ഇന്ത്യയില്‍ കശുമാവ് കൃഷിയില്‍ മുന്‍പന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും ഉത്പാദനക്ഷമതയിലും പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. എന്നാല്‍ കശുവണ്ടി സംസ്കരണ കയറ്റുമതി രംഗത്ത് കേരളം ഇന്നും മുന്‍പന്തിയില്‍ തന്നെയുണ്ട്.
വിവിധ കശുമാവിന് ഇനങ്ങളും അവയുടെ സവിശേഷതകളും ചുവടെ:
ആനക്കയം-1
കേരള കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തില്‍ നിന്നും 1982ല്‍ പുറത്തിറക്കിയ ഇനമാണിത്. നേരത്തെ പുഷ്പിക്കുന്ന സ്വഭാവമുള്ള ഈ ഇനത്തിന് ഒതുങ്ങിയ വളര്‍ച്ചാരീതിയാണുള്ളത്. പച്ചണ്ടിയുണ്ടാകുന്ന സമയം ഡിസംബര്‍-ജനുവരിയാണ്. ഒരു മരത്തില്‍ നിന്നും ശരാശരി 12 കിലോ വിളവു ലഭിക്കും. കശുവണ്ടിയുടെ തൂക്കം 5.95 ഗ്രാം ആണ്. ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. വളരെ ചുരുങ്ങിയ പൂക്കാലവും വിളവെടുപ്പുകാലവുമാണിതിനുള്ളത്. കാലവര്‍ഷം നേരത്തെ തുടങ്ങുന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യം.
മാടക്കത്തറ -1
1990ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ ഈ ഇനത്തിന് ഒതുങ്ങിയ വളര്‍ച്ചാരീതിയാണുള്ളത്. നവംബര്‍ മാസത്തില്‍ പുഷ്പിക്കുന്നു. ജനുവരി-മാര്‍ച്ചില്‍ പച്ചണ്ടിയുണ്ടാകും. ശരാശരി 13 കിലോ വിളവ് ഒരു മരത്തില്‍നിന്നും ലഭിക്കും. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. നല്ല ആരോഗ്യത്തോടെ തഴച്ചുവളരുന്നവ എല്ലാ പ്രദേശങ്ങള്‍ക്കും യോജിച്ചതാണ്.
മാടക്കത്തറ-2
വൈകി പുഷ്പിക്കുന്ന (ജനുവരി-മാര്‍ച്ച്) ഇനമാണിത്. ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ പച്ചണ്ടിയുണ്ടാകും. കാലവര്‍ഷം വൈകിവരുന്ന സ്ഥലങ്ങളിലേക്ക് ഈ ഇനം അനുയോജ്യമാണ്. ഏകദേശം 17 കിലോ വിളവ് ഒരു മരത്തില്‍ നിന്നും ലഭിക്കുന്നു. എക്സ്പോര്‍ട്ട് ഗ്രേഡ് 280 ആണ്. ഏകദേശം ആറ് ഗ്രാം തൂക്കമുള്ള കശുവണ്ടിയും രണ്ടു ഗ്രാം തൂക്കമുള്ള പരിപ്പുമുണ്ട്.
കനക
1993ല്‍ കാര്‍ഷിക സര്‍വകലാശാല മാടക്കത്തറയില്‍ നിന്ന് കൃത്രിമ പരാഗണം വഴി പുറത്തിറക്കിയ സങ്കര ഇനമാണിത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന ഈ ഇനത്തിന് തുറന്ന വളര്‍ച്ചാരീതിയാണുള്ളത്. ഏകദേശം 13 കിലോ വരെ ഒരു മരത്തില്‍നിന്നും വിളവു ലഭിക്കും. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. ഏകദേശം 6.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.08 ഗ്രാം തൂക്കമുള്ള പരിപ്പുമുണ്ട്.
ധന
1993ല്‍ മാടക്കത്തറ നിന്നും പുറത്തിറക്കിയ മറ്റൊരു സങ്കര ഇനമാണിത്. നവംബര്‍-ജനുവരി മാസത്തില്‍ പുഷ്പിക്കുകയും ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ കായ്ക്കുകയും ചെയ്യുന്നു. മരമൊന്നിന് പ്രതിവര്‍ഷം വിളവ് 10.7 കിലോ. ഏകദേശം 8.21 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.44 ഗ്രാം തൂക്കമുള്ള പരിപ്പുമുണ്ട്. എക്പോര്‍ട്ട് ഗ്രേഡ് 210 ആണ്.
പ്രിയങ്ക
1995ല്‍ ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ ഈ സങ്കരയിനത്തിന് ഒതുങ്ങിയ വളര്‍ച്ചാരീതിയാണുള്ളത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിക്കുന്ന ഈ ഇനത്തിന് ഒരു മരത്തില്‍ നിന്നും ഏകദേശം 15 കിലോ വിളവു ലഭിക്കുന്നു. എക്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 240 ഉള്ള ഈ ഇനം കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും യോജിച്ചതാണ്. ഏകദേശം 7.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.64 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.
സുലഭ
1996ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ ഈ ഇനം കേരളത്തിലെ ഉയരം കുറഞ്ഞ സമതലപ്രദേശങ്ങള്‍ക്ക് പറ്റിയതാണ്. വൈകി പുഷ്പിക്കുന്ന ഈ ഇനത്തില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പച്ചണ്ടിയുണ്ടാകുന്നത്. വലിയ അണ്ടിയുള്ള ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് 210 ആണ്. ഏകദേശം 9.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.88 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. ശരാശരി ഒരു മരത്തില്‍ നിന്നും 215 കിലോ വിളവു ലഭിക്കും.
അമൃത
1988ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ ഈ സങ്കരയിനം പടരുന്ന വളര്‍ച്ചാരീതിയാണ് കാണിക്കുന്നത്. ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് ഇത് പുഷ്പിക്കുന്നത്. ജനുവരി-മാര്‍ച്ചില്‍ ഇതില്‍ പച്ചണ്ടിയുണ്ടാകുന്നു. ഏകദേശം 7.18 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.24 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. 18 കിലോഗ്രാം വരെ ഒരു മരത്തില്‍ നിന്നും വിളവു ലഭിക്കുന്ന ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 210 ആണ്.
അനഘ
സങ്കരയിനമായ അനഘ 1998ല്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം ഗവേഷണ കേന്ദ്രത്തില്‍നിന്നും പുറത്തിറക്കിയതാണ്. ഒതുങ്ങിയ ശാഖകളോടുകൂടി ഈ ഇനം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പുഷ്പിക്കുന്നു. ഏകദേശം 16.01 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.9 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. 13.5 കിലോ വരെ വിളവ് ഒരു മരത്തില്‍നിന്നും ലഭിക്കുന്നു. സാമാന്യം വലിയ അണ്ടിയുള്ള ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 180 ആണ്.
അക്ഷയ
1998ല്‍ കേരള കാര്‍ഷികസര്‍വകലാശാല, ആനക്കയം പുറത്തിറക്കിയ ഈ ഇനം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജനുവരി-മാര്‍ച്ചില്‍ കായ്ക്കുന്നവയാണ്. 11.5 കിലോ വരെ വിളവുതരാന്‍ കെല്പുള്ള ഈ ഇനത്തിന്റെ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ലിയു 180 ആണ്. ഏകദേശം 11.0 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 3.12 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.
കെ. 22-1
ഡിസംബര്‍-ഫെബ്രുവരി മാസങ്ങളില്‍ പുഷ്പിക്കുന്ന ഈ ഇനത്തില്‍ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ പച്ചണ്ടിയുണ്ടാകുന്നു. ഏകദേശം 13 കിലോ വരെ ഒരു മരത്തില്‍നിന്നും വിളവു ലഭിക്കുന്നു. ഏകദേശം 6.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 1.6 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്.
ദാമോദര്‍
കൃത്രിമ പരാഗണത്തിലൂടെ ഉത്പാദിപ്പിച്ച ഒരു സങ്കര ഇനമാണിത്. നേരത്തെ പുഷ്പിക്കുകയും നേരത്തെ വിളവു തരുകയും ചെയ്യുന്ന ഈ ഇനം കര്‍ഷകര്‍ക്ക് ഏറെ പ്രിയമുള്ളതാണ്. കശുമാവിന്റെ മുഖ്യശത്രുക്കളായ തേയില കൊതുകിനും തണ്ടുതുരപ്പനും എതിരേ താരതമ്യേന പ്രതിരോധശക്തിയുള്ള ഇനമാണ്. ഏകദേശം 8.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.0 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ലിയു 240 ആണ്. ഒരു മരത്തില്‍നിന്നും 14 കിലോ വിളവു ലഭിക്കും.
രാഘവ്
അത്യുത്പാദനശേഷിയുള്ള ഒരു സങ്കരയിനമാണിത്. ഈ ഇനത്തിന്റെ വിളവെടുപ്പ് മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ അവസാനിക്കുന്നതുകൊണ്ട് കര്ഷകന് വിപണിയില്‍ നല്ല വില ലഭിക്കും. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 210 ആണ്. ഏകദേശം 9.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.27 ഗ്രാം തൂക്കം വരുന്ന പരിപ്പും ഇതിനുണ്ട്. ഒരു മരത്തില്‍നിന്ന് ഏകദേശം 13 കിലോഗ്രാം വിളവ് ലഭിക്കും.
ശ്രീ. (സെലക്ഷന് 990)
കശുമാവ് ഗവേഷണ കേന്ദ്രം ആനക്കയത്തുനിന്നും പുറത്തിറക്കിയ ഇനമാണ് ശ്രീ (സെലക്ഷന് 990). ഇടത്തരം ശിഖരങ്ങളുണ്ട്. നേരത്തെ പുഷ്പിക്കുന്നവയാണ്. വലിയ കശുവണ്ടികള്‍ക്ക് 10.62ഗ്രാം തൂക്കം ലഭിക്കും. പരിപ്പൊന്നിന് 3.30ഗ്രാം തൂക്കം ലഭിക്കും. ഷെല്ലിങ് ശതമാനം 31.1 ആണ്. മരമൊന്നിന് പ്രതിവര്‍ഷം 23.78 കിലോഗ്രാം ഉത്പാദനശേഷി ഉണ്ട്. കശുമാങ്ങയുടെ നിറം സ്വര്‍ണമഞ്ഞയാണ്. ഇടത്തരം വലിപ്പമുള്ള ഇവ കശുമാങ്ങ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ യോജിച്ചവയും തേയില കൊതുകിനോട് താരതമ്യേന പ്രതിരോധശേഷി കാണിക്കുന്നവയുമാണ്.
പൂര്‍ണിമ
കശുമാവ് ഗവേഷണ കേന്ദ്രത്തില്‍നിന്നും 2006-ല്‍ പുറത്തിറക്കിയ ഇനമാണ് പൂര്‍ണിമ. കശുവണ്ടി വ്യവസായത്തിനും കയറ്റുമതിക്കും അനുയോജ്യമായ സ്വഭാവ സവിശേഷതകള്‍ സംയോജിച്ച് വികസിപ്പിച്ചെടുത്ത സങ്കരയിനമാണിത്. ഉയര്‍ന്ന ഉത്പാദനശേഷിയും (മരമൊന്നിന് പ്രതിവര്‍ഷം 14.1 കിഗ്രാം.) വലിയ കശുവണ്ടിയും കശുവണ്ടി ഒന്നിന് 7.8 ഗ്രാം തൂക്കവും ഉണ്ട്. അതുകൊണ്ടുതന്നെ ഈ ഇനം വ്യാപകമായ കൃഷിക്ക് അനുയോജ്യമാണ്. സംസ്കരണം നടത്തുമ്പോള്‍ 31 ശതമാനം പരിപ്പ് ലഭിക്കുന്നു എന്നത് ഈ ഇനത്തിന്റെ മേന്മയാണ്. ഡബ്ല്യു 210 എന്ന ഉയര്‍ന്ന ഗ്രേഡില്‍പ്പെടുന്നതിനാല്‍ 6.2 ഗ്രാം തൂക്കമുള്ള ഇതിന്റെ പരിപ്പിന് മികച്ച മൂല്യമുണ്ട്. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ പൂവിടുന്ന ഈ ഇനത്തിന്റെ വിളവെടുപ്പുകാലം (ഫെബ്രുവരി-മാര്‍ച്ച്) ചുരുങ്ങിയതാണ് എന്ന ഗുണവുമുണ്ട്.
തൈകള്‍ക്ക് ബന്ധപ്പെടാവുന്ന കൃഷിവകുപ്പിന്റെ ഫാമുകള്‍:
തിരുവനന്തപുരം
പെരിങ്ങമല ഫാം – 0472- 2846488,
ബനാന നഴ്സറി- 0472 2846622.
കൊല്ലം
അഞ്ചല്‍ ഫാം- 0475 2270447,
കൊട്ടാരക്കര കശുമാവ് ഫാം- 0474-2045235.
ആലപ്പുഴ
മാവേലിക്കര ജില്ലാ ഫാം- 0479 2357690
ഇടുക്കി
അരിക്കുഴ ഫാം- 04862 278599.
എറണാകുളം
നേര്യമംഗലം ഫാം- 0485 2554416.
തൃശൂര്‍
ചേലക്കര ഫാം- 04884 2526636
പാലക്കാട്
എരുത്തിയംപടി ഫാം-0492 3236007.
മലപ്പുറം
ചുങ്കത്തറ ഫാം- 04931 230104
കോഴിക്കോട്
കൂത്താലി ഫാം- 0496 2662264
കണ്ണൂര്‍
തളിപ്പറമ്പ് ഫാം- 0460 2203154
കാസര്‍കോട്
കശുവണ്ടി വികസന ഓഫീസ് ,
ഗ്വാളിമുഖം- 04994 262272.
പ്രതികരിക്കാൻ ഇവിടെ എഴുതുക: