ചെര്‍പ്പുളശ്ശേരി:ഡിഗ്രി, ബിടെക് കോഴ്സുകളുടെ 20തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗര്‍ സ്വദേശി മാര്ട്ടിന് ജോണ്‍ (34) എന്നയാളെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞവര്‍ഷം ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജിലെ 23 വിദ്യാര്‍ത്ഥികളില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്ത കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒസ്മാനിയ യൂണിവേഴ്സിറ്റി, അണ്ണ യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി, തമിഴ്നാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട്, നാഗാലാന്റിലെ ഗ്ലോബല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, എന്നീ പേരുകളിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ബിരുദം, ബിടെക്, പ്ലസ് ടു തുടങ്ങിയ കോഴ്സുകളുടെയെല്ലാം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് മാര്ട്ടിന് നല്‍കുന്നുണ്ടെന്ന് എസ്.ഐ പി.എം. ലിബി പറഞ്ഞു. 10,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വാങ്ങിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നത്.
2001 മുതല്‍ 2017 വരെ വിതരണം ചെയ്ത വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാളില്‍ നിന്നും പൊലീസിനു ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട്, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് മാര്ട്ടിന് ജോണ്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ കേരളത്തിലെ പ്രധാന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിന് പുറത്തുള്ള വന്‍ സര്‍ട്ടിഫിക്കറ്റ് മാഫിയയാണ് ഇവ നിര്‍മ്മിച്ച് നല്‍കുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചെര്‍പ്പുളശ്ശേരിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി സുജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിതിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ടുപേരെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇപ്പോള്‍ പിടിയിലായ മാര്ട്ടിന് ജോണില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: