പടക്കങ്ങളുടെ വിരുന്നുകാലം. ദീപാവലിയെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ തമിഴ്നാട്ടിലെ ശിവകാശി നഗരത്തിലെ പടക്ക നിര്‍മ്മാണശാലകള്‍ സജീവമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ദീപാവലിക്ക് ഇവിടെ നിന്നും പടക്കം കയറ്റി അയക്കാറുണ്ട്. കൂറ്റന്‍ ഷെഡ്ഡുകള്‍ക്ക് കീഴില്‍ സ്ത്രീ-പുരുഷ ഭേദമെന്യേ ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന കാഴ്ച ഇവിടെ കാണാം. പടക്കവ്യാപാരശാലകളും ഇവിടെ സജീവമായിക്കഴിഞ്ഞു. ശിവകാശി തെരുവുകളില്‍ പെട്ടിക്കടകള്‍ മുതല്‍ വന്‍ സൂപ്പര്‍ ബസാര്‍ എന്നു തോന്നിക്കുന്ന കടകള്‍ വരെയുണ്ട് പടക്കവില്പനയ്ക്ക്.
കേരളത്തില്‍ 500 രൂപയ്ക്ക് വാങ്ങുന്ന പടക്കത്തിന് ഇവിടെ 100 രൂപയില്‍ കൂടുതല്‍ ആവുകയില്ല. കടകളില്‍ കയറി തെരഞ്ഞെടുക്കുന്ന പടക്കത്തിന് വില പേശി വാങ്ങണമെന്നു മാത്രം. ശിവകാശി പട്ടണത്തില്‍ എത്ര പടക്കവില്‍പനശാലകളുണ്ടെന്ന് എണ്ണിനോക്കാന്‍ കഴിയില്ല. കടകള്‍ക്ക് ചാരുത നല്കി തമിഴ് സിനിമാ നടികളുടെ കൂറ്റന്‍ ബോര്‍ഡുകളും വച്ചിട്ടുണ്ട്. വില്പനശാലകളില് എത്തിയിട്ടുള്ള പടക്കസാമഗ്രികള്‍ എല്ലാം ഇവിടെ നിര്‍മ്മിച്ചവയാണ്. ചൈന കഴിഞ്ഞാല്‍ പടക്കനിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനം നേടിയെടുക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതു തന്നെ ഈ ശിവകാശിയാണ് എന്നതാണ് സത്യം. രാജ്യത്ത് ഇത്പാദിപ്പിക്കുന്ന പടക്കങ്ങളുടെ 90 ശതമാനവും നിര്‍മ്മിക്കുന്നത് ഇവിടെ നിന്നാണ്. വര്‍ഷത്തില്‍ 11 മാസവും ഇവിടെ പടക്കനിര്‍മ്മാണം നടക്കുന്നു.
ദീപാവലി കഴിഞ്ഞാല്‍ അടുത്ത ഒരു മാസക്കാലം വിശ്രമം. വീണ്ടും പടക്കനിര്‍മ്മാണ ശാലകള്‍ സജീവമാകും. ഇവിടെ നിന്നും ഈ ഒരു സീസണില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ പടക്കസാമഗ്രികളാണ് വിറ്റഴിയുന്നത്. ശിവകാശി പടക്കനിര്‍മ്മാണത്തിന് പുറമെ തീപ്പെട്ടി കമ്പനികളും, അച്ചടിശാലകളുമൊക്കെ കുടില്‍ വ്യവസായമായി കൊണ്ടുപോകുന്ന സ്ഥലമാണ്. തമിഴ്നാട്ടിലെ വിരുദ്നഗര്‍ ജില്ലയില്‍പ്പെട്ട ശിവകാശി പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമായി അംഗീകൃതവും അനധികൃതവുമായി ആയിരക്കണക്കിന് പടക്കശാലകള്‍ ദീപാവലി ഒരുക്കാന്‍ രാപകല്‍ പ്രവര്‍ത്തിക്കുകയാണ്. രണ്ടു ലക്ഷത്തോളം പേര് നേരിട്ടും മൂന്നു ലക്ഷത്തോളം പേര് പരോക്ഷമായും ഈ വ്യവസായത്തെ ആശ്രയിച്ച് കുടുംബം പോറ്റുന്നു. തമിഴനും, ബംഗാളിയും, ബീഹാറിയുമൊക്കെയുണ്ട് പടക്കനിര്‍മ്മാണ യൂണിറ്റുകളില്‍.
വര്‍ണ്ണങ്ങളുടെ വിസ്മയപ്പൂരമൊരുക്കുന്ന ശിവകാശിയില്‍ ഇന്നും നടുക്കുന്ന ഓര്‍മ്മയാണ് 2012 സപ്തംബര്‍ 5-ന് നടന്ന വെടിക്കെട്ട് അപകടം. അഞ്ചുവര്‍ഷം പിന്നിടുമ്പോഴും അന്നത്തെ അപകടത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഇവര്‍ക്ക് ഭയമാണ്. ശിവകാശി പട്ടണത്തില്‍ നിന്നും പത്തുകിലോമീറ്റര്‍ ദൂരെ വടിയൂര്‍ വില്ലേജില്‍പ്പെട്ട മുതലപ്പെട്ടി ഗ്രാമത്തിലെ വിശാലമായ പാടത്തിനു നടുക്കായി ഉണ്ടായിരുന്ന ‘ഓം ശക്തി ഫയര്‍ വര്‍ക്സ് ഇന്‍ഡസ്ട്രീസ്’ എന്ന പടക്കനിര്‍മ്മാണ യൂണിറ്റിലെ അന്‍പതോളം വരുന്ന കൊച്ചു കെട്ടിടങ്ങളിലായി നിന്നിരുന്ന പടക്കശാലകളാണ് അന്ന് അഗ്നിക്ക് ഇരയായത്. ഉഗ്രസ്ഫോടനത്തില്‍ പൊലിഞ്ഞത് 40 മനുഷ്യജീവനുകള്‍. 70 പേര്‍ക്ക് പരിക്കേറ്റു. പടക്കനിര്‍മ്മാണത്തിനാവശ്യമായ ലൈസന്‍സും ഈ സ്ഥാപനത്തിനില്ലായിരുന്നു. അന്നത്തെ സ്ഫോടനത്തിന്റെ ഓര്‍മ്മയില്‍ ഇന്നും ചില കെട്ടിടങ്ങള്‍ കേടുപാടുകളോടെ നിലനില്‍ക്കുന്നുണ്ട്. 3.66 മീറ്റര്‍ നീളവും 3.05 മീറ്റര്‍ വീതിയും മാത്രമുള്ള ഓരോ കൂരകള്‍ക്ക് കീഴിലും ഓരോ ഇനം പടക്കങ്ങളാണ് നിര്‍മ്മിച്ചിരുന്നത്. ഇന്നും ഇത്തരത്തില്‍ തന്നെയാണ് നിര്‍മ്മാണം. ഓലവുടക്കം നിര്‍മ്മിക്കുന്ന സ്ഥലത്ത് പൂത്തിരി നിര്‍മ്മിക്കാറില്ല. ഒരു സ്ഥലത്ത് ഇതിനായുള്ള തിരി നിര്‍മ്മാണം നടക്കുമ്പോള്‍ ഒരു സ്ഥലത്ത് മരുന്നുകള്‍ അരച്ച് വിവിധ ഡിഷുകളില്‍ ആക്കുന്ന കാഴ്ചയും ഒക്കെയായി അന്തരീക്ഷത്തില്‍ മിന്നല്പിണര് സൃഷ്ടിക്കുന്ന പടക്കങ്ങളുടെ നിര്‍മ്മാണരീതികള്‍ അടുത്തു കാണുവാനുള്ള അവസരമാണ് ഇവിടേയ്ക്കുള്ള യാത്ര.
ഒരു വര്‍ഷം നീളുന്ന ഇവിടുത്തെ പടക്കനിര്‍മ്മാണം ഇവരുടെ ജീവിതോപാധിയാണ്. എന്നാല്‍ കൂലി തുച്ഛമാണ് എന്ന പരാതിയുമുണ്ട്. എന്നാല്‍ എന്നും ജോലിയുണ്ട് എന്ന ആശ്വാസത്തില്‍ തുച്ഛമായ വേതനത്തിലും ഇവര്‍ ജോലിയെടുക്കുന്നു. സ്ത്രീ തൊഴിലാളിയ്ക്ക് പരമാവധി 225 രൂപ കിട്ടുമ്പോള്‍ പുരുഷന്മാര്ക്ക് ശമ്പളം 300 രൂപയാണ്. കരി പുരണ്ട ഇവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇവര്‍ ഈ യാതനയൊക്കെ സഹിക്കും. ഇവിടെ ചെറിയ ഈര്‍ക്കില്‍ പടക്കം മുതല്‍ 120 സെ.മി. നീളമുള്ള പൂത്തിരിയും 500 തവണ ആകാശത്ത് തുടരെ വെടിയുതിര്‍ക്കുന്ന ഷോട്ടുകളും, ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കളര്‍ഗുണ്ടുകളും നിര്‍മ്മിക്കുന്നുണ്ട്. ഇക്കുറി പനയോലകള്‍ യഥാസമയം നിര്‍മ്മാണശാലയില്‍ എത്താത്തതിനാല്‍ ഓലപ്പടക്കം കാര്യമായി നിര്‍മ്മിച്ചിട്ടില്ല എന്നും തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: