കാസ്സിനിയുടെ രഹസ്യം തേടി ആകാശത്തിന്റെ അനന്തതകളിലേക്ക് പുറപ്പെട്ട കാസിനിക്ക് ശനിയുടെ വലയങ്ങളില്‍ അന്ത്യനിദ്ര. രണ്ട് പതിറ്റാണ്ട് ശനിയുടെ ഭ്രമണപഥത്തില്‍ പ്രദക്ഷിണം നടത്തിയ കാസിനിക്ക് സൃഷ്ടാക്കള്‍ വിധിച്ചത് ദയാവധം. പ്രദക്ഷിണവഴിയില്‍ നിന്ന് വഴുതി ശനിയുടെ ആകര്ഷണവഴിയിലേക്ക് മുതലക്കൂപ്പു കുത്തിയ കാസിനി ഉപഗ്രഹം പൊടിഞ്ഞ് കത്തിയമര്‍ന്നത് ശനിയുടെ വലയങ്ങളുടെ ഏതോ അദൃശ്യമേഖലയില്‍.
എങ്കിലും കത്തിയമര്‍ന്ന് ചാമ്പലാവുന്ന നിമിഷം വരെ കാസിനി ഭൂമിയെ മറന്നില്ല. അവസാന നിമിഷത്തിലും തന്റെ ആന്റിനയില്‍ നിന്ന് ഭൂമിയിലേക്ക് ചിത്രങ്ങളയക്കുന്ന തിരക്കിലായിരുന്നു ആ ഉപഗ്രഹം. രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ ശനിയാത്രയില് കാസിനി നമുക്ക് തന്നത് നാലരലക്ഷം ചിത്രങ്ങള്‍.
ചരിത്രത്തിലെ ആരും കയ്യടക്കാത്ത ഒരു റിക്കാര്‍ഡ് തേടിയാണ് 19 വര്‍ഷം മുന്‍പ് കേപ്പ് കനാവറിലെ എയര്‍േഫാഴ്സ് സ്റ്റേഷന്റെ വിക്ഷേപണത്തറയില്‍നിന്ന് ഉപഗ്രഹം കുതിച്ചുയര്‍ന്നത്. ശനി ഗ്രഹത്തെ പ്രദക്ഷിണം ചെയ്യുന്ന ആദ്യ മനുഷ്യനിര്‍മ്മിത ഉപഗ്രഹമെന്ന റിക്കാര്‍ഡ്. റോക്കറ്റില്‍ രണ്ട് ഉപഗ്രഹങ്ങളായിരുന്നു.
കാസിനിയും ഹ്യൂജിന്സും. ശനിയുടെ വലയങ്ങളുടെ ഘടനയും ഉപഗ്രഹങ്ങളും കണ്ടെത്തിയ ശാസ്ത്രജ്ഞന് ജിയോവനി കാസിനിയുടെ ഓര്‍മയ്ക്ക് ആദ്യത്തേത്. ഡച്ച് ജ്യോതിശാസ്ത്രജ്ഞന്‍ ക്രിസ്ത്യന്‍സ് യൂജിന്സിന്റെ ഓര്‍മ്മയ്ക്ക് രണ്ടാമത്തേത്. ആദ്യത്തേതിന്റെ ലക്ഷ്യം ശനിഗ്രഹ പര്യവേഷണമെങ്കില്‍ രണ്ടാമത്തേതിന്റെ ലക്ഷ്യം ശനിയുടെ ഉപഗ്രഹമായ ടൈറ്റന്. അവടെ ജീവന്റെ സാന്നിധ്യം തിരയുക.
1997 ഒക്ടോബര്‍ 15നാണ് ഉപഗ്രഹദ്വയങ്ങള് യാത്രയാരംഭിച്ചത്. അതിശക്തമായ സെന്റോര്‍ ബൂസ്റ്ററുകള്‍ ഘടിപ്പിച്ച ടൈറ്റാന്‍ എന്ന റോക്കറ്റിലേറി ഭൂമി, വ്യാഴം, ശുക്രന് തുടങ്ങിയ ഗ്രഹങ്ങള്‍ക്ക് സമീപം ഏറെനാള്‍ കറങ്ങി വേഗത വര്‍ധിപ്പിച്ച ശേഷമാണ് ശനിയുടെ ഭ്രമണപഥത്തെ സമീപിക്കാന്‍ അവയ്ക്ക് കഴിഞ്ഞത്. 2004 ഡിസംബര്‍ 25 നാണ് യൂജിന്‍സ് ഉപഗ്രഹത്തെ വേര്‍പെടുത്തി ടൈറ്റാനിലേക്കയച്ചത്. പിന്നെയൊരു 13 വര്‍ഷക്കാലം ശനിയുടെ ഓരോ നിശ്വാസങ്ങളും കാസിനി വിടാതെ പിന്തുടര്ന്നു.
സാറ്റേണ്‍ ഓര്‍ബിറ്റര്‍ ടൈറ്റാന്‍ പ്രോബ് (എസ്ഒറ്റിപി) എന്ന പൊതുനാമത്തില്‍ ആരംഭിച്ച ഈ ദൗത്യത്തിന്റെ അന്ത്യത്തിനും പുതിയൊരു പേരു നല്കാന് ‘നാസ’ മറന്നില്ല- ഗ്രാന്‍ഡ് ഫിനാലെ. കൃത്യമായി പറഞ്ഞാല്‍ ‘കാസിനി-ഗ്രാന്‍ഡ് ഫിനാലെ’. അമേരിക്കയിലെ നാസയും യൂറോപ്യന്‍ യൂണിയന്റെയും ഇറ്റലിയുടെയും സ്പേസ് ഏജന്‍സികളും ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചതെങ്കിലും കാസിനിയുടെ നിയന്ത്രണം ‘നാസ’യുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിക്കായിരുന്നു.
അത്യാധുനിക റഡാറുകളും റേഡിയോ ആന്‍ഡ് പ്ലാസ്മാ വേവ് സര്‍വ്വീസും, കോസ്മിക് ഡസ്റ്റ് അനലൈസറും അള്‍ട്രാ വയലറ്റ് ഇമേജിന്റെ സ്പെക്ട്രോമീറ്ററുമൊക്കെ അടങ്ങിയ ഈ ഉപഗ്രഹം ശനിയെക്കുറിച്ചും ഉപഗ്രഹങ്ങളെക്കുറിച്ചുമുള്ള നമ്മുടെ അറിവില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. സൗരയൂഥത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ജീവന്റെ തുടിപ്പുകള്‍ ശേഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിനുത്തരവും കൂടിയാണ് കാസിനി നമുക്ക് നല്‍കിയത്.
അതുകൊണ്ടാണ് ‘നാസ’യിലെ പ്ലാനറ്ററി സയന്‍സ് ഡിവിഷന് മേധാവി ‘കാസിനി പദ്ധതിയെ’ ഇങ്ങനെ വിശേഷിപ്പിച്ചത്- ഒന്നാംസ്ഥാനങ്ങളുടെ മാത്രമായ ഒരു ബഹിരാകാശ ദൗത്യം!
ശനിയുടെ ചന്ദ്രനാ (ഉപഗ്രഹം)യ എന്സിലിഡസില് ജീവനെ പോറ്റി വളര്‍ത്താന്‍ പര്യാപ്തമായ സ്പന്ദനം കണ്ടെത്തിയതാണ് ‘കാസിനി’യുടെ മറ്റൊരു നേട്ടം. അവിടെ ധാരാളം ഹൈഡ്രജനുമുണ്ടത്രെ.
സമുദ്രജലത്തില്‍ ലയിച്ച കാര്‍ബണ്‍ ഡൈ ഓക്സൈഡും ഹൈ്രഡജനും തമ്മില്‍ ചേരുമ്പോള്‍ ജീവോത്പത്തിക്ക് അനുഗുണമായ അന്തരീക്ഷം ഉണ്ടാവുമെന്ന കാര്യം ഉറപ്പ്. അതിവിദൂരതയില് ‘ഒഴുകുന്ന ജല’ത്തിന്റെ സാന്നിധ്യവും കാസിനി നമുക്ക് കാണിച്ചുതന്നു. ഭൂമിയുടേതിന് തുല്യമായ അന്തരീക്ഷമുള്ള ടൈറ്റനില്‍ മീഥേനും ഈഥേനും നിറഞ്ഞ സമുദ്രങ്ങളുണ്ടെന്നത് മറ്റൊരു കണ്ടെത്തല്‍.
സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ശനിഗ്രഹത്തെ ചുറ്റിവളഞ്ഞു കിടക്കുന്ന ‘പ്രഭാപൂര്‍ണ’മായ വലയങ്ങളെക്കുറിച്ചും ആവേശകരമായ വിവരങ്ങള്‍കൂടി നല്‍കിയാണ് കാസിനി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ശനിയെ പ്രദക്ഷിണം ചെയ്ത ആദ്യ മനുഷനിര്‍മ്മിത വസ്തുവെന്ന ബഹുമതിയും 490 കോടി കിലോമീറ്റര്‍ ദൂരം യാത്രചെയ്ത കാസിനിക്കുതന്നെ.
ശനിയുടെ വലയങ്ങളുടെ ത്രിമാന ചിത്രങ്ങളും ഘടനയും അന്തരീക്ഷ പടലങ്ങളും ടൈറ്റന്റെ ഉപരിതലവുമൊക്കെ പരിശോധിച്ചറിഞ്ഞ ഈ സംരംഭത്തിന് വേണ്ടിവന്ന ചെലവ് 3.26 സഹസ്രകോടി ഡോളര്‍. പലവട്ടം ആയുസ് നീട്ടിക്കൊടുത്തു, ശാസ്ത്രജ്ഞര്‍. ഒടുവില്‍ ഇന്ധനം തരിമ്പുമില്ലെന്നു വന്നതോടെയാണ് ‘നാസ’ കാസിനിക്ക് ദയാവധം വിധിച്ചത്.
‘ജീവന് നിലനില്ക്കുന്നു’ എന്ന് കരുതപ്പെടുന്ന ശനിയുടെ ഉപഗ്രഹങ്ങളില്‍ പതിച്ച് അവിടം കളങ്കിതമാവരുതെന്ന നിര്‍ബന്ധം മൂലമാണ് ശനിയുടെ വലയങ്ങളില്ത്തന്നെ കാസിനിക്ക് അന്ത്യവിശ്രമം കുറിച്ചത്. 2017 സപ്തംബര്‍ 11നാണ് കാസിനി തന്റെ അവസാനത്തെ ശനി പ്രദക്ഷിണം പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് തന്റെ അത്യാധുനിക കമ്പ്യൂട്ടറുകളില്‍ ശേഖരിച്ച അത്യപൂര്‍വ വിജ്ഞാനശേഖരമപ്പാടെ ഭൂമിയിലേക്ക് കൈമാറി. ഒടുവില്‍ സപ്തംബര്‍ 15 അര്‍ധരാത്രിയില്‍ അവസാനയാത്ര. അപ്പോഴും ഭൂമിയുടെ നേര്‍ക്കു തിരിച്ചുവച്ച ആന്റിനയിലൂടെ വിവരങ്ങളും ചിത്രങ്ങളും കൈമാറുകയായിരുന്നു ‘കാസിനി.’ കത്തിയമരുംവരെ കാസിനി കൈമാറിയ ആ വിവരങ്ങള്‍ ശാസ്ത്രലോകത്ത് ഇനിയും ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: