വിഴിഞ്ഞം: അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരിനു വിളിപ്പാടകലെ അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തു. കോളിയൂര്‍ ജംഗ്ഷന് സമീപം റോഡരികില്‍ സ്ഥാപിച്ചിരുന്ന പൂര്‍ണ്ണകായ പ്രതിമയുടെ വലതു കയ്യും ഊന്നുവടിയുമാണ് നശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു.
അഞ്ചു വര്‍ഷം മുന്‍പാണ് സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ പ്രതിമ സ്ഥാപിച്ചത്. തകര്‍ക്കപ്പെട്ട ഭാഗങ്ങള്‍ പ്രതിമയുടെ സമീപത്തു നിന്നു കണ്ടെത്തി. സമീപത്തുണ്ടായിരുന്ന കൊടിമരത്തിന്റെ ഇരുമ്പ് പൈപ്പ് വളയ്ക്കുകയും ചെയ്തിട്ടുണ്ട്. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി അലങ്കരിച്ചിരുന്ന കൊടിതോരണങ്ങളും നശിപ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നതായി കരുതുന്നതെന്ന് തിരുവല്ലം പോലിസ് പറഞ്ഞു.
പ്രദേശത്തുള്ളവര്‍ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണു സംശയം. പ്രദേശത്ത് മനഃപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ചില രാഷ്ട്രീയ സംഘടനകളുടെ പങ്കും അധികാരികള്‍ തള്ളിക്കളയുന്നില്ല. സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മിഷണര്‍, ഫോര്‍ട്ട് എസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. പോലിസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു.
നേമം എംഎല്‍എ ഒ.രാജഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍, മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വൈകുന്നേരം നടന്ന സര്‍വകക്ഷി പ്രതിഷേധയോഗം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂങ്കുളം സതീഷ്, ദീപു രാജ്, ചെറുവയ്ക്കല്‍ അര്ജുന്, കോളിയൂര്‍ ഗോപി, സെലീന പ്രക്കാനം, വണ്ടിത്തടം മധു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: