മെച്ചപ്പെട്ട ജീവിതനിലവാരം ഏവരുടേയും ആഗ്രഹമാണ്. അത് സാധ്യമാകണമെങ്കില്‍ വരുമാനം വര്‍ധിക്കണം. വരുമാനം നേടണമെങ്കില്‍ നല്ലൊരു തൊഴില്‍ വേണം. പലര്‍ക്കും നല്ലൊരു തൊഴില്‍ എന്നത് വിദൂരസ്വപ്നമാണ്. നമ്മുടെ കൊച്ചു കേരളവും നേരിടുന്ന പ്രധാന പ്രതിസന്ധി അഭ്യസ്തവിദ്യര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന തരത്തിലൊരു ജോലി നല്കാന് കഴിയുന്നില്ലെന്നതാണ്.
സര്‍ക്കാര്‍ മേഖലയിലാവട്ടെ ഏതാണ്ട് അപ്രഖ്യാപിത നിയമന നിരോധനമാണുള്ളത്. സാധ്യതയുള്ളതാവട്ടെ സ്വകാര്യമേഖലകളിലും. പക്ഷേ അതും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.
ഇതിനൊക്കെ ഒരു മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴില്‍ സേവനകേന്ദ്രം സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഏകദിന തൊഴില്‍മേളകള്‍. അഭ്യസ്തവിദ്യരായ പതിനായിരങ്ങളാണ് ഇത്തരം മേളകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ഓരോരുത്തരുടെയും സ്വപ്നമാണ് ഒരു തൊഴില്‍ നേടുക എന്നത്. അതിനായി ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നതില്‍ നമ്മുടെ യുവതീയുവാക്കള്‍ മുന്‍പന്തിയിലുമാണ്. എന്നാല്‍, ഒരു ജോലിക്കായി അഭിമുഖത്തിനെത്തുമ്പോള്‍ ഇവരില്‍ ഭൂരിപക്ഷവും ദയനീയമായി പരാജയപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്താണിതിനു കാരണം? കേരളത്തിലെ യുവതലമുറയ്ക്ക് ആത്മവിശ്വാസക്കുറവോ യോഗ്യതക്കുറവോയില്ല.
പക്ഷെ, അവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ആധുനിക തൊഴില്‍മേഖലയുമായി ബന്ധപ്പെട്ടുള്ള അറിവിന്റെയും പരിശീലനത്തിന്റെയും കുറവാണ്. ഇന്നത്തെ അക്കാദമിക് വിദ്യാഭ്യാസ രീതിയുടെ പോരായ്മയാണ് ഇതിന് കാരണം. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കഴിയേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം നേടിയ വിദ്യയ്ക്കനുസൃതമായ തൊഴിലെന്നത് ഒരു സ്വപ്നമായിത്തന്നെ നിലകൊള്ളും.
തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവത
വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയുണ്ടായിരുന്ന രീതി എങ്ങനെയും ബിരുദം സമ്പാദിക്കുക എന്നതായിരുന്നു. ബിരുദധാരികള്‍ക്ക് അന്നൊക്കെ ജോലി ലഭിക്കുവാനുള്ള സാധ്യതയും ഏറെയായിരുന്നു. പഠനത്തില്‍ മികവുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. പി ആന്‍ഡ് ടി, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ ഇങ്ങനെയുള്ളവര്‍ക്ക് ധാരാളം അവസരങ്ങളും ഉണ്ടായിരുന്നു. 90 കളില്‍ ഇതിനും മാറ്റംവന്നു. കമ്പ്യൂട്ടറുകളുടെ വരവോടെ തൊഴില്‍ സംസ്കാരത്തിനു കാതലായ മാറ്റമാണ് വന്നത്.
സാങ്കേതികതയിലൂന്നിയ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയിലേക്ക് ഇതു നമ്മെ നയിച്ചു. എന്നാല്‍ ഇത് ഉള്‍ക്കൊള്ളുവാനോ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുവാനോ നമുക്കായില്ല. കമ്പ്യൂട്ടര്‍ തൊഴില്‍ ഇല്ലാതാക്കുമെന്ന വ്യാജപ്രചരണവും അതിനെതിരെ സമരരംഗത്തിറങ്ങുവാനുമാണ് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ യുവതയെ ആഹ്വാനം ചെയ്തത്. ഫലത്തില്‍, ഈ രംഗത്ത് കേരളം പിന്തള്ളപ്പെടുന്ന കാഴ്ചയും നാം കണ്ടു. മറ്റു സംസ്ഥാനങ്ങള്‍ വളരെയേറെ മുമ്പിലെത്തിയപ്പോള്‍ മാത്രമാണ് ഇതിനെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങിയതുതന്നെ. അപ്പോഴേക്കും സമയം ഏറെ വൈകിയെന്നു മാത്രം.
മാറ്റം അനിവാര്യം
നമ്മുടെ വിദ്യാഭ്യാസരീതിയില്‍ സമൂലമായ അഴിച്ചുപണി ആവശ്യമാണ്. ഇപ്പോഴും സ്കൂള്‍ വിദ്യാഭ്യാസത്തിന് പഴയ സമ്പ്രദായത്തില്‍നിന്നും കരകയറുവാന്‍ വേണ്ടത്ര കഴിഞ്ഞിട്ടില്ല. ഡി.പി.ഇ.പി. വന്നതോടെ മാറ്റം വരുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും പരാജയപ്പെട്ടു.
ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവ് കണ്ടെത്തി അതിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തുവാന്‍ അദ്ധ്യാപകര്‍ക്കും സാധിക്കുന്നില്ല. അല്ലെങ്കില്‍, അതിനുള്ള പരിശ്രമം നടക്കുന്നില്ല. രക്ഷകര്‍ത്താക്കളുടെ മനസ്സുമാറണം. തന്റെ കുട്ടി ഡോക്ടറും എഞ്ചിനിയറുമൊക്കെ ആയി കാണുവാനുള്ള മാനസികാവസ്ഥയിലാണ് ഇപ്പോഴും ഇവര്‍.
കുട്ടികളെ അവര്‍ക്ക് അഭിരുചിയുള്ള മേഖലയിലേക്ക് തിരിച്ചുവിടാന്‍ അധ്യാപകരാണ് കൂടുതല്‍ പരിശ്രമിക്കേണ്ടത്. ശാസ്ത്ര താല്‍പ്പര്യങ്ങള്‍ ഉള്ളവരും സ്പോര്‍ട്സ്, സാഹിത്യം, കല തുടങ്ങിയ മേഖലകളില്‍ താല്പര്യങ്ങള് നമുക്ക് ചുറ്റുമുണ്ട്.അവരെ ആ മേഖലയിലേക്ക് വഴിതിരിച്ചു വിടണം. അപ്പോള്‍ അവര്‍ ആ മേഖലകളില്‍ തിളങ്ങുകയും ചെയ്യും.
വേണ്ടതു തൊഴില്‍ നൈപുണ്യത്തിലൂന്നിയ വിദ്യാഭ്യാസം
അക്കാദമിക് വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിദ്യാഭ്യാസത്തോടൊപ്പംതന്നെ തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളും നടത്തണം. നമ്മുടെ നാട്ടില്‍ ഇന്ന് നിരവധി തൊഴിലവസരങ്ങളുണ്ട്. പക്ഷെ യോഗ്യരായവരെ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ കമ്പനിയ്ക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ നിരവധി തൊഴിലവസരങ്ങളുമായാണ് സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ഓരോ തൊഴില്‍ മേളകളിലും എത്തുന്നത്. പതിനായിരത്തിലേറെപ്പേര്‍ ഇത്തരം മേളകളില്‍ തൊഴില്‍ തേടിയെത്തുന്നു എന്നതും ഗൗരവത്തോടെ കാണേണ്ടുന്ന വിഷയമാണ്. കേരളത്തിന്റെ തൊഴിലില്ലായ്മയുടെ ഒരു നേര്‍ചിത്രമാണ് ഇത് വരച്ചുകാട്ടുന്നത്.
വേണം ഒരു പുനര്‍ചിന്തനം
എന്തുകൊണ്ടിതു സംഭവിക്കുന്നു. തൊഴിലുമായി ബന്ധപ്പെട്ട് വേണ്ടത്ര പരിചയം നേടാന്‍ കേരളത്തിലെ യുവജനങ്ങള്‍ക്കു സാധിക്കുന്നില്ല. അതിനുവേണ്ടത് വിദ്യാഭ്യാസ സമ്പ്രദായത്തെ തൊഴില്‍ നൈപുണ്യ വികസനവുമായി ബന്ധപ്പെടുത്തുക എന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ഈ രംഗത്തു നടത്തുന്ന പ്രവര്‍ത്തനം ഉദാഹരണമാണ്. തൊഴിലന്വേഷകരല്ല, തൊഴില്‍ ദാതാക്കളാകുവാനാണ് യുവജനതയോടുള്ള ആഹ്വാനം തന്നെ. അതിനാവശ്യമായ സൗജന്യ പരിശീലനവും രാജ്യത്തിന്റെ പലഭാഗങ്ങളിലും നടത്തിവരുന്നു. ഈ അവസരങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുവാന്‍ നമ്മുടെ യുവത്വത്തിനു കഴിയണം. അങ്ങനെ സമൂലമായ ഒരു മാറ്റത്തിനുവേണ്ടി ഒരു പുനര്‍ചിന്തനം നടത്തിയേ തീരൂ.
ഭാവിയെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍
ഭാവിയില്‍ എല്ലാവര്ക്കും തൊഴില്‍ നേടിക്കൊടുക്കാന്‍ സഹായകമായ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം സബ് റീജിയണല്‍ എംപ്ലോയിമെന്റ് ഓഫീസര്‍ പി. ജി. രാമചന്ദ്രന് പറയുന്നു. സമൂഹത്തിലെ സധാരണക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2014ല്‍ ദേശീയ തൊഴില്‍ സേവനകേന്ദ്രം തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ ആരംഭിച്ചത്. തൊഴില്‍ അന്വേഷകരെയും തൊഴില്‍ ദാതാക്കളേയും കൂട്ടിമുട്ടിക്കുകയെന്ന ദൗത്യമാണ് സേവനകേന്ദ്രം നിര്‍വ്വഹിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: