റബ്ബറിന്റെ വിലയിടിവ് ചെറുകിട റബ്ബര്‍ കൃഷിക്കാര്‍, തോട്ടം തൊഴിലാളികള്‍ കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതനിലവാരത്തെ വളരെയധികം ബാധിച്ചിരിക്കുകയാണ്. ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യാന്‍ കൃഷിക്കാര്‍ക്ക് ചെയ്യാവുന്ന പല കര്‍മ്മപരിപാടികളില്‍ ഒന്നാണ് ചെറുകിട തോട്ടങ്ങളിലെ തുറന്നുവിട്ടുള്ള കോഴിവളര്‍ത്തല്‍.
മലേഷ്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം റബ്ബര്‍ തോട്ടങ്ങളിലെ കോഴിവളര്ത്തലിനെപറ്റി നടത്തിയ പഠനത്തില്‍ റബ്ബര്‍ തോട്ടങ്ങളില്‍ കോഴികളെ തുറന്നുവിട്ട് വളര്‍ത്തിയപ്പോള്‍ കോഴികാഷ്ഠം മണ്ണില്‍ കലരുന്നതിനാല്‍ മണ്ണിന്റെ ഫലപൂഷ്ടികൂടുന്നതായി കണ്ടെത്തിയിരുന്നു. കോഴിവളര്‍ത്തല്‍ കാരണം തോട്ടത്തിലെ കളകളുടെ വളര്‍ച്ച ഇല്ലാതായതും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ റബ്ബര്‍ മരങ്ങള്‍ ഏതാണ്ട് ഒന്നരവര്‍ഷം നേരത്തേ ടാപ്പുചെയ്യാന്‍ തക്ക വണ്ണമെത്തി എന്നുള്ളതാണ്. റബ്ബര്‍ തോട്ടങ്ങളുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും.
നമ്മുടെ നാട്ടില്‍ റബ്ബര്‍ തോട്ടങ്ങളില്‍ തുറന്നുവിട്ട് വളര്‍ത്താന്‍ സാധാരണ നാടന്‍ കോഴികള്‍ക്ക് പുറമെ രോഗങ്ങളെ ചെറുത്തു നില്ക്കാന് നല്ല കഴിവുള്ള കരിങ്കോഴികള്‍, വാത്തകള്‍ എന്നിവയേയും ഉപയോഗിക്കാം. തോട്ടത്തില്‍ പാമ്പുകള്‍ ഉണ്ടെങ്കില്‍ അവയെ തുരത്താനും വാത്തകള്‍ സഹായിക്കും.
കോഴിഇറച്ചിക്കും മുട്ടയ്ക്കും ഇപ്പോള്‍ കേരളത്തില്‍ നല്ല വിപണനസാധ്യത ഉള്ളതിനാല്‍ റബ്ബര്‍ ബോര്‍ഡും കേരളാസ്റ്റേറ്റ് പൗള്‍ട്രി ഡവലപ്പ്മെന്റ് കോര്‍പ്പറേഷനും റബ്ബറുല്‍പാദക സംഘങ്ങളും സഹകരിച്ച് തുറന്നു വിട്ടുള്ള കോഴിവളര്‍ത്തല്‍ പ്രചരിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതു ചെറുകിട റബ്ബര്‍ കൃഷിക്കാര്‍ക്ക് ഒരനുഗ്രഹമായിരിക്കും. കേരള ഗവണ്മെന്റിന്റെ താഴെപറയുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ വീട്ടുവളപ്പിലെ കോഴിവളര്ത്തലിനെപറ്റി പരിശീലനം നല്കി വരുന്നുണ്ട്.
തിരുവനന്തപുരം(കുടപ്പനക്കുന്ന്)- 0471-2732918
കൊല്ലം(കൊട്ടിയം)- 0474-2537300
ആലപ്പുഴ (ചെങ്ങന്നൂര്‍)- 0479-2457778
കോട്ടയം (തലയോലപ്പറമ്പ്) 04829-234323
എറണാകുളം (ആലുവ) 0484-2624441
പാലക്കാട് (മലമ്പുഴ) 0491-2815454
കണ്ണൂര്‍ (മുണ്ടയാട്) 0497-2763473
കെ.കെ. രാമചന്ദ്രന് പിള്ള
(റിട്ട റബര്‍ ബോര്‍ഡ്
ഉദ്യോഗസ്ഥന്)
ഫോണ്‍ : 8281436960.
പ്രതികരിക്കാൻ ഇവിടെ എഴുതുക: