വേദനയും വെറുപ്പും ശത്രുതയും ഉണ്ടാക്കുന്ന വാര്‍ത്തകളാണ് നിത്യവും കാണുന്നത്. അക്രമവും കൊലപാതകവും പീഡനവും മോഷണവും ചതിയും അഴിമതിയുമായി മനുഷ്യേതരമായ , സ്നേഹവും കാരുണ്യവും വറ്റിയ ലോകത്തിന്റെ തുറന്നിടലാണ് കാണേണ്ടിവരുന്നത്. മനുഷ്യാന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കും വിധം നന്മകളുടെ വിശേഷങ്ങള്‍ അപൂര്‍വമായിമാത്രം ഉണ്ടാകുന്ന അലങ്കാരങ്ങളായി മാത്രം മാറുകയാണോ.
എങ്ങനേയും നേട്ടങ്ങളും സുഖസൗകര്യങ്ങളുംമാത്രം ഉണ്ടാക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ സംഭവിക്കുന്ന ഗുരുതരമായ മനുഷ്യവിരോധത്തിന്റെ കഥകള്‍മാത്രം സംഭവിക്കുന്നത് ഭാവികാലത്തിനു ഭൂഷണമല്ല.
സുഹൃത്തിനെ തട്ടിയെടുത്ത് 50 ലക്ഷം വിലപേശി , കുടുംബം പോലീസിനെ അറിയിച്ചപ്പോള്‍ കൊന്നു തടാകത്തില്‍ തള്ളിയ ക്രൂരവിനോദം ഉണ്ടായതു കഴിഞ്ഞ ദിവസമാണ്. രക്ത ബന്ധത്തെക്കാള്‍ സുഹൃത് ബന്ധത്തിനു കട്ടികൂടുമെന്നു നമ്മള് ചിലപ്പോള്‍ പറയുന്നത് കേവലം അധികപ്പറ്റാണെന്നു കാട്ടുകയാണ് ഇത്തരം സംഭവങ്ങള്‍. കാലം പുരോഗതിക്കുകയും വികസനം മാനംമുട്ടുകയാണെന്നും ഉദ്ഘോഷിക്കുമ്പോള്‍ തന്നെ ജീര്ണ്ണസംസ്ക്കാരത്തിന്റെ നാഴികക്കല്ലുകള്‍ നമ്മള് കുഴിച്ചിടുകയാണോ. ബന്ധങ്ങളും സൗഹൃദങ്ങളും പരിചയങ്ങളുമൊക്കെ അവസരത്തിനുള്ള ഏണികള്‍ മാത്രമാക്കുകയും അതാവാതെ വരുമ്പോള്‍ ശത്രുക്കളാക്കുകയും ചെയ്യുന്ന വിരോധാഭാസം. മനുഷ്യനെ ചതിക്കാനുള്ള സാഹസികതയും വാസനാബലവുമൊക്കെയാണോ ആധുനിക മനുഷ്യന്റെ മിടുക്കെന്നു തോന്നിപ്പോകുന്നു.
പ്രായമായവര്‍ തങ്ങളുടെ സ്നേഹത്തിന്റെയും നന്മയുടേയും ഭൂതകാലത്തെക്കുറിച്ചു പറയുമ്പോള്‍ വൃദ്ധമാനസങ്ങളുടെ പേപറച്ചിലായി പുതുതലമുറ ചിരിക്കുന്നുണ്ട്. അവര്‍ക്ക് സ്നേഹവും നന്മയുമൊക്കെ അവസരം മുതലാക്കുന്ന ഏര്‍പ്പാടുകള്‍ മാത്രമായി തോന്നുന്നതുകൊണ്ടാണ് ഇത്തരം ചിരികള്‍ തുറന്നു വരുന്നത്.
ദുരിതവും കഷ്ടപ്പാടും വേദനയും മറ്റുള്ളവരുടേതുമാത്രമാണെന്നു കരുതുന്ന ദുഷ്ടലാക്കിന്റെ ഇടപാടുകാരും പുതുതലമുറയില്‍ കുറവല്ല. അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിലേക്കു മകളെ കെട്ടിച്ചയക്കാന്‍ വെമ്പല്‍കൊള്ളുന്ന പ്രാക്റ്റിക്കലായ മാതാപിതാക്കളും ഇന്നു കൂടുതലാണ്!അത്തരം ശല്യങ്ങളെ മകള്‍ സഹിക്കേണ്ടല്ലോയെന്നു ആശ്വസിക്കുന്നവരാണ് ഈ പുത്തന്‍ മാതാപിതാക്കള്‍. അത്തരക്കാരായ മാതാപിതാക്കളും കൂടിയാണ് ചിലപ്പോള്‍ വൃദ്ധ സദനങ്ങളിലേക്കു ആട്ടിപ്പായിക്കപ്പെടുന്നത്.
മനുഷ്യനന്മയുടെ കാവല്നക്ഷത്രങ്ങളായിരുന്ന മഹാന്മാരോട് അനുസരണക്കേടു കാണിക്കുകയും ഹിറ്റ്ലറെപ്പോലുള്ള പൈശാചികതയുടെ അപ്പോസ്തലന്മാരെ പൂവിട്ടു പൂജിക്കുകയുമാണോ പുതിയമനുഷ്യനെന്നു തോന്നിപ്പോകുന്നില്ലേ. കുറച്ചുകാലം മാത്രം ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് മറ്റുള്ളവരെ ഉപദ്രവിച്ചു സുഖിച്ച് ഒടുക്കം അശാന്തിയുടേയും സമാധാനക്കേടിന്റെയും ദല്ലാളായി തീര്‍ന്നുപോകുന്നു. എന്തുകൊണ്ട് സ്വര്‍ഗവും നരകവും അവനവന്റെ കൈയ്യിലാണെന്ന് മനുഷ്യന് ഓര്‍ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: