കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളും ട്രാക്കുകളും ക്ലീനാക്കാന് കുടുംബശ്രീയെത്തുന്നു. ആദ്യഘട്ടത്തില്‍ എറണാകുളം സൗത്ത് സ്റ്റേഷനാണ് കുടുംബശ്രീയെ ഏല്‍പ്പിച്ചത്. 40 ദിവസത്തേക്കാണ് ആദ്യ കരാര്‍. റെയില്‍വേ ആരോഗ്യ വിഭാഗത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.
കുടുംബശ്രീയുടെ കീഴിലെ സ്വയം സഹായ സംഘത്തിലെ 18 വനിതകളും ഒരു സൂപ്പര്‍വൈസറുമാണ് ക്ലീനിംഗിന് നേതൃത്വം നല്‍കുന്നത്. ആറ് പ്ലാറ്റ്ഫോമുകളും, ട്രാക്കുകളുമാണ് സൗത്ത് സ്റ്റേഷനിലുള്ളത്. കരാര്‍ ഏറ്റെടുക്കാന്‍ ആരുമെത്താതിരുന്നതിനെ തുടര്‍ന്നാണ് കുടുംബശ്രീ രംഗത്തെത്തിയത്. പരീക്ഷണത്തിന് മികച്ച പ്രതികരണം ലഭിച്ചാല്‍ തിരുവനന്തപുരം ഡിവിഷന് കീഴിലെ മറ്റ് പ്രധാന സ്റ്റേഷനുകളുടെ ക്ലീനിംഗും കുടുംബശ്രീക്ക് നല്കാന് ആലോചിക്കുന്നുണ്ട്.
നിലവില്‍ തിരുവനന്തപുരം ഡിവിഷന് കീഴിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും പാര്‍ക്കിംഗ് ചുമതല കുടുംബശ്രീക്കാണ്. പാറശ്ശാല മുതല്‍ തൃശൂര്‍ വരെയുള്ള സ്റ്റേഷനുകളിലെ പാര്‍ക്കിംഗിനാണ് കുടുംബശ്രീ മേല്‍നോട്ടം വഹിക്കുന്നത്.
60 കോടിക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള പ്രധാന സ്റ്റേഷനുകളില്‍ വരുമാനത്തില്‍ 50 ശതമാനമാണ് കുടുംബശ്രീക്ക് നല്‍കുന്നത്. 60 കോടിക്ക് താഴെ വരുമാനമുള്ള മറ്റ് സ്റ്റേഷനുകളില്‍ വിഹിതം 60 ശതമാനമാണ്. കണക്കുകള്‍ പരിശോധിച്ച ശേഷം വലിയ രീതിയില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ള സ്റ്റേഷനുകളുടെ വിഹിതം പുനഃപരിശോധിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
കുടുംബശ്രീയെ പാര്‍ക്കിംഗ് ഏല്‍പ്പിച്ച ശേഷം വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് തിരുവനന്തപുരം സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ വി.സി. സുധീഷ് പറഞ്ഞു. ഇതിന് പുറമേ കുടുംബശ്രീക്ക് നല്കാന് കഴിയുന്ന കരാര്‍ ജോലികളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ ബോര്‍ഡിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: