കാക്കനാട്: പ്രധാന റോഡുകളിലെ വലിയ കുഴികള്‍ അടയ്ക്കാന്‍ ഉടന്‍ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കാക്കനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. മഴ മൂലം റോഡ് പണി നടത്താന്‍ കഴിയുന്നില്ലെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പതിവ് മറുപടി വിമര്‍ശനത്തിനിടയാക്കി.
മഴമൂലം പണി നടത്താന്‍ പറ്റിയില്ലെന്ന് പറയേണ്ടെന്നും താത്കാലികമായി കുഴികളടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വാട്ടര്‍ അതോറിറ്റി പൈപ്പിടുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുകയും പിന്നീട് റോഡ് നന്നാക്കാതിരിക്കുന്നതും തുടരുകയാണ്. പുതിയ ടെന്‍ഡറുകള്‍ വിളിച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിന് സമയമെടുക്കും. അതുവരെ പൊതുജനങ്ങള്‍ക്ക് ദുരിത യാത്ര തുടരാനാകില്ലെന്നും റോഡിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഫോര്‍ട്ട്കൊച്ചി മേഖലയിലെ റോഡുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. റിലയന്‍സിന്റെ കേബിളുകളിടാന്‍ വേണ്ടി പൊളിച്ച റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്. റിലയന്‍സിനെതിരേ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. എംഎല്‍എമാരായ പി.ടി. തോമസ്, കെ.ജെ. മാക്സി, ഹൈബി ഈഡന്, റോജി ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: