മഞ്ചേരി: വിളയില്‍ പറപ്പൂരിലെ ചടമുണ്ട കാവുകള്‍ ജൈവ സമ്പത്തിന്റെ കലവറയായി പരിലസിക്കുന്നു. ഇടതൂര്‍ന്ന് നില്ക്കുന്ന കൂറ്റന്‍ വൃക്ഷങ്ങളും അപൂര്‍വ്വയിനം ഔഷധച്ചെടികളും വിവിധതരം പക്ഷികളുമാണ് ഈ കാവിനെ ജൈവസമ്പുഷ്ടമാക്കുന്നത്. രണ്ടര ഏക്കര്‍ വിസ്തൃതിയിലുള്ള കാവിന് തൊട്ടടുത്ത് ദേവീ ക്ഷേത്രവുമുണ്ട്. മതില്‍ക്കെട്ടില്ലാത്ത ക്ഷേത്രത്തിലേക്ക് ജാതിഭേദമെന്യേ ആര്‍ക്കും പ്രവേശിക്കാം. എന്നാല്‍ കാവിന്റെ തനിമ നിലനിര്‍ത്താന്‍ നിശ്ചിത ദൂരത്തിനപ്പുറം ആരും പ്രവേശിക്കാറില്ല.
കാലങ്ങള്‍ക്കു മുമ്പു തന്നെ കാവില്‍ പ്രവേശിക്കുന്നത് സമൂഹം നിഷിദ്ധമായി കണ്ടിരുന്നു. ഇതാണ് കാവ് തീണ്ടല്ലേ… എന്ന മുത്തശ്ശിമാരുടെ മുന്നറിയിപ്പിന് നിദാനം. കര്‍ഷകനും കാലത്തിനും കാവലായി നിലകൊള്ളുകയാണ് കാവുകളുടെ ധര്‍മ്മം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പൗരാണികമായ അറിവിന്റെ ബാക്കിപത്രമായി പല കാവുകളും ഇന്നും അവശേഷിക്കുന്നു. പ്രകൃതിലോല പ്രദേശത്തെ കാത്തു സൂക്ഷിക്കാനുള്ള പഴമക്കാരുടെ ജാഗ്രതയും അറിവും ഇതില്‍ സുവ്യക്തമാണ്. ഈ നാട്ടറിവിനെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് ചടമുണ്ടയില് കാവ് നിലനില്‍ക്കുന്നത്.
മരങ്ങളും അവയെ ചുറ്റിപ്പടരുന്ന വള്ളിപ്പടര്‍പ്പുകളും ഇവിടെ സുരക്ഷിതമാണ്. കാവില്‍നിന്നും ഒരിലപോലും എടുത്തുമാറ്റരുതെന്നാണ് വിശ്വാസം. വന്മരങ്ങള് നിലതെറ്റിവീണാലും കാടിനുള്ളില്‍തന്നെ കിടക്കും. ഇവിടെ കരിയില കത്തിച്ചുകളയാനുള്ളതല്ല. മണ്ണില്‍ അലിഞ്ഞുചേര്‍ന്ന് മരങ്ങള്‍ക്കും വളളിപ്പടര്‍പ്പുകള്‍ക്കും വളമാകാനുള്ളതാണ്. ഇങ്ങനെ പ്രകൃതിയെ കാക്കുന്നതാണ് ചടമുണ്ടയിലെ പൂര്‍വാചാരം. തലമുറകളായി കൈമാറുന്ന ഈ പാരമ്പര്യം പുതുതലമുറയും പാലിക്കുന്നു. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തിയാണ് ചടമുണ്ടയിലെ ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: