കൊല്ലം: തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ നവവരന് ഉള്‍പ്പടെ ഒരു കുടുബത്തിലെ നാലുപേര്‍ മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം ആസാദ് നഗര്‍ 30 അല്‍ മിനയില്‍ പരേതനായ അബ്ദുല്‍ മജീദിന്റെ ഭാര്യ നൂര്ജഹാന് (67), മകള്‍ സജീനാ ഫിറോസ് (50), ഇവരുടെ മകള്‍ ഖദീജ (19), മറ്റൊരു മകളായ ഫാത്തിമയുടെ മകന് കുവൈറ്റില്‍ എഞ്ചിനിയറായ സജീദ് സലിം (28) എന്നിവരാണ് മരിച്ചത്. സജീദിന്റെ ഭാര്യ ഫാത്തിമ (20), സഹോദരി ഐഷ (20) എന്നിവരെ പരിക്കുകളോടെ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ ഐഷയുടെ കണ്ണിന്റെ ചികില്‍സക്കായി മധുരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോകവെയായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെയാണ് സ്വന്തം കാറില്‍ ഇവര്‍ പള്ളിമുക്കിലെ വീട്ടില്‍ നിന്നും മധുരയിലേക്ക് പോയത്.
മൂന്നു പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഉശിലാംപെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഇന്നു പുലര്‍ച്ചെ മൃതദേഹങ്ങള്‍ കൊല്ലൂര്‍വിളയിലെ വീട്ടില്‍ എത്തിക്കും.
തുടര്‍ന്ന് സജീദ് സലിം ഒഴികെയുള്ളവരുടെ മൃതദേഹങ്ങള്‍ കൊല്ലൂര്‍വിള മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനിലും സജീദ് സലീമിന്റെ മൃതദേഹം കരുനാഗപ്പള്ളി വട്ടപ്പറമ്പ് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലുമായി ഖബറടക്കും. ഇക്കഴിഞ്ഞ ജൂലൈ 30നായിരുന്നു സജീദ് സലിം വിവാഹിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: