കൊച്ചി: ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യം സമീപമുള്ള പുഴയിലേക്ക് ഒഴുക്കുകയാണെന്ന പരാതിയെക്കുറിച്ച് അനേ്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. എറണാകുളം ജില്ലാ കളക്ടറും ചേരാനെല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയും അനേ്വഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.
രണ്ട് നിലകളിലായി 80 കക്കൂസുകള്‍ നിര്‍മ്മിച്ച് അതില്‍ നിന്നുള്ള മാലിന്യം സമീപമുള്ള പെരിയാര്‍ നദിയുടെ കൈവഴിയിലേക്ക് ധ്യാനകേന്ദ്രം അധികൃതര്‍ ഒഴുക്കി വിട്ടെന്നാണ് പരാതി. ജില്ലാ കളക്ടര്‍ക്കും ചേരാനെല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും പരാതികള്‍ നല്‍കിയിട്ടും ഫലമില്ല. അഞ്ച് ഏക്കര്‍ നെല്‍പ്പാടത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ ധ്യാനകേന്ദ്രം അനധികൃതമായി നിര്‍മ്മിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ധ്യാനകേന്ദ്രത്തിന്റെ കെട്ടിടങ്ങള്‍ അനധികൃതമായതിനാല്‍ കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല. പരാതികളെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയും സൂപ്രണ്ടും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനും സംഭവസ്ഥലം സന്ദര്‍ശിച്ച് ക്രമക്കേട് ബോധ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ നല്കിയ പരാതിയില്‍ പറയുന്നു.
ആക്ഷേപങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. നാട്ടുകാര്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നിശബ്ദത പാലിച്ചത് തെറ്റായ നടപടിയാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: