അസോഷ്യേറ്റഡ് പിക്ച്ചേഴ്സിന്റെ ‘അമ്മ’ മാതൃഭാവത്തിന് എത്തിപ്പെടാന്‍ (മാതൃഭാവത്തില്‍ എത്തിപ്പെടാനും) കഴിയുന്ന അവസ്ഥകളെ പുല്കി നിവര്‍ത്തിച്ച പ്രമേയകല്‍പനയിലൂടെ ശ്രദ്ധനേടിയിരുന്നല്ലോ. ആ മാതൃകയില്‍ പിതൃഭാവത്തെ പിന്‍പറ്റി ഒന്നു പരീക്ഷിക്കുവാനൊരു ബുദ്ധി ഉദയാ സാരഥികള്‍ക്കു തോന്നി. സംഘം ചേര്‍ന്നിരുന്ന് വിഭാവനം ചെയ്ത കഥക്ക് അവരൊരു പേരിട്ടു: ‘അച്ഛന്.’ അതിനെ അവലംബമാക്കി സംഭാഷണമെഴുതുവാന് തിക്കുറിശ്ശിയെ നിയോഗിച്ചു. ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഭാഷണ രംഗത്ത് തിക്കുറിശ്ശി അതിനകം സാന്നിധ്യമറിയിച്ചിരുന്നു.
കഥയെക്കുറിച്ച് സിനിക്കിന്റെ നിരീക്ഷണം ഉദ്ധരിക്കട്ടെ:
”ഈ ചിത്രത്തിന്റെ കഥ എഴുതിയതാരെന്നറിയില്ല. എഴുതിയതാരായിരുന്നാലും ആ ദുര്‍ബ്ബല തൂലിക പ്രത്യക്ഷത്തിലേക്കു വരാതിരുന്നതു നന്നായി…”
”ചിത്രം നിഷ്പ്രഭമായതിന്റെ മുഖ്യപഴി ദുര്‍ബ്ബലവും ചപലവുമായ ചലച്ചിത്രകഥ എഴുതിക്കൂട്ടിയ തൂലികതന്നെ വഹിച്ചേ മതിയാകൂ” എന്നും സിനിക്ക് നിര്‍ദ്ദാക്ഷിണ്യം പറയുന്നു.
എന്നാല്‍ സംഭാഷണ രചയിതാവായ തിക്കുറിശ്ശിയോടു അനുകൂലമായാണ് സമീപനം.
”ഈ ചിത്രത്തിന്റെ ഗുണങ്ങളിലൊന്ന് പ്രായേണ പ്രസംഗം കുറഞ്ഞ ഇതിലെ നല്ല സംഭാഷണമാണ്. നെടുനെടുങ്കന്‍ സാഹിത്യപ്രസംഗങ്ങള്‍ കഥയുടെ ജീവന് നശിപ്പിക്കുമെന്ന ബോധോദയമുണ്ടായി കരുതലോടെ എഴുതിയൊപ്പിച്ച ഇതിലെ സംഭാഷണം പലയിടങ്ങളിലും ഗുണപുഷ്ക്കിലമാണ്… ഒന്നു രണ്ടിടത്ത് എന്നിട്ടും പഴയമട്ടില്‍ ചെറിയ പ്രസംഗശകലങ്ങള്‍ തിരുകിയിട്ടുണ്ട് തിക്കുറിശ്ശി. പക്ഷെ അവ ‘അശരീരി’ മട്ടില്‍ പറയപ്പെട്ടതിനാല്‍ അത്ര മുഷിപ്പനായില്ല.”
”ഒട്ടും കെട്ടുറപ്പില്ലാത്ത ഒരു ചലച്ചിത്രകഥ സംവിധാനം ചെയ്യേണ്ടിവന്ന എം.ആര്.എസ്. മണി നിര്‍ഭാഗ്യവാനാണ്. അദ്ദേഹം പ്രഥമമായി നമ്മുടെ അനുകമ്പയാണര്‍ഹിക്കുന്നത്.” എന്നിരിക്കിലും ഈ ചിത്രത്തിന്റെ ന്യൂനതകള്‍ വര്‍ധിപ്പിക്കുന്നതില്‍ തന്റെ പങ്കു നിര്‍വ്വഹിക്കുവാന്‍ അദ്ദേഹം പലയിടങ്ങളിലും മറന്നിട്ടില്ല.”
പി. ബാലസുബ്രഹ്മണ്യമായിരുന്നു ഛായാഗ്രാഹകന്‍, ശബ്ദലേഖനം ആര്. രാജഗോപാലും. സാങ്കേതികരംഗം എഡിറ്റിംഗ് ഒഴികെ സാമാന്യം ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്നു.
പ്രേംനസീര്‍, തിക്കുറിശ്ശി, വാണക്കുറ്റി, ഗോപിനാഥ്, എസ്.ആര്. പല്ലാട്, ബിനോയ്, കുഞ്ഞുകുഞ്ഞ് ഭാഗവതര്‍, മാത്തപ്പന്, ബി.എസ്. സരോജ, ജയശ്രീ, അടൂര്‍ പങ്കജം, പങ്കജവല്ലി, മാധുരിദേവി, രമണി ഗോപാല്‍, ബേബി ഗിരിജ എന്നിവര്‍ക്കൊപ്പം കുഞ്ചാക്കോയുടെ പുത്രനായ ബോബന് കുഞ്ചാക്കോയും (ഇപ്പോഴത്തെ നായകതാരം കുഞ്ചാക്കോ ബോബന്റെ പിതാവ്) ഒരു ബാലവേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു.
ബാലതാരങ്ങളെക്കുറിച്ചുള്ള സിനിക്കിന്റെ പരാമര്‍ശം രസാവഹമാണ്:
”ബേബി ഗിരിജയും ബോബന് കുഞ്ചാക്കോയും തരക്കേടില്ല. പക്ഷെ, പല ഭാഗങ്ങളിലും ക്യാമറയെ ഉറ്റുനോക്കിപ്പോകുന്നു.”
ഈ പിഴവിനു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പക്ഷെ സംവിധായകനായ മണിയെയാണ്. ബോബന് കുഞ്ചാക്കോയെ ‘മലയാള ചലച്ചിത്രലോകത്തിലെ കൊച്ചു നവാതിഥി’ എന്ന് വാത്സല്യപൂര്‍വ്വം വിശേഷിപ്പിക്കുന്നുണ്ട് സിനിക്ക്.
ബോബന് പിന്നീട് ഉദയായുടെ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു. സാഹിത്യത്തിലും സംഗീതത്തിലും ഭേദപ്പെട്ട സര്‍ഗ്ഗശേഷി സ്വന്തമായുണ്ടായിരുന്ന ബോബന് ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതോര്‍ക്കുന്നു. കുഞ്ചാക്കോയുടെ മരണശേഷം സ്റ്റുഡിയോ സാരഥ്യം ഏറ്റെടുക്കേണ്ടിവന്ന ബോബന് ചില ചിത്രങ്ങള്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ചു. മറ്റ് സംവിധായകരെക്കൊണ്ട് സംവിധാനം ചെയ്യിച്ചും ചിത്രങ്ങളൊരുക്കി.
ബോബന്റെ പ്രിയസുഹൃത്തായിരുന്നു ഭരതന്. ഭരതന് ‘സന്ധ്യമയങ്ങും നേരം’ ഉദയായ്ക്കുവേണ്ടി ഒരുക്കുമ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ ബോബന്റെ സൗഹൃദത്തിലെ മസൃണതയും ഉദയായുടെ ആതിഥേയത്വത്തിന്റെ ഉൗഷ്മളതയും (ബോബനോടൊപ്പമോ ഒരുപിടി മുന്നിലോ ആയിരുന്നു ഇക്കാര്യത്തില്‍ മാതാവ് അന്നമ്മ കുഞ്ചാക്കോ) വേണ്ടുവോളം ഞാനാസ്വദിച്ചറിഞ്ഞിട്ടുണ്ട്. ഫാസിലും നെടുമുടി വേണുവുമടക്കം നിരവധി ചങ്ങാതിമാരുടെ ചലച്ചിത്രപ്രവേശത്തിന്റെ ആദ്യപാദങ്ങളില്‍ അവര്‍ക്ക് പ്രോത്സാഹനാവലംബവും പ്രചോദനാശ്രയവുമായിരുന്നിട്ടുണ്ട് ബോബന്. ചങ്ങാതിമാര്‍ക്ക് അദ്ദേഹം പ്രിയങ്കരനായ ബോബച്ചനായിരുന്നു.
തന്റെ യഥാര്‍ത്ഥ അഭിരുചിയും സ്റ്റുഡിയോയുടെ കെട്ടുപാടുകള്‍ ശഠിക്കുന്ന ചിത്രനിര്മ്മാണക്കൂറുകളും തമ്മില്‍ ഒത്തുപോകാത്തതിന്റെ തിക്കുമുട്ട് നന്നായനുഭവിച്ചിരുന്നു സഹൃദയനായ ബോബച്ചന്.
തിക്കുറിശ്ശി പ്രകടമായും ക്യാരക്ടര്‍ റോളുകളിലേയ്ക്ക് ചുവടുമാറുന്നത് ‘അച്ഛനി’ലൂടെയാണ്. അതിനദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തു സിനിക്ക്.
”കാമുകപദത്തില് നിന്നെല്ലാം പെന്ഷന് പറ്റി, തനിക്കു കൂടുതല്‍ യോജിക്കുന്ന അച്ഛന്റെ സ്ഥാനം കൈവരിച്ചത് ഉചിതമായിരിക്കുന്നു. അവനവന് ചെയ്യാന്‍ സാധിക്കുന്ന ഭാഗം സ്വീകരിച്ചാലതിന്റെ ഗുണം അഭിനയത്തില്‍ വേറെ കാണാം. സംശയമില്ല. അഭിനയകലയില്‍ സന്ദര്‍ഭോചിതമായ നിശ്ശബ്ദതയുടെ വില അദ്ദേഹം നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു….”
പ്രേംനസീറിന്റെ മുഖചേഷ്ഠകളില് പ്രായപക്വത തോന്നാതെ കുട്ടിത്തം ബാക്കിനില്ക്കുന്നു എന്ന ആക്ഷേപം സിനിക്കിന് ഈ ചിത്രത്തിലുമുണ്ട്. താടി വച്ചുള്ള രംഗങ്ങളില്‍ മാത്രമാണ് താടിയുടെ ആനുകൂല്യം ആശ്വാസമായി നസീറിനെ പിന്തുണയ്ക്കുന്നതത്രെ!
അച്ഛനു മകനോടു തോന്നുന്ന സ്നേഹവായ്പും മകനു തിരിച്ച് അച്ഛനോടു തോന്നുന്ന പ്രതിവായ്പുമാണ് താരതമ്യതലത്തില്‍ പ്രമേയത്തിന്റെ കാതലായി സ്വീകരിച്ചിരുന്നത്. വേണ്ടവിധം വികസിപ്പിച്ചെടുത്താല്‍ ആസ്വാദ്യകരമായി ഒരുപാടു മുഹൂര്‍ത്തങ്ങള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്തുവാനാകുമായിരുന്ന ഒരു പരിവൃത്തം. പക്ഷെ പതിവു വാര്‍പ്പുകളെ ഇടചേര്ക്കുവാനുള്ള വെമ്പലില്‍ ആ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ ചിത്രം പരാജയമായി. മകന് അച്ഛന്റെ സ്നേഹത്തിന്റെ വിലയറിയുന്നത് താനും ഊഴമെത്തി ഒരച്ഛനായി മാറി തന്റെ മകന് തന്നോടെടുക്കുന്ന സമീപനവുമായി അനുപാതപ്പെടുത്തുമ്പോഴാണ്. ഈ പ്രകൃതിസത്യത്തെയാണ് ചിത്രം പറയാന്‍ ശ്രമിച്ചത്. പറഞ്ഞു തികച്ചപ്പോള്‍ അതിനുവേണ്ട പ്രാമുഖ്യം കലര്‍പ്പുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടു. ചന്ദ്രന്റെയും അവന്റെ അച്ഛന്റെയും പാത്രസൃഷ്ടി തന്നെ പാളി. ആദ്യന്തം ദുര്ബ്ബലചിത്തനായി അച്ഛന്. മകനാകട്ടെ ദുര്വൃത്തനല്ലതാനും. ഇവിടെത്തന്നെ ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഭൂമികയില്ലാതാകുന്നു. സംഘര്‍ഷം അസന്നിഹിതമാകുമ്പോള്‍ നാടകീയത ദുര്‍ബ്ബലമാകുന്നു. ഈ ബലഹീനതയുടെ മേല്‍ പ്രേക്ഷകപ്രീതിയ്ക്കു വേണ്ടതെന്ന് തന്കര്ത്താക്കള് വിധിയ്ക്കുന്ന തരംതാണ നര്‍മ്മവും മറ്റു കലര്‍പ്പുകളും കൊണ്ട് ചൊരിയുമ്പോഴോ… ശേഷം ചിന്ത്യം!
പതിനാറു പാട്ടുകളുണ്ടായിരുന്നു ‘അച്ഛനി’ല്‍. അഭയദേവിന്റേതായിരുന്നു ഗാനങ്ങള്‍. ഗാനങ്ങളെക്കുറിച്ച് സിനിക്ക് നടത്തിയ പരാമര്‍ശത്തില്‍ നിന്നും ഒരു വരി മാത്രം ഉദ്ധരിക്കുന്നു…
”ചലച്ചിത്രഗാനങ്ങള്‍ക്കും ചില അര്‍ത്ഥമൊക്കെ ആവാമെന്ന് ഗാനരചയിതാക്കള്‍ കരുതിത്തുടങ്ങുന്നത് നമുക്കൊരനുഗ്രഹംതന്നെയാണ്…”
പി.എസ്. ദിവാകറിന്റേതായിരുന്നു സംഗീതം. ചില ഗാനങ്ങള്‍ ഭേദപ്പെട്ടുനിന്നു. തിരുവനന്തപുരം വി. ലക്ഷ്മി പാടിയ ”അമ്പിളിയമ്മാവാ….”, രേവമ്മ പാടിയ ”തെളിയൂ നീ പൊന്‍വിളക്കേ…..” എന്നീ ഗാനങ്ങള്‍ പ്രത്യേകിച്ചും. പി. ലീലയും കോഴിക്കോട് അബ്ദുള്‍ ഖാദറുമായിരുന്നു മറ്റ് ഗായകര്‍ എന്നാണ് ചിത്രഗാനസ്മരണികയില്‍. ചേലങ്ങാട്ട് പക്ഷെ ഗായകനിരയില്‍ എ.എം. രാജ, ജിക്കി, സത്യം എന്നിവരെക്കൂടി ചേര്‍ത്തുകാണുന്നു. 1953 ല്‍ ഇറങ്ങിയ ‘ലോകനീതി’യില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ”കണ്ണാ നീയുറങ്ങ്…” എന്നാരംഭിക്കുന്ന ഗാനമാണ് മലയാളത്തില്‍ എ.എം. രാജ ആദ്യം പാടിയതെന്നാണു ദേവരാജന്‍ മാസ്റ്റര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനകരമോ, ആഹ്ളാദകരമോ ആയ ഒരോര്‍മ്മയാകുന്നില്ല ഈ ഉദയാ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: