നടന് ദിലീപിനോടുള്ള പ്രതിഷേധവും അനുകൂലഭാവവും അദ്ദേഹം നായകനായ സിനിമ രാമലീലയോടും.ഇത്തരം രാഗദ്വേഷങ്ങളുടെ വിവാദംകൊണ്ടു തന്നെ സിനിമ ഇറങ്ങും മുന്‍പേ ഹിറ്റായപോലെയാണ്.ഏതുവഴിക്കും നല്ല മാര്‍ക്കറ്റിങ് ആയിമാറുകയാണ് ഇത്തരം വിവാദവാര്‍ത്തകള്‍.അറിഞ്ഞുകൊണ്ടുള്ള ഒരുതരം പരസ്യകലയാണ് ഇതെന്നു പറയുന്നവരും കുറവല്ല.ഇങ്ങനെ വിവിധകാരണങ്ങളാല്‍ 28ന് ഇറങ്ങുന്ന രാമലീലയ്ക്ക് ആളുകള്‍ ഇരമ്പിക്കേറുമെന്നാണ് ചിലരുടെ കണക്കുകൂട്ടലുകള്‍.
എന്നാല്‍ രാമലീലയ്ക്കെതിരെ ശക്തമായ വിമര്ശനങ്ങളുമായിവന്ന ചിലര്‍ സോഷ്യല്‍ മീഡിയയിലും മറ്റും അതു പങ്കുവെക്കുന്നുണ്ട്.എഴുത്തുകാരിയായ ശാരദക്കുട്ടിയും സിനിമാ നിരൂപകനായ ജി.പി.രാമചന്ദ്രനും സിനിമയെ രാമലീലയെ ശക്തമായിത്തന്നെയാണ് വിമര്‍ശിക്കുന്നത്.ദിലീപിന്റെ ചലച്ചിത്രം പുറത്തിറങ്ങുന്ന ദിവസം മനുഷ്യത്വമുള്ളവര്‍ക്കും കലാസ്നേഹികള്‍ക്കും കരിദിനമാണെന്ന് ശാരദക്കുട്ടി.
അതുപോലെ തന്നെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും തിരക്കഥാകൃത്തും നടനുമായ മുളി ഗോപിയും രാമലീലയ്ക്കനുകൂലമായി ശക്തിയുക്തം നിലകൊള്ളുകയാണ്.താന്‍ സിനിമകാണുക തന്നെചെയ്യുമെന്ന് വിനീത് പറയുന്നു.ഇത് എന്തുവന്നാലും കാണരുത്,കാണാന്‍ ശ്രമിച്ചാല്‍ കാണിക്കില്ല എന്ന് ജി.പി.രാമചന്ദ്രന് പറഞ്ഞതിനാണ് മുരളി ഗോപിയുടെ ഇരുത്തം വന്ന വിമര്‍ശനം.അസൂയയില്‍നിന്നും ഉണ്ടായതാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇതിനിടയില്‍ രാമലീല സിനിമയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടി ആക്രമിച്ചകേസുമായി സിനിമയ്ക്കു ബന്ധമില്ലെന്നു പറഞ്ഞ് കോടതി ഹര്‍ജി തള്ളുകയായിരുന്നു.കോടതി പറഞ്ഞത് നീതിയും യുക്തിസഹവുമാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും വ്യക്തമാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് ജയിലിലാണ്.നിയമം അതിന്റെ വഴിക്കുപോകും.ദിലീപ് കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ കടുത്തശിക്ഷ തന്നെകിട്ടണം.നടി ആക്രമിക്കപ്പെട്ട കേസില്‍ കടുത്ത ധാര്മികരോഷത്തിലുള്ളവര്തന്നെയാണ് എല്ലാവരും.അതിന്റെ പേരില്‍ രാമലീല കാണണം എന്നു പറയുന്നതുപോലെ തന്നെ ക്രൂരമാണ് കാണരുതെന്നു പറയുന്നതും.
രാമലീല ദിലീപിന്റെമാത്രം ചിത്രമല്ല.ഒരു താരത്തെകൊണ്ടുമാത്രം സിനിമയാകില്ല.അനേകം നടീനടന്മാര് ഒരു സിനിമയ്ക്കുണ്ടാകും.സിനിമ പലരുടേയും ഒരു കൂട്ടായ്മയാണ്.നിര്‍മാണം,സംവിധാനം,ഛായാഗ്രഹണം,എഡിറ്റിംഗ്,സംഗീതം തുടങ്ങി നിരത്തിനോരത്തു പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍വരെ സിനിമാക്കൂട്ടായ്മയിലുള്ളവരാണ്.സിനിമയുമായി ബന്ധപ്പെട്ടും അനുബന്ധമായും ആയിരക്കണക്കിനു കുടുംബങ്ങളുണ്ട്.നടി ആക്രമിക്കപ്പെട്ട കേസുമായി ഒരുബന്ധവുമില്ലാത്ത,അതില്‍ കുറ്റാരോപിതനായ ദിലീപ് അഭിനയിക്കുന്നു എന്നതുകൊണ്ടുമാത്രം ഇത്രയും കുടുംബങ്ങളെ പട്ടിണിയാക്കണെന്നു ആഹ്വാനംചെയ്യുന്നതില് നീതിയുണ്ടോയെന്നു ചോദിക്കുന്നവരുമുണ്ട്.
അല്ലെങ്കിലും എഴുത്തുകാരുടെ രചനകള്വായിച്ചാസ്വദിക്കും എന്നതില്‍ കവിഞ്ഞ് അവരുടെ ആഹ്വാനങ്ങള്‍ ചെവിക്കൊണ്ടതായൊരു ചരിത്രം ഇവിടെയില്ല.ഉയര്‍ന്ന ധാര്‍മികരോഷം തങ്ങള്‍ക്കുമാത്രമേ ഉള്ളുവെന്നു സ്വയം തീരുമാനിച്ച് നടി ആക്രമിക്കപ്പെട്ട വിവാദങ്ങളുടെ ചെലവില്‍ ആളാകുന്ന ചില എഴുത്തുകാരുടെ അല്‍പ്പത്തവും ഇതിനിടയില്‍ നടക്കുന്നുണ്ടെന്നു വിമര്‍ശിക്കുന്നവരുമുണ്ട്.
ആര് എതിര്‍ത്താലും അനുകൂലിച്ചാലും രാമലീല കാണണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഇന്നാട്ടിലെ പ്രേക്ഷകരാണ്.അതിനിടയില്‍ രാമലീലയെ തോല്‍പ്പിക്കാനാണ് അന്നുതന്നെ മഞ്ജുവാര്യരുടെ സിനിമ ഉദാഹരണം സുജാത ഇറങ്ങുന്നതെന്നു പറയുന്നവരുമുണ്ട്. സിനിമാക്കാര്‍ക്കും സിനിമാ ഭ്രാന്തുള്ളവര്ക്കുമാണ് ഇത്തരം പുകിലുകള്.അതിലൊന്നും പൊതുജനത്തിനു താല്പര്യമില്ല.അവര്‍ക്ക് സിനിമയെക്കാള്‍ വലിയ എത്രയോ കാര്യങ്ങളുണ്ട്!രാമലീല ഒരുപക്ഷേ വമ്പന്‍ ഹിറ്റായേക്കാം.എന്നാല്‍ നിയമത്തെ ജയിക്കാന്‍ രാമലീലയ്ക്കാവുമോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: