അര്‍ദ്ധനാരീശ്വരന്‍, പാതിശരീരം ഭാര്യയ്ക്ക് പകുത്തുനല്‍കിയ ശ്രീപരമേശ്വരന്റെ രൂപാന്തരം. ഈ രൂപാന്തരത്തെ ലിംഗസമത്വ പ്രതീകമായാണ് ഭക്തര്‍ പ്രകീര്‍ത്തിക്കുന്നത്. അതേ രൂപാന്തരം മനുഷ്യനില്‍ ആയാലോ, അവന് ആണും പെണ്ണും കെട്ടവന്. ജീവജാലങ്ങളിലെല്ലാം ആണും പെണ്ണുമുണ്ട്. ആണിനും പെണ്ണിനും ഇടയിലെവിടെയോ അകപ്പെട്ടുപോയ ചില മനുഷ്യജീവനുകളും ഭൂമിയിലുണ്ട്.
ഭിന്നലിംഗക്കാര്‍ എന്നാണ് ഇവരുടെ വിളിപ്പേര്. ജൈവശാസ്ത്രപരമായ വൈകല്യത്തിന് ഇരയാകേണ്ടി വന്നവര്‍. വിശ്വാസികളുടെ ഭാഷയില്‍ സൃഷ്ടിയില്‍ ദൈവത്തിന് പറ്റിയ ഒരു പാകപ്പിഴ. പാകപ്പിഴ ഭഗവാനോ ശാസ്ത്രത്തിനോ ആവട്ടെ, ഇതിന്റെ പേരില്‍ അവഗണനയും അവഹേളനവും ഏറ്റുവാങ്ങുന്ന ഒരു പുതുസമൂഹം സൃഷ്ടിക്കപ്പെടുകയാണ്.
രൂപാന്തരം തിരിച്ചറിയപ്പെടുമ്പോഴേ ഭിന്നലിംഗക്കാര്‍ അവഗണനയും തിരിച്ചറിഞ്ഞ് തുടങ്ങും. ആദ്യത്തെ അവഗണന സ്വന്തം വീട്ടില്‍ നിന്നാവും ഉണ്ടാവുക. ജന്മം നല്കിയ മാതാപിതാക്കളും സഹോദരങ്ങളും അവഗണിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിക്കും. കുടുംബത്തിന് നാണക്കേട് ഉണ്ടാക്കിയെന്ന പേരിലാവും ഈ അവഗണന. വീട്ടിലെ പ്രധാന ചടങ്ങുകളില്‍ നിന്നുപോലും ആട്ടിയകറ്റും. ആണും പെണ്ണുമല്ലാത്തവരോട് കൂട്ടുകാര്‍ സൗഹൃദം ഉപേക്ഷിച്ചുപോകുന്നു.
തെറ്റുകള്‍ ചെറുതെങ്കിലും അദ്ധ്യാപകരുടെ കുത്തുവാക്കുകള്‍ വലുതാവും. അച്ഛനമ്മമാരുടെ പരിലാളനം ഏറ്റുവാങ്ങേണ്ട പ്രായത്തില്‍ ദുഃഖം മനസ്സില്‍ തളംകെട്ടിനില്‍ക്കും. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സമൂഹത്തിന്റെ ഒറ്റപ്പെടുത്തലില്നിന്നും ഇവര്‍ രക്ഷനേടും.
അവഗണനയും അവഹേളനവും അതിരുകടക്കുമ്പോള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ച് ഇവര്‍ തെരുവിലിറങ്ങാന്‍ നിര്‍ബ്ബന്ധിതരാകും.
ആണും പെണ്ണുമല്ലാത്തവര്‍ക്ക് തൊഴിലുനല്കാന് തൊഴില്‍ ദാതാക്കളും തയ്യാറല്ല. ഇവരോട് സംസാരിക്കാന്‍ പോലും സമൂഹത്തിന് മടിയാണ്. ഭിന്നലിംഗക്കാര്‍ ലൈംഗിക തൊഴിലാളികളെന്ന സമൂഹത്തിന്റെ തെറ്റായ സങ്കല്പത്താല് ഇവര്‍ എവിടേയും വേട്ടയാടപ്പെടുന്നു.
കൊടിയ പീഡനങ്ങള്‍ക്കിടയിലും തന്നിലെ സ്ത്രീത്വത്തെ അല്ലെങ്കില്‍ പുരഷത്വത്തെ പുറത്തുകാട്ടാനുള്ള ത്വര ഇവര്‍ക്ക് ബാക്കിയാവും. ഇതിലേക്കുള്ള മാറ്റത്തിന് ലിംഗമാറ്റം നടത്തണം. ഇതിന് എസ്ആര്‍എസ് ശസ്ത്രക്രിയയ്ക്ക് വിധേയരാവണം. ലക്ഷങ്ങള്‍ ചിലവഴിച്ചാലേ ശസ്ത്രക്രിയ നടത്താനാവൂ. ഇതിനുള്ള പണസമ്പാദനമാകും പിന്നീട് ഇവരുടെ ലക്ഷ്യം.
അഭയമായി അഭിരാമി
പ്രതിസന്ധികളില്‍ തളര്ന്നുനില്ക്കുന്ന കോട്ടയത്തെ ഭിന്നലിംഗക്കാര്‍ക്ക് താങ്ങും തണലുമാണ് ഭിന്നലിംഗക്കാരി അഭിരാമി. സംസ്ഥാന സര്‍ക്കാരിന്റെ ലൈംഗികാരോഗ്യ പദ്ധതിയായ സുരക്ഷയിലെ ഔട്ട് റീച്ച് വര്‍ക്കറാണ് അഭിരാമി. ഒരു ജോലി എന്നതിനപ്പുറം സമൂഹം അറപ്പോടെയും വെറുപ്പോടെയും കാണുന്ന ഈ സമൂഹത്തെ സംരക്ഷിക്കണമെന്ന ചിന്തയാണുള്ളതെന്ന് അഭിരാമി പറയുന്നു.
ജില്ലയിലെ 394 ഭിന്നലിംഗക്കാരില്‍ ചെറിയ ശതമാനം മാത്രമാണ് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഭിന്നലിംഗത്വം വെളിപ്പെടുത്താതെ ഒളിഞ്ഞും മറഞ്ഞും നടക്കുന്ന സമൂഹത്തെ കണ്ടെത്തി അവരെ സ്വന്തം കാലില്‍ നില്ക്കാന് പ്രേരണ നല്‍കുകയാണ് അഭിരാമിയുടെ ലക്ഷ്യം. ഇതിനാണ് ‘സുരക്ഷ’യുടെ നടപ്പാക്കല്‍ ഏജന്‍സിയായ സമൃദ്ധിയുടെ ജീവനക്കാരിയായത്.
വില്ലേജ് ആഫീസറായ പിതാവിന്റെ മൂന്ന് ആണ്മക്കളില് ഇളയവനായിരുന്നു അഭി. ചെറുപ്പത്തിലെ തന്നെ നൃത്തം അഭ്യസിച്ച് തുടങ്ങിയ അഭിയെ ആണ്കുട്ടിയായാണ് വീട്ടുകാര്‍ വളര്‍ത്തിയത്. 12 വയസ്സായപ്പോഴേക്കും നടപ്പിലും എടുപ്പിലുമെല്ലാം അഭി സ്ത്രീയായി മാറി. ഭിന്നലിംഗത്വം മറച്ചുവച്ച് ഡിഗ്രിവരെ പഠിച്ചു.
ഈ സമയം വിദ്യാര്‍ത്ഥികള്‍ എല്ലാം മണത്തറിഞ്ഞു. പിന്നെ അവഗണനയും അവഹേളനയും. അതോടൊപ്പം ലൈംഗിക ചൂഷണത്തിനും ഇരയായി. മനസ്സ് മടുത്ത് പഠനം അവസാനിപ്പിച്ചു. ശിവപാര്‍വ്വതീ നൃത്തം അടക്കമുള്ള കലാപരിപാടികളുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് സമൃദ്ധിയുടെ ആഫീസില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞത്. തന്റെ ജീവിത ദൗത്യം നിര്‍വ്വഹിക്കാനുള്ള മാര്‍ഗ്ഗമായി അഭിരാമി ഈ തൊഴിലിനെ കയ്യും നീട്ടി സ്വീകരിച്ചു.
ആരാണ് ഭിന്നലിംഗക്കാര്‍
ന്യൂറോളജിക്കല്‍ ബ്രെയിന്‍ സര്‍ക്യൂട്ടില്‍ ഉണ്ടാകുന്ന വ്യതിയാനമോ, മാനസികവും ജൈവശാസ്ത്രപരവുമായ അവസ്ഥകളോ, ജീവിത സാഹചര്യങ്ങളോ മൂലം മനുഷ്യരില്‍ ഉണ്ടാകാവുന്ന അപൂര്‍വ്വമായ പ്രതിഭാസത്തിന് ഇരയാകേണ്ടിവരുന്നവരാണ് ഭിന്നലിംഗക്കാര്‍.
ബാല്യത്തില്‍ നിന്നു കൗമാരത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഈ മാറ്റം പ്രകടമായി കണ്ടുതുടങ്ങുന്നത്.
ജൈവശാസ്ത്രപരമായ വ്യതിയാനം അനുസരിച്ച് സ്ത്രീ പുരുഷനും പുരുഷന് സ്ത്രീയുമായി മാറുന്നു. സ്വരത്തിലും ശരീരഭാഷയിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ക്രമേണ സ്ത്രീയും പുരുഷനും അല്ലാത്ത അവസ്ഥയിലേക്ക് പരിണമിക്കും. ലൈംഗിക അവയവങ്ങള്‍ക്ക് വ്യതിയാനമുണ്ടാകാറില്ല. പക്ഷേ നടപ്പിലും എടുപ്പിലുമെല്ലാം സ്ത്രീ പുരുഷനും പുരുഷന് സ്ത്രീയുമായി മാറും. എതിര്‍ലിംഗത്തില്‍ എത്തിച്ചേരാനുള്ള മാനസിക സംഘര്‍ഷമാണ് പിന്നീട് ഇവര്‍ അനുഭവിക്കുന്നത്.
സമൂഹത്തിന്റെ അവഗണനയും അവഹേളനവും സഹിക്കവയ്യാതാകുമ്പോള്‍ പൂര്‍ണ്ണമായും മാറ്റത്തിന് പാത്രീഭവിച്ച് ജീവിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടും. ശാരീരികമായ മാറ്റങ്ങളും ആഗ്രഹിച്ച് തുടങ്ങും. ഈ ഘട്ടത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്ന മരുന്നുകളെ ആശ്രയിക്കും. ശാരീരിക മാറ്റം പരിപൂര്‍ണ്ണമായ ലിംഗമാറ്റത്തിലേക്ക് നയിക്കും. തുടര്‍ന്ന് ലൈംഗിക അവയവങ്ങളും ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കപ്പെടും.
മാതൃകയാക്കാം തിരുനങ്കൈ ഗ്രാമത്തെ
കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ നിന്നും പത്തുകിലോമീറ്റര്‍ ദൂരെയാണ് വെള്ളമഠം ഗ്രാമം. ഈ ഗ്രാമത്തിലാണ് ‘തിരുനങ്കൈ ഗ്രാമ’ങ്ങളില്‍ ഒന്ന്. നാട്ടില്‍നിന്നും വീട്ടില്‍നിന്നും ആട്ടിപ്പായിച്ച ഭിന്നലിംഗക്കാരുടെ അഭയസ്ഥാനം. ദേശഭാഷാ വ്യത്യാസമില്ലാതെ അമ്പതോളം തിരുനങ്കമാരാണ് ഇവിടെയുള്ളത്. ഇവര്‍ ഇവിടെ ലിംഗസമത്വത്തിലൂടെ ബന്ധുബലം കണ്ടെത്തുന്നു. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ഉപജീവനവും.
ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക നയപ്രഖ്യാപനം ഒന്നും നടത്തിയില്ലെങ്കിലും ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തമിഴ്നാട് കാട്ടിയ മാര്‍ഗ്ഗം കേരളത്തിനും മാതൃകയാണ്. സത്രീപുരുഷന്മാര്ക്കൊപ്പം പുതുസമൂഹത്തിനും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കി അംഗീകരിച്ചു. പിന്നീട് വോട്ടര്‍ ഐഡിയും ആധാറും റേഷന്‍കാര്‍ഡും നല്കി.
ഒരാള്‍ക്ക് ഒന്നര സെന്റുവീതം ഭൂമി പതിച്ചുനല്‍കി. ഈ ഭൂമിയില്‍ വീട് നിര്‍മ്മിച്ചു നല്കി. സൗജന്യ റേഷനും അനുവദിച്ചു. മാസത്തില്‍ ആയിരം രൂപ പെന്‍ഷനായി നല്കിവരുന്നു. സ്വന്തം സ്വത്വത്തിന് അംഗീകാരം ലഭിച്ച സന്തോഷത്തില്‍ സംതൃപ്ത ജീവിതമാണ് ഇവിടെ ഇവര്‍ നയിക്കുന്നത്.
വ്യാജന്മാര് വിലസുന്നു
ഭിന്നലിംഗക്കാരിലും വ്യാജന്മാരുണ്ട്. യഥാര്‍ത്ഥ ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിനും വ്യക്തിഹത്യയ്ക്കും പിന്നിലെ പ്രധാനകാരണവും വ്യാജന്മാരാണ്. ക്രോസ്സ് ഡ്രെസ്സര്മാരാണ് (സ്ത്രീ വേഷം ധരിച്ച് ഇറങ്ങുന്ന പുരുഷന്, മറിച്ചും) ഭിന്നലിംഗക്കാരുടെ പേരില്‍ തെരുവുകള്‍ കൈയടക്കുന്നതെന്ന് കൊച്ചിയില്‍ കണ്ടെത്തിയിരുന്നു. അണിഞ്ഞൊരുങ്ങി കൂട്ടമായി നഗരവീഥികള്‍ പിടിച്ചടക്കുന്ന ഇക്കൂട്ടര്‍ യഥാര്‍ത്ഥ ഭിന്നലിംഗക്കാരല്ല.
രാത്രികാല വഴിയാത്രക്കാരെ ഉപദ്രവിച്ച് പണവും വിലപ്പെട്ട വസ്തുക്കളും തട്ടിയെടുക്കുന്നത് ഇവിടെ നിത്യസംഭവമാണ്. ലൈംഗിക ചേഷ്ടകളുമായി അടുത്തെത്തുന്ന ഇവരുടെ ലക്ഷ്യം പിടിച്ചുപറി മാത്രമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. )പകല്‍ സമയങ്ങളില്‍ നഗരത്തിലെ ലോഡ്ജുകളില്‍ തമ്പടിക്കുന്ന വ്യാജന്മാരാണ് രാത്രികാലങ്ങളില്‍ ‘ഇര’ തേടിയിറങ്ങുന്നത്. ലൈംഗിക തൊഴിലാളികളെ പോലെ ആളുകളോട് അടുക്കാന്‍ ശ്രമിക്കുന്ന ഈ വ്യാജ ഭിന്നലിംഗക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്.
നയം, പ്രഖ്യാപനത്തില്‍ മാത്രം
രാജ്യത്ത് ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നരകതുല്യമാണ് ഇവിടെ ഇവരുടെ ജീവിതം. 2015-ല്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസിക്ക് അംഗീകാരം കിട്ടി. സ്ത്രീക്കും പുരുഷനും തുല്യമായി ഭിന്നലിംഗക്കാര്‍ക്കും മൂന്നാംലിംഗ പദവി ലഭിച്ചു.
നയപ്രകാരം അപേക്ഷകളില്‍ ട്രാന്‍സ്ജെന്‍ഡറിന് പ്രത്യേക കോളം അനുവദിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ഭിന്നലിംഗ ക്ഷേമബോര്‍ഡ് രൂപീകരിക്കാനും സൗജന്യ നിയമ സംരക്ഷണത്തിനും തീരുമാനമായി. ഈ നിയമം ഇപ്പോഴും കടലാസില്‍ ഒതുങ്ങുന്നു.
ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം അവഗണനയും അവഹേളനവുമാണ്. പക്ഷേ ഇതിനെതിരെ നിയമനടപടിക്കുള്ള വകുപ്പുകളില്ലെന്ന പോരായ്മ ട്രാന്‍സ്ജെന്‍ഡര്‍ നയത്തിലുണ്ട്. ഭിന്നലിംഗക്കാര്‍ വിവാഹിതരായാല്‍ സ്വത്തിന്റെ അനന്തരാവകാശികളെ സംബന്ധിച്ച കാര്യങ്ങള്‍ ഈ നയത്തില്‍ വ്യക്തതയില്ല. ഭിന്നലിംഗക്കാര്‍ക്ക് ഒരു ജനപ്രതിനിധി ഉണ്ടാവാനുള്ള സാഹചര്യവും നിയമത്തില്‍ പറയുന്നില്ല.
നയപ്രഖ്യാനത്തില്‍ ആനുകൂല്യങ്ങള്‍ അക്കമിട്ട് പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ജോലി നല്‍കില്ലെന്ന വാശിയിലാണ് സമൂഹം. 3000-ല്‍പരം ഭിന്നലിംഗക്കാര്‍ കേരളത്തില്‍ ഉണ്ടെന്നാണ് 2011-ലെ സെന്‍സസ് കണക്ക്. ഇതില്‍ ന്യൂനപക്ഷം മാത്രമാണ് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ സമൂഹം ഒന്നടങ്കം ഇവരെ ലൈംഗിക തൊഴിലാളികളായി കാണുന്നു.
വ്യക്തിത്വം മറച്ചുവച്ച് ജോലി ചെയ്യേണ്ട ഗതികേടുമുണ്ട്. മറ്റുള്ളവരില്‍ നിന്നും മോശം സമീപനമാണ് ഇവര്‍ നേരിടുന്നത്. ഷെഡ്ഡുകളിലും നാലാംകിട ലോഡ്ജുകളിലുമാണ് അഭയം തേടുന്നത്. സ്ത്രീ രൂപത്തിലേക്ക് മാറാന്‍ മാത്രമല്ല, സ്ത്രീകള്‍ ആഗ്രഹിക്കുന്ന സുരക്ഷ ഇവര്‍ക്കും വേണം. വനിതകളുടെയോ പുരുഷന്മാരുടെയോ ഹോസ്റ്റലുകളില്‍ ഇവരെ പ്രവേശിപ്പിക്കാറില്ല.
ജില്ലകള്‍ തോറും ഒരു ഹോസ്റ്റലെങ്കിലും ഇവര്‍ക്കായി ആരംഭിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. പലരും തുടര്‍വിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള സാഹചര്യങ്ങളും കുറവ്.
നയരൂപീകരണത്തിന്റെ ഭാഗമായി നടന്ന പഠനപ്രകാരം 51% ഭിന്നലിംഗക്കാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു. തൊഴില്‍ നിഷേധിക്കപ്പെടുന്നവരുടെ നിരക്ക് 100 ശതമാനമാണ്.
54%-ന് മാസവരുമാനം 5000 രൂപയില്‍ താഴെമാത്രം. 11.6 ശതമാനത്തിന് മാത്രമേ സ്ഥിരവരുമാനമുള്ളു. 70.3% പേര് പോലീസിനെ സമീപിക്കാന്‍ ഭയക്കുന്നു. 89% തൊഴിലിടങ്ങളില്‍ അപമാനിക്കപ്പെടുന്നു. പങ്കാളികളാല്‍ തന്നെ 28% ബലാല്‍സംഗത്തിന് ഇരയാകുന്നു.
സമൂഹം ഒറ്റപ്പെടുത്തുമോ എന്ന ഭയംമൂലം ഭിന്നലിംഗ വ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കുന്നവര്‍ 78 ശതമാനമാണ്. 51% പേരും വീടുകളില്‍ ഭിന്നലിംഗ വ്യക്തിത്വം ഒളിച്ചുവയ്ക്കുന്നു. 81% ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ തങ്ങളുടെ വ്യക്തിത്വം മാറ്റാന്‍ ആഗ്രഹിക്കുന്നു. 91% ഭിന്നലിംഗക്കാരും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകാത്തവരാണ്. 41% ഭിന്നലിംഗക്കാര്‍ സമൂഹം തങ്ങളെ അംഗീകരിക്കില്ല എന്ന ധാരണയില്‍ തന്നെ ജീവിക്കുന്നവരാണ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളാണിത്.
‘സുരക്ഷ’യിലും സുരക്ഷയില്ല
കേരളത്തിലെ ഭിന്നലിംഗക്കാര്‍ തലചായ്ക്കാന്‍ ഇടം കണ്ടെത്തുന്നത് സര്‍ക്കാര്‍ സംരംഭമായ സുരക്ഷാ ആഫീസുകളിലാണ്. സര്‍ക്കാരിന്റെ ലൈംഗികാരോഗ്യ പദ്ധതിയുടെ ഭാഗമാണ് സുരക്ഷാ പദ്ധതി. അഭയസ്ഥാനമില്ലാതെ അലയുമ്പോള്‍ കയറിക്കിടക്കാന്‍ ആശ്രയകേന്ദ്രമായാണ് ഇവര്‍ ഇതിനെ കാണുന്നത്. ഇവിടെ എത്തുന്നതിന്റെ പേരില്‍ ലൈംഗിക തൊഴിലാളികള്‍ എന്ന ആക്ഷേപവും സഹിക്കേണ്ടിവരുന്നുണ്ട്.
പക്ഷേ രാത്രികാലങ്ങളില്‍ ‘സുരക്ഷ’യിലും ഇവര്‍ക്ക് സുരക്ഷയില്ല. അഞ്ച് മണിവരെയാണ് ആഫീസിന്റെ പ്രവര്‍ത്തനം. ഇത് കഴിഞ്ഞാല്‍ ആഫീസ് വിട്ടിറങ്ങണം. പിന്നീട് പൊതുനിരത്തുകളിലാണ് ഇവരുടെ അന്തിയുറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: