പാലക്കാട്: കാശിയില്‍ പാതിയെന്ന ഖ്യാതിയുള്ള കല്പാത്തിയില് ഇത്തവണത്തെ രഥോത്സവത്തിന് മാറ്റുകൂടും. ദേവരഥങ്ങളുടെ മരച്ചക്രങ്ങള്‍ മാറി ഉരുക്കിന്റെ ചക്രങ്ങള്‍ ഘടിപ്പിച്ചതോടെ രഥപ്രയാണത്തിന് പത്തരമാറ്റിന്റെ തിളക്കമാവും. ഭാവിയിലെ സുരക്ഷ കണക്കിലെടുത്താണ് കാലങ്ങളോളം പഴക്കമുള്ള രഥത്തിലെ മരച്ചക്രങ്ങള്‍ മാറ്റി ഉരുക്കില്‍ തീര്‍ത്ത ചക്രങ്ങള്‍ പിടിപ്പിച്ചത്.
തമിഴ്നാട്ടിലെ പ്രശസ്തരായ അമ്പലങ്ങളിലെ രഥങ്ങളുടെ മാതൃകയിലാണ് കല്പാത്തിയിലെ ദേവരഥങ്ങളുടെ ചക്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചക്രങ്ങള്ക്കുപുറമെ ചക്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അച്ചും മരത്തില്‍ നിന്നും മാറി ഉരുക്കുനിര്മ്മിതമായി. ആറുനൂറ്റാണ്ടോളമായി നടക്കുന്ന രഥോത്സവത്തില്‍ ടണ്‍കണക്കിനു ഭാരമുള്ള ദേവരഥങ്ങള്‍ മരചക്രങ്ങളിലുരുളുന്നത് സുരക്ഷാപ്രശ്നങ്ങള്ക്കു കാരണമാവുന്നതിനാലാണ് ഉരുക്കില്‍ നിര്‍മ്മിക്കാന്‍ നടപടിയായത്.
ഇതിന്റെ ആദ്യഘട്ടമായി കല്പാത്തിയിലെ വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവന് തേരിന്റെ രഥത്തിലെ ചക്രങ്ങളും അച്ചും ഇത്തവണത്തെ രഥോത്സവത്തിന് മുമ്പ് തന്നെ പൂര്‍ണ്ണമായും ഉരുക്കു ചക്രങ്ങളാക്കി. ഒരു രഥത്തിലെ ചക്രങ്ങളും അച്ചും ഉരുക്കിലേക്കു മാറ്റുന്നതിനു ഏകദേശം ആറുലക്ഷത്തോളം രൂപയാണ് ചിലവുവരുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്ത തേരുനിര്മ്മാതാക്കളുടെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സംഘത്തിന്റെ നേതൃത്വത്തിലാണ് കല്പാത്തിയിലെ ദേവരഥ ചക്രങ്ങള്‍ നിര്‍മ്മിച്ചത്.
ദീപാവലി ദിനത്തില്‍ കല്പാത്തിയിലെ അച്ചന്പടിയിലേക്കു മാറ്റിയ തേരുകള്‍ അവിടെ വെച്ചാണ് പുതിയ ഉരുക്കുചക്രങ്ങള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചത്. നേരത്തെ തന്നെ ഉരുക്ക് ദണ്ഡ് പൊതിഞ്ഞിരുന്നു. മരചക്രങ്ങളാവുമ്പോള് വര്‍ഷാവര്‍ഷം രഥോത്സവത്തിനു മുമ്പേ ചക്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായുണ്ട്. മരങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നതും നിര്‍മ്മാണ ചെലവും മറ്റും ചെലവുകളും കണക്കാക്കിയാണ് കല്‍പ്പാത്തിയിലെ തേരുചക്രങ്ങള് ഉരുക്കിലേക്ക് മാറ്റാന്‍ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചത്. രഥോത്സവ ധന്യതയില്‍ അഗ്രഹാര വീഥികള്‍ തേരുരുളും കാലം സമാഗതമായതോടെ ഇനി കല്‍പ്പാത്തി ഗ്രാമ വീഥികളില്‍ ദേവരഥപ്രയണം നടത്തുന്ന രഥചക്രങ്ങളില്‍ ഉരുക്കിന്റെ പത്തരമാറ്റു തിളക്കമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: