ന്യൂയോർക്ക്: ഹോളിവുഡ് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച നടിയായിരുന്നു ആഞ്ചലീന ജൂലി. ലാറ ക്രോഫ്റ്റ് ടോം റൈഡർ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സിനിമാ ലോകത്തിൽ തന്റെതായ ചിരപ്രതിഷ്ഠ നേടിയ നടി. സൗന്ദര്യം മാത്രമല്ല, അഭിനയത്തിലെ വ്യത്യസ്തകൊണ്ട് അവർ നേടിയെടുത്തത് നിസാരമായ പ്രശ്സ്തിയല്ല മറിച്ച് അവാർഡുകളുടെ നീണ്ട പരമ്പര തന്നെയായിരുന്നു.
അക്കാഡമി അവാർഡ്, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്ടർ ഗിൽഡ് അവാർഡ് എന്നിങ്ങനെ നീണ്ടു പോകുന്നു അവരുടെ പ്രശസ്തിക്ക് കിട്ടിയ അംഗീകാരങ്ങൾ. അഭിനയം മാത്രമല്ല സംഭവ ബഹുലമായ അവരുടെ ജീവിതം തന്നെ സിനിമാ-പ്രേക്ഷക ലോകം ഏറെ കൗതുകത്തോടെയും വേദനയോടെയുമാണ് നോക്കി കണ്ടത്. ഹോളിവുഡിലെ സൂപ്പർ സ്റ്റാർ ബ്രാഡ് പിറ്റായുള്ള വിവാഹം, വിവാഹ മോചനം പിന്നെ ക്യാൻസറിന്റെ പിടിയിലകപ്പെട്ടതെല്ലാം ഇപ്പോഴും പ്രേക്ഷക ഹൃദയങ്ങളെ ഏറെ അവരിലേക്ക് അടുപ്പിച്ചിരുന്നു.
എന്നാൽ അവരുടെ സ്വതസിദ്ധമായ ശൈലിയെ കുറ്റാന്വേഷണ രംഗത്ത് ഉപയോഗപ്പെടുത്താനും അന്താരാഷ്ട്ര ക്രിമിനൽ കോടതിയും ശ്രമിച്ചിരുന്നു. അന്താരഷ്ട്ര ക്രിമിനൽ കോടതിയുടെ മുൻ ചീഫ് പ്രോസിക്യൂട്ടർ ലൂയിസ് മൊരാനോ ഒക്കാമ്പോയാണ് ഇക്കാര്യം സൺഡേ ടൈംസ് ഓഫ് ലണ്ടനിലൂടെ പുറത്തറിയിച്ചത്. ഉഗാണ്ടയിലെ കൊടും ക്രിമിനലും ഗറില്ലാ നേതാവുമായിരുന്ന ജോസഫ് കോണിയെ അറസ്റ്റ് ചെയ്യാൻ ആഞ്ചലീന ജൂലിയുടെ സഹായം കോടതി തേടിയെന്നാണ് അദ്ദേഹം അറിയിച്ചത്. തികച്ചും ഹണിട്രാപ്പ് രീതിയിൽ ജോസഫ് കോണിയെ പിടികൂടുക എന്ന ദൗത്യത്തിന് ആഞ്ചലീനക്കൊപ്പം ഭർത്താവ് ബ്രാഡ് പിറ്റിനേയും പദ്ധതിയിൽ കോടതി ഉൾപ്പെടുത്തിയിരുന്നു.
2012ൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കലിൽ തമ്പടിച്ചിരുന്ന ജോസഫിനെ അതിഥി സത്കാരം മുഖേന അമേരിക്കൻ പോലീസിന്റെ മുന്നിൽ എത്തിക്കുക എന്ന ആശയമാണ് ആഞ്ചലീനക്ക് കോടതി നൽകിയത്. രണ്ടു പേരും ഇതിന് തയ്യാറായിരുന്നതായും മൊരാനോ പറയുന്നുണ്ട്. ജോസഫിന്റെ കൊടും ക്രൂരതകളെ ഏറെ വിമർശിച്ചിരുന്ന ആഞ്ചലീന അയാളെ അറസ്റ്റ് ചെയ്യപ്പെടണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും മൊരാനോ പറയുന്നു.
ആഞ്ചലീനയുടെ യഥാർത്ഥ ജീവിതത്തിലെ ആക്ഷൻ പരിവേഷം തന്നെയായിരിക്കും ഒരുപക്ഷേ അവരെ സിനിമകളിലെ അമാനുഷിക വേഷങ്ങളിൽ തിളങ്ങാൻ കാരണമായതെന്നാണ് സിനിമാ ലോകം ഇപ്പോൾ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: