അഗളി:ആദിവാസികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു മാത്രമേ അട്ടപ്പാടിയില്‍ കാര്‍ഷിക വികസന പദ്ധതികള്‍ ആവിഷ്കരിക്കൂവെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി കര്‍ഷകരുടെ ഉന്നമനത്തിനായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രത്യേക കാര്‍ഷിക മേഖലാ പദ്ധതിയായ ‘മില്ലറ്റ് വില്ലേജ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശിശുമരണം ഉള്‍പ്പെടെയുള്ള അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം പോഷകാഹാര കുറവാണ്. അട്ടപ്പാടിയിലെ പരമ്പരാഗത ചെറുധാന്യ കൃഷിയിലുണ്ടായ തകര്‍ച്ചയാണ് പോഷകാഹാര കുറവിന് കാരണമായത്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ചെറുധാന്യ കൃഷിക്ക് പ്രാധാന്യം നല്കി സംസ്ഥാനത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണ് മില്ലറ്റ് വില്ലേജ്. സുതാര്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആദിവാസികള്‍ തന്നെയാണെന്ന് ഉറപ്പാക്കും.
ജില്ലാ കലക്റ്റര്‍ പദ്ധതി പുരോഗതി നേരിട്ട് വിലയിരുത്തും. ആദിവാസി ഊരുകളില്‍ കൃഷി ചെയ്യുന്ന ധാന്യങ്ങള്‍ സംഭരിച്ച് സംസ്കരണം നടത്തി മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി വിപണി കണ്ടെത്തും. മിച്ചം വരുന്നവ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് വിപണനം ചെയ്യും. കര്ഷകന് ന്യായവില ഉറപ്പാക്കും. ധാന്യങ്ങള്‍ സംഭരിക്കുന്നതിനായി സംഭരണ മില്ല് ഉടന്‍ നിര്‍മിക്കും. ഇതിനായി കോട്ടത്തറ ആട് വളര്‍ത്തല്‍ ഫാമിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഉത്പ്പന്നങ്ങളെന്ന പേരിലാകും വിപണി കണ്ടെത്തുക.
ഇതിനായി ആദിവാസി കര്‍ഷകരെ ഉള്‍പ്പെടുത്തി ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി തുടങ്ങും. മില്ലറ്റ് വില്ലേജ് പദ്ധതി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ മാതൃകാ പദ്ധതിയാക്കി മാറ്റാന്‍ എല്ലാവരുടേയും സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. അഗളി ഗ്രാമപഞ്ചായത്തിലെ കുന്നന്‍ചാള ഊരിലെ കൃഷിഭൂമി ഉഴുത് വിത്ത് വിതച്ചാണ് മന്ത്രി പദ്ധതിക്ക് തുടക്കമിട്ടത്. മൂന്ന് വര്‍ഷം കൊണ്ട് 6.52 കോടി ചെലവിട്ടാണ് 34 ആദിവാസി ഊരുകളില്‍ പദ്ധതി നടപ്പിലാക്കുക. റാഗി, ചോളം, ചാമ, എളള്, പഴംപച്ചക്കറി, കിഴങ്ങു വര്‍ഗങ്ങള്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ പരമ്പരാഗത കൃഷികള്‍ക്ക് സഹായം നല്കി മേഖലയെ ചെറുധാന്യ ഗ്രാമ കേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തില്‍ 2.40 കോടി ചെലവില്‍ 1250 ഏക്കറില്‍ കൃഷിചെയ്യും. വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, സിവില്‍ സപ്ലൈസ് തുടങ്ങിയ സംഭരണ വില്പന കേന്ദ്രങ്ങള്‍ വഴി വിളകള്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി വിറ്റഴിക്കും. വന്യമൃഗ ആക്രമണത്തില്‍ നിന്നും കൃഷിഭൂമി സംരക്ഷിക്കാനുള്ള പദ്ധതികളും മില്ലറ്റ് വില്ലേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഗളി കില പരിശീലന ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍. ഷംസുദീന്‍ എംഎല്. അധ്യക്ഷനായി. ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാര്‍, രത്തിനരാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണന്, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അഡീഷനല്‍ ഡയറക്റ്റര്‍ എസ്. ജനാര്ദനന്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഊര് മൂപ്പന്മാര്, ആദിവാസി കര്‍ഷകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: