എഴുത്തിലെ ആന്തരിക ശോഭയുടെ പരാഗമാണ് പ്രൊഫ.എം.കെ.സാനുവിനെ വ്യത്യസ്തനാക്കുന്നത്. മാതൃഭൂമി സാഹിത്യ പുരസ്ക്കാരം എം.കെ.സാനുവിനു ലഭിക്കുമ്പോള്‍ ഈ മനന പ്രകാശം കൂടുതല്‍ മിഴിവുറ്റതായിത്തീരുന്നു. സാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയുടെപേരിലാണ് പുരസ്ക്കാരം.
നിരൂപകനും ജീവചരിത്രകാരനും പ്രഭാഷകനും സാമൂഹ്യ ചിന്തകനും പ്രഗത്ഭ അധ്യാപകനും എന്നിങ്ങനെയുള്ള ഔന്നത്യത്തിനുടമയായ അദ്ദേഹം ഈ 9ാംവയസിലും ചെറുപ്പത്തിന്റെ ഓജസുള്ള എഴുത്തുനിറവിലാണ്. നിരൂപണത്തില്‍ സ്വന്തം വഴി വെട്ടിത്തുറന്നും ജീവചരിത്ര രചനയില്‍ കേവലം പ്രമാണ രേഖകള്ക്കപ്പുറത്തേക്കു കടന്നും ഒരു ഉള്ളൊച്ചയുടെ മുഴക്കം കേള്‍പ്പിക്കാനാണ് സാനു എന്നും ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ മികച്ച അടയാളങ്ങളാണ് ചങ്ങമ്പുഴയെക്കുറിച്ചും നാരായണ ഗുരുവിനെക്കുറിച്ചും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ രചനകളും അവയിലെ കണ്ടെത്തലുകളും.ഒരിക്കലും പ്രായമാകാത്ത സാനുവിന്റെ ധിഷണയുടെ വെളിച്ചമാണ് ചങ്ങമ്പുഴ-നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന കൃതി. നാരായണ ഗുരു സ്വാമി,മൃത്യുഞ്ജയം കാവ്യജീവിതം,രാജവീഥി,കാറ്റുംവെളിച്ചവും,സഹോദരന് അയ്യപ്പന് തുടങ്ങിയ കൃതികളിലും എം.കെ.സാനുവിലെ മാറ്റചിന്തകളുള്ള എഴുത്തുകാരനെ കാണാം.
ഒരുവിഷയത്തിന്റെ നാനാവിധത്തിലുള്ള സാധ്യതകളെ ആരാഞ്ഞുകൊണ്ടുള്ള പര്യാലോചനകള്‍ സാനുവിന്റെ അന്വേഷണത്തിന്റെ ഭാഗമാണ്.എഴുത്തില്‍ മാത്രമല്ല,അധ്യാപക വൃത്തിയിലും പ്രഭാഷണത്തിലുംകൂടി ഇതുണ്ട്. അനര്‍ഗളമായി ഭാഷയുടെ നൈതിക ഭാവം ചോരാതെ അദ്ദേഹത്തിന് ഏതു വിഷയവും സംസാരിക്കാനാവും. പാഠപുസ്തകങ്ങളുടെ പരിധിവിട്ട് ആശയലോകത്തു വിഹരിക്കുന്ന അധ്യാപകനായും വിഷയ ഗൗരവം ചോര്‍ന്നുപോകാതെ നിശിത നിരീക്ഷണങ്ങളുടെ ആകാശത്തെ പുല്കുന്ന പ്രഭാഷകനായും മലയാളം സാനുവിനെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
നാടകവിഷയങ്ങളെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചയും രാഷ്ട്രീയവിഷയങ്ങളിലെ തനതു കാഴ്ചപ്പാടുകളും സാനുവിനെ കൂടുതല്‍ ആധുനികനാക്കുന്നുണ്ട്. ശ്ലഥമായ ജീവിത സാഹചര്യങ്ങളെക്കുറിക്കുന്ന അബ്സേര്‍ഡ് നാടകങ്ങളെക്കുറിച്ചും അതിനേയും പിന്നിട്ടുകൊണ്ടിക്കുന്ന മറ്റ് ആധുനിക നാടകങ്ങളെപ്പറ്റിയും ഷേക്സ്പിയറിനേയും കാളിദാസനേയും അറിയുംപോലെതന്നെ എഴുതാനും പറയാനും സാനുവിനാകും. ആല്‍ബേര്‍ കാമുവിന്റെ രാഷ്ട്രീയ വീക്ഷണങ്ങളെ മുന്‍നിര്‍ത്തി സമരത്തേയും വിപ്ളവത്തേയും അദ്ദേഹം വ്യാഖ്യാനിച്ചെടുക്കുന്നതിലെ നിശിത ബുദ്ധി ഗൗരവമുള്ളതാണ്.
കാമുവിന്റെ ദ റബലിനെ ആസ്പദമാക്കിയാണ് ഇത്തരം രാഷ്ട്രീയ ചിന്തകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. കണ്ണാടിയിലെ പ്രതിബിംബംപോലെ തെളിമയുള്ളതാണ് സാനുവിന്റെ ഭാഷ.വായിച്ച് അലങ്കോലപ്പെടാതെ സാധാരണക്കാരനുപോലും മനസിലാകുന്ന തരത്തില്‍ എഴുതുമ്പോള്പോലും വാക്കുകളുടെ വാസനാബലത്തിന് അയവൊന്നും സംഭവിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: