ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിന് വിധേയരായ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് ഹരിപ്പാട് കണ്ടല്ലൂര്‍ പുതിയവിള രാധേയത്തില്‍ പി.എന്‍. കൃഷ്ണ(63)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11നുശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശ്രീവത്സം ഗ്രൂപ്പിന്റെ ചെയര്മാന് എം.കെ.ആര്. പിള്ളയുടെ അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് രാധാമണിയുടെയും ഭര്‍ത്താവിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ തുടരുന്നതിനിടെയാണ് കൃഷ്ണന്റെ മരണം. ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മരണസമയത്ത് വീട്ടിലില്ലായിരുന്ന രാധാമണി കൊച്ചിയിലുണ്ടെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. ശ്രീത്സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഏറെ വിവരങ്ങള്‍ അറിയാവുന്ന ആളാണ് കൃഷ്ണന്. ഭര്‍ത്താവിന്റെ മരണം അറിഞ്ഞിട്ടും രാധാമണി ഹരിപ്പാട് നിന്ന് അപ്രത്യക്ഷയായതാണ് പോലീസിന് സംശയത്തിനിടനല്‍കുന്നത്. രാധാമണിയെ രാത്രിയില്‍ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിട്ടതായി ഡ്രൈവര്‍ ബന്ധുക്കളോട് പറഞ്ഞു. ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് വന്നതെന്നാണ് രാധാമണി വിശദീകരിച്ചതെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഭാര്യയും ഭര്‍ത്താവുമായി കഴിഞ്ഞദിവസം വഴക്കുണ്ടായതായും മൊഴി ലഭിച്ചിട്ടുണ്ട്. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കൃഷ്ണന് മരിക്കുന്നതിന് തൊട്ടുമുമ്പ് ബന്ധുക്കളില്‍ ചിലരെ വിളിച്ച് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംസ്കാരം പിന്നീട്. മക്കള്‍: ഇന്ദുമോള്, ആകാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: