപോലെ ഇഴുകിച്ചേര്‍ന്ന് അവ മാനുഷികമായതും ജനകീയമായതും.
ചേര്‍ത്തലയിലെ വയലാറില്‍ 1928 മാര്‍ച്ച് 28ന് ജനിച്ച രാമവര്‍മ 223 സിനിമകളിലായി രണ്ടായിരത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. വയലാര്‍ -ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ് അവയില്‍ ഏറെയും. അതില്‍ കൂടുതലും പാടിയതു യേശുദാസ് ആയിരുന്നു. മലയാളിയെ ഇന്നും ഉണര്‍ത്തുകയും ഉറക്കുകയുമാണ് വയലാറിന്റെ പാട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: